ഇന്ത്യയുടെ അഭിമാനസിന്ധു

പുസരല വെങ്കട സിന്ധു ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരം ഇത്തവണ ടോക്യോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയിരിക്കുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയിരിക്കുകയാണ് പിവി സിന്ധു.
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയുടെയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് 26 വയസ്സുകാരിയായ പിവി സിന്ധു. അച്ഛനമ്മമാരുടെ പ്രേരണ കൊണ്ട് മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധു പറയുന്നു. എന്നാല്‍ ചെറുപ്പത്തിലേ ഒരു കായികതാരത്തിന് വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു.
രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചു തുടങ്ങിയത്. 'വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അത് കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തെരഞ്ഞെടുത്ത വഴി.'' രമണ പറയുന്നു.
പിന്നീട് ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍ബി സ്‌റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചു പറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റണാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു.'' പിതാവ് രമണ പറഞ്ഞു.
2019-ല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധു 2017, 2018 വര്‍ഷങ്ങളില്‍ വെള്ളിമെഡലും സ്വന്തമാക്കിയിരുന്നു. 2013, 2014 വര്‍ഷങ്ങളില്‍ വെങ്കലവും നേടിയ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.