• 20 Sep 2021
  • 03: 56 PM
Latest News arrow

അഞ്ച് സ്ത്രീകളെ കൊന്ന് നഗ്നരാക്കി കൃഷിയിടത്തില്‍ കുഴിച്ചുമൂടി: നടുക്കുന്ന സംഭവം മധ്യപ്രദേശില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൃഷിയിടത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ച് പേരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹങ്ങള്‍ എല്ലാം നഗ്നമാക്കിയ നിലയിലാണ്. ഒരു മാസം മുമ്പാണ് ഇവരെ കാണാതായത്. 

മമത (45), മക്കളായ രൂപാലി (21), ദിവ്യ (14) ഇവരുടെ ബന്ധുക്കളായ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ് 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. രൂപാലിയുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുത് എന്ന യുവാവും സംഘവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

കൃഷിയിടത്തില്‍ പത്തടി താഴ്ചയില്‍ കുഴിയെടുത്തു. ശേഷം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ മാറ്റി. തുടര്‍ന്ന് ഇത് കത്തിച്ചുകളഞ്ഞു. പിന്നീട് മൃതദേഹങ്ങള്‍ വേഗം അഴുകാന്‍ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ഇനിയും ആളുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവെച്ചത്. 

സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ യുവതി പ്രശ്‌നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരെ മാറി മാറി ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.