• 20 Sep 2021
  • 05: 03 PM
Latest News arrow

രാജിവെയ്ക്കാന്‍ തയ്യാറായി കെ സുരേന്ദ്രന്‍; 'ബിജെപിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല'

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടെന്നത് മാത്രമല്ല വോട്ടിലും വലിയ ഇടിവുണ്ടായി. കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് സാമ്പത്തികം അടക്കം എല്ലാ കാര്യത്തിലും വലിയ പിന്തുണയുണ്ടായിട്ടും അവര്‍ കരുതിയത് പോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാന ബിജെപിയ്ക്ക് കഴിഞ്ഞില്ല. 

ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുണ്ടായിരുന്നത് ഒരു പരാജിതന്റെ ശരീര ഭാഷയായിരുന്നു. എല്ലാ തെറ്റുകളും തന്റേത് മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതിന് ശേഷം രാത്രിയില്‍ അദ്ദേഹം കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നു.

വലിയ പ്രതിഷേധം സുരേന്ദ്രനെതിരെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. രണ്ടിടത്ത് മത്സരിക്കാന്‍ പോയതുമുതല്‍ സുരേന്ദ്രന് പിഴച്ചുവെന്നാണ് എല്ലാവരും പറയുന്നത്. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളും ശക്തമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഏകോപനപരമായ ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ട് തന്നെ സുരേന്ദ്രനെതിരെ മിക്ക നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കുഴല്‍പ്പണ ഇടപാട് ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ വരുന്ന സാഹചര്യവുമുണ്ട്. 

എങ്കിലും കെ സുരേന്ദ്രന്റെ രാജി കേന്ദ്ര നേതൃത്വം സ്വീകരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് പക്ഷേ, ബിജെപിയിലെ പ്രശ്‌നങ്ങള്‍ തീരുകയുമില്ല. വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങളും പൊട്ടിത്തെറികളും ബിജെപിയില്‍ ഉണ്ടായേക്കും.