• 20 Sep 2021
  • 04: 41 PM
Latest News arrow

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസന്വേഷണം കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കും.

കേസില്‍ മുഖ്യപ്രതികളുള്‍പ്പെടെ മൂന്ന് പേര്‍ സിപിഎം അംഗങ്ങളാണ്. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടിആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സികെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടിആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരില്‍ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.