• 08 Jun 2023
  • 05: 59 PM
Latest News arrow

''എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്, മനസ്സ് തളര്‍ന്നു, ഇനി ഗുസ്തിയിലേക്ക് മടങ്ങി വന്നേക്കില്ല''; വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: കുറേ നാളുകളായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഗുസ്തി നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചുപോവുകയാണെന്നും ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2019ല്‍ സ്‌പെയിനില്‍ വെച്ചാണ് വിഷാദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുറേക്കാലം ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. ടോക്കിയോ ഒളിംപിക്‌സിനിടെ അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി ദേശീയ ഗുസ്തി ഫെഡറേഷന്‍ വിനേഷിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിനേഷിന്റെ വാക്കുകള്‍...

''ഞാന്‍ എന്നെത്തന്നെ ഗുസ്തിയ്ക്ക് സമര്‍പ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഗുസ്തി നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചുപോവുകയാണ്. എന്നാല്‍ അങ്ങിനെ ചെയ്താല്‍ പൊരുതാതെ കീഴടങ്ങുന്നത് പോലെയാകും. പുറത്തുള്ള പലരും എന്റെ വിധി എഴുതിക്കഴിഞ്ഞു. എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്. ഒരു മെഡല്‍ നഷ്ടത്തോടെ അവര്‍ എനിക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. കൂടെയുള്ള താരങ്ങള്‍ പോലും എന്തു പറ്റിയെന്ന് ചോദിക്കുന്നില്ല. കുറ്റപ്പെടുത്തലാണ് എവിടെ നിന്നും കേള്‍ക്കുന്നത്. എല്ലാ താരങ്ങളെയും പോലെ ഒളിംപിക് വേദിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് ഞാനും കടന്നുപോയത്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിക്കും. ഞാനൊരിക്കലും സമ്മര്‍ദ്ദം കൊണ്ട് തോറ്റുപോയിട്ടില്ല. 

എന്റെ ശരീരം തളര്‍ന്നിട്ടില്ല. എന്നാല്‍ മനസ്സാകെ തളര്‍ന്നിരിക്കുന്നു. ഞാന്‍ ചിലപ്പോള്‍ മത്സരരംഗത്തേയ്ക്ക് മടങ്ങി വന്നേക്കില്ല.''

ഇന്ത്യന്‍ സംഘത്തോടാപ്പം യാത്ര ചെയ്തില്ല, ഒളിംപിക്‌സ് വില്ലേജില്‍ തങ്ങാനും മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിനേഷ് വിസമ്മതിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സറുടെ ലോഗോ ജഴ്‌സിയില്‍ ധരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് വിനേഷിനെ ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. വിനേഷിന് കൊടുത്ത കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഗുസ്തി ഫെഡറേഷന്‍ അറിയിച്ചു.