''ഒരു സ്ത്രീയ്ക്ക് റെയില്‍റോഡ് ജീവനക്കാരിയാകാമെങ്കില് എന്തുകൊണ്ട് ബഹിരാകാശത്തേയ്ക്ക് പറന്നുകൂടാ''

ആദ്യമായി ഒരു വനിത ബഹിരാകാശ യാത്ര നടത്തിയ ദിവസമാണ് ഇന്ന്- ജൂണ്‍ 16. റഷ്യക്കാരിയായ വാലന്റീന തെരഷ്കോവ റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തില്‍ 'സീഗല്‍' എന്ന കോഡ് നാമത്തില്‍ ബഹിരാകാശ യാത്ര നടത്തിയത് 1963 ജൂണ്‍ 16-നാണ്.
1937 മാര്‍ച്ച് 6ന് മസ്ലെനിക്കോവോ എന്ന ഗ്രാമത്തിലാണ് തെരഷ്കോവ ജനിച്ചത്. മൂന്ന് കുട്ടികളില്‍ രണ്ടാമത്തെയാളായിരുന്നു തെരഷ്കോവ. അവളുടെ പിതാവ് ഒരു ട്രാക്ടര്‍ ഡ്രൈവറും അമ്മ തുണി വ്യവസായ തൊഴിലാളിയുമായിരുന്നു. സ്കൂള്‍ പഠനത്തിന് ശേഷം തെരഷ്കോവ ഒരു ടയര്‍ ഫാക്ടറിയില്‍ ജോലിയ്ക്ക് കയറി. ശേഷം എഞ്ചിനിയറിങ്ങ് പഠനത്തിന് ചേര്‍ന്നു. ഒപ്പം തന്നെ പാരച്യൂട്ട് പരിശീലനവും നേടുന്നുണ്ടായിരുന്നു. പിന്നീട് ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ജോലിക്ക് കയറി.
പാരച്യൂട്ടിലുള്ള അവളുടെ കഴിവാഴ് ബഹിരാകാശത്തേയ്ക്കുള്ള യാത്രയുടെ വാതില്‍ തുറന്നത്. ബഹിരാകാശ സഞ്ചാര പദ്ധതിയിലേക്ക് അവള് തെരഞ്ഞെടുക്കപ്പെട്ടതും അങ്ങിനെയാണ്.
സോവിയറ്റ് യൂണിയനെ അന്ന് നയിച്ചിരുന്ന നികിത ക്രൂഷ്ചേവിന്റെ നിര്‍ദേശപ്രകാരം നാല് വനിതകളെ പ്രത്യേക വനിതാ ബഹിരാകാശ പ്രോഗ്രാമിലേക്ക് പരിശീലിപ്പിക്കാന്‍ തെരഞ്ഞെടുത്തു. നീണ്ട മാസങ്ങളുടെ പരിശീലനമായിരുന്നു പിന്നീട്. അന്ന് തെരഞ്ഞെടുത്ത നാല് സ്ത്രീകളില്‍ വാലന്റീന തെരഷ്കോവ മാത്രമാണ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയത്.
1963 ജൂണ്‍ 16ന് തെരഷ്കോവ ബഹിരാകാശത്ത് പറക്കുന്ന ആദ്യ വനിതയായി. 70.8 മണിക്കൂര്‍ വൊസ്തോക് 6 ഭൂമിയുടെ 48 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കി. ദൗത്യം പൂര്‍ത്തിയായപ്പോള്‍, തെരഷ്കോവയ്ക്ക് സോവിയറ്റ് യൂണിയന്റെ 'ഹീറോ' പദവി നല്കി ആദരിച്ചു. പിന്നീടൊരിക്കലും അവള് ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്തില്ല. പക്ഷേ, അവള് സോവിയറ്റ് യൂണിയന്റെ വക്താവായി. ഇതേ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള സ്വര്‍ണ മെഡലും അവളെ തേടിയെത്തി.
1963 നവംബര്‍ മൂന്നിന് തെരഷ്കോവ ബഹിരാകാശ യാത്രികനായ ആന്‍ഡ്രിയന്‍ നിക്കൊലായേവിനെ വിവാഹം കഴിച്ചു. അവരുടെ ഒരേയൊരു മകള്‍ തിരിഞ്ഞത് മെഡിക്കല്‍ രംഗത്തേയ്ക്കാണ്. തെരഷ്കോവയും നിക്കൊലായേവും പിന്നീട് വിവാഹമോചിതരായി. 1982ല്‍ തെരഷ്കോവ ശസ്ത്രക്രിയാ വിദഗ്ധനായ യൂലി ഷാപോഷ്നികോവിനെ വിവാഹം കഴിച്ചു.
സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയി തെരഷ്കോവ. ശേഷം പീപ്പിള്‍സ് ഡെപ്യൂട്ടിയും. സുപ്രീം സോവിയറ്റ് പ്രെസിഡിയത്തിലെ അംഗം കൂടിയായ അവര്‍ പിന്നീട് സോവിയറ്റ് വിമന്‍സ് കമ്മിറ്റിയുടെ തലവനായി. ഇന്റര്‍നാഷ്ണല്‍ കള്‍ച്ചറല്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് യൂണിയന്റെ തലവനും പിന്നീട് റഷ്യന്‍ അസോസിയേഷന് ഓഫ് ഇന്റര്‍നാഷ്ണല്‍ കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണുമായിരുന്നു.
തെരഷ്കോവയുടെ ജീവിതവും ബഹിരാകാശ യാത്രയും അടിസ്ഥാനമാക്കി എല്ലാ മേഖലകളില്‍ നിന്നും ആദരവെത്തി. പുസ്തകങ്ങള്‍ മുതല്‍ മ്യൂസിയം വരെ ആ യാത്രകളെ കുറിച്ച് പറഞ്ഞു. ഇന്നും ലോകം ആദ്യമായി ബഹിരാകാശത്തേയ്ക്ക് ഒരു സ്ത്രീ നടത്തിയ യാത്രയ്ക്ക് കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കുന്നു.