• 20 Sep 2021
  • 03: 53 PM
Latest News arrow

എകെ ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് തന്നെ മന്ത്രി എകെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പീഡനപ്പരാതി 'നല്ല നിലയില്‍' ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. 

സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കേസെടുക്കാന്‍ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ശശീന്ദ്രന്‍ ചെയ്തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണ്. എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി പാര്‍ട്ടിക്കാര്യമെന്ന നിലയിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം. ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനിടെ സഭയ്ക്ക് പുറത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എകെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്‌സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേയ്ക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.