• 01 Jun 2023
  • 06: 56 PM
Latest News arrow

ആനി ശിവയെ സികെ ആശ എംഎല്‍എ ഓഫീസില്‍ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചുവെന്ന് ആരോപണം; പ്രതികരിക്കാനില്ലെന്ന് ആനി

കോട്ടയം: പ്രതിസന്ധികളെ തരണം ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് സികെ ആശ എംഎല്‍എ ഓഫീസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. പ്രചാരണം തെറ്റാണെന്ന് സികെ ആശയും സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്‌ഐ ആനി ശിവയും പറഞ്ഞു. ബിജെപി നേതാവ് രേണു സുരേഷാണ് ഇതേപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്.

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാന്‍ കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്ന് കേള്‍ക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം.

സികെ ആശ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്....

''നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ദിവസം രാത്രിയാണ് സംഭവം. എന്‍സിസി യൂണിഫോമില്‍ ഒരാള്‍ തനിച്ച് നടന്ന് വരുന്നത് കണ്ട് എവിടെ പോവുകയാണെന്ന് കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിയ്ക്ക് പോവുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്‍സിസി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്ന് ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്ന് പറഞ്ഞു. പൊലീസുകാര്‍ക്ക് പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോട് തിരികെ ചോദിച്ചു. മൂന്ന് വട്ടം ചോദിച്ചപ്പോഴാണ് പേര് പറഞ്ഞത്. എന്നെ മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിയ്ക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്. ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎല്‍എ ആണെന്ന് മനസ്സിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ ആയിരുന്നു. അതിനാലാണ് അങ്ങിനെ സംഭവിച്ചത് എന്നാണ് അവര്‍ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്.' 

എന്നാല്‍ ''ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല'' എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.