• 20 Sep 2021
  • 04: 01 PM
Latest News arrow

സംവരണ പരിധി ലംഘിച്ചു; മറാത്ത സമുദായത്തിന് നല്‍കിയ സംവരണം സുപ്രീംകോടതി റദ്ദാക്കി

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സമുദായത്തിനായി 2018 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണം സുപ്രീം കോടതി റദ്ദാക്കി. നേരത്തെ ചുമത്തിയ 50 ശതമാനത്തിന്റെ പരിധി കവിഞ്ഞതുകൊണ്ടാണിത്. കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് 16 ശതമാനം സംവരണം കൊണ്ടുവന്നത്. ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് സംവരണം സമത്വം ലംഘിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.  ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയതാണ് ബെഞ്ച്.

പാര്‍ലമെന്റിന്റെ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ജാതിയെയും സാമൂഹിക-സാമ്പത്തിക പിന്നാക്ക ജാതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാതികളെ കണ്ടെത്തി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശിക്കാന്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കഴിയുകയുള്ളൂ. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ നയിക്കുന്ന എസ്ഇബിസി പട്ടികയില്‍ രാഷ്ട്രപതിക്ക് മാത്രമേ ജാതികളെ ചേര്‍ക്കാനാകൂവെന്നും കോടതി പറഞ്ഞു. 

എന്നിരുന്നാലും, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള എല്ലാ പ്രവേശനങ്ങളെയും പുതിയ ക്വാട്ട നിയമപ്രകാരം ഇതിനോടകം നടത്തിക്കഴിഞ്ഞ നിയമനങ്ങളെയും ഇന്നത്തെ വിധിന്യായം ബാധിക്കില്ല. 1992 ലെ മണ്ഡല്‍ വിധിന്യായത്തില്‍ സുപ്രീംകോടതി ചുമത്തിയ സംവരണത്തിന്റെ 50 ശതമാനം പരിധി പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം മറാത്ത സമൂഹത്തെ സ്ഥിരമായ ഊന്നുവടി നല്‍കുമെന്ന വാദം പരിഗണിച്ച് ബോംബെ ഹൈക്കോടതി 2019ല്‍  ക്വാട്ട ശരിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഈ വിധി സ്‌റ്റേ ചെയ്തു. ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്തെ മൊത്തം സംവരണം 50 ശതമാനം കവിഞ്ഞതായും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാനങ്ങള്‍ക്ക് സംവരണം അനുവദിക്കാമെന്നും തീരുമാനം ഭരണഘടനാപരമാണെന്നും മറാത്ത ക്വാട്ടയെ അനുകൂലിച്ചുകൊണ്ട് കേന്ദ്രവും വാദിച്ചിരുന്നു.