• 20 Sep 2021
  • 04: 00 PM
Latest News arrow

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞ് ആകാശ് തില്ലങ്കേരി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധങ്ങള്‍ അറിഞ്ഞത് അവസാന ഘട്ടത്തിലാണെന്നും പാര്‍ട്ടിക്കാരന്‍ എന്ന സൗഹൃദമാണ് അര്‍ജുന്‍ ആയങ്കിയുമായി ഉള്ളതെന്നുമാണ് ആകാശിന്റെ മൊഴി. തന്റെ പേര് ഉപയോഗപ്പെടുത്തി അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അര്‍ജുന്‍ പിടിയിലായതിന് ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണ്ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തില്ലങ്കേരിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

ആകാശ് തില്ലങ്കേരിയെ 12 മണിക്കൂര്‍ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 11 മണി വരെ നീണ്ടു. അര്‍ജുന്‍ ആയങ്കിയുടെയും ടിപി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിയ്ക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്. ഇതിന്റെ വിശദാംശങ്ങളാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് ചോദിച്ചറിഞ്ഞത്. ആകാശിന്റെ മൊഴിയും ഫോണ്‍ കോള്‍ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ടിപി കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.