• 20 Sep 2021
  • 04: 15 PM
Latest News arrow

അനന്യയുടെ പങ്കാളി ജിജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഇരുവരുടെയും മരണം പ്രത്യേകം അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇന്നലെയാണ് വൈറ്റില തൈക്കൂടത്തെ വീട്ടില്‍ ജിജുവിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. 

അനന്യയുടെ മരണത്തിന് ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. അനന്യയുടെ സംസ്‌കാരത്തിന് ശേഷം കൊല്ലത്ത് നിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ തങ്ങി. സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്ത് ജിജു വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നല്‍കിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.