കുവൈത്തില്‍ വിസഫീസ് വര്‍ധിപ്പിക്കുന്നു

മനാമ: സന്ദര്ശകവിസയുടെയും റെസിഡന്‍സ് പെര്‍മിറ്റിന്റെയും ഫീസ് വര്‍ധിപ്പിക്കുന്നത് കുവൈത്ത് പരിഗണിക്കുന്നു. പൊതുമേഖലയില്‍ വിസ (റെസിഡന്‍സ് പെര്‍മിറ്റ്)ക്ക് മൂന്നുമുതല്‍ പത്ത് കുവൈത്തി ദിനാര്‍ വരെയും സ്വകാര്യമേഖലയില്‍ മൂന്നുമുതല്‍ 30 കുവൈത്തി ദിനാര്വരെയും വര്‍ധിപ്പിക്കാനാണ് നീക്കം. പ്രത്യേക സാങ്കേതിക സമിതി ഫീസ് നിശ്ചയിച്ചതായും അംഗീകാരത്തിനായി ആഭ്യന്തരമന്ത്രിക്ക് കൈമാറുമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കായി പുതുതായി 'മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ' ഏര്‍പ്പെടുത്താനും കുവൈത്ത് തീരുമാനിച്ചു. വിദേശിയുടെ അക്കാദമിക്യോഗ്യതയുടെയും സ്പെഷ്യലൈസേഷന്റെയും അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കോ കുറച്ചുമാസത്തേക്കോയായിരിക്കും ഈ വിസ ഇഷ്യുചെയ്യുക. വന്‍കിട കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യപ്രകാരം രാജ്യം സന്ദര്‍ശിക്കുന്ന ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നിയമോപദേശകര്‍ തുടങ്ങിയവര്‍ക്ക് മള്‍ട്ടിവിസ ഉപകാരപ്രദമാകും.
സാമ്പത്തിക ചാഞ്ചാട്ടങ്ങളെ ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് വിസഫീസ് നിരക്ക് പുനഃസംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പാസ്പോര്‍ട്ട്വിഭാഗം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മാസന് അല്ജറാ അല്‍സബാ അറിയിച്ചു. കൂടാതെ, രാജ്യത്തിന്റെ വരുമാനം വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്കുന്ന സേവനങ്ങളുമായി യോജിച്ചുപോകുന്നു എന്നു ഉറപ്പുവരുത്തുകയും വിസകച്ചവടം എന്ന പ്രതിഭാസം കുറച്ചുവരികയും ലക്ഷ്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കുവൈത്തില്‍ പഠിക്കുന്ന അറബ്, വിദേശവിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്സ്വിസ നല്‍കുന്നതും പരിഗണനയിലാണ്. ബിരുദപഠനത്തിനുശേഷം യോജിച്ച തൊഴില്‍ കണ്ടെത്തുയാണെങ്കില് അവര്‍ക്ക് കുവൈത്തില്‍ താമസിക്കാനുള്ള അവസരവും നല്‍കും. കുറഞ്ഞ വരുമാനക്കാരായ ദമ്പതികള്‍ക്ക് കുട്ടിയുണ്ടെങ്കില്‍, ആശ്രിതവിസ നല്‍കാനുള്ള കുറഞ്ഞ ശമ്പളപരിധിയായ 250 ദിനാര്‍ എന്നതു പരിഗണിക്കാതെതന്നെ ആശ്രിതവിസ അനുവദിക്കുമെന്ന് ഷെയ്ഖ് മാസന് അറിയിച്ചു.
പാസ്പോര്‍ട്ടിന്റെ കലാവധി പരിഗണിച്ചാകും ഇനിമുതല്‍ റെസിഡന്‍സി അനുവദിക്കുക. പ്രവാസി തൊഴിലാളിയുടെ പാസ്പോര്‍ട്ടിന് ഒരുവര്‍ഷത്തിനു താഴെ മാത്രമേ കാലാവധിയുള്ളൂവെങ്കില്‍ ഇഖാമ അനുവദിക്കില്ല. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ഇഖാമ നിയമം(ആര്‍ടിക്കിള്‍ 15) ഇതിനായി പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഷെയ്ഖ് മാസന് അറിയിച്ചു.
അതേസമയം, ഓരോ രാജ്യത്തിനു ക്വാട്ട നിശ്ചയിച്ച് രാജ്യത്തെ ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതും കുവൈത്ത് പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം സാമൂഹ്യകാര്യ, തൊഴില്‍ ആസൂത്രണ മന്ത്രി ഹിന്ദ് അല്‍ സുബൈ ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചില പ്രത്യേക മേഖലകളില്‍ ചില രാജ്യക്കാരുടെ എണ്ണം കേന്ദ്രീകരിക്കുന്നത് മന്ത്രാലയം പഠിക്കും. അടുത്ത മാസങ്ങളില്‍ മൂന്നു ലക്ഷം വിദേശതൊഴിലാളികള്‍ രാജ്യത്തു പുതുതായി എത്തും. ഈ സാഹചര്യത്തില്‍ മന്ത്രാലയങ്ങളുടെ പഠനത്തിന് പ്രസക്തിയേറെയാണ്.
കഴിഞ്ഞ നവംബറില്‍ കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കരട് നിര്‍ദേശത്തിന് പാര്‍ലമെന്റ് നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഓരോ വിദേശ രാജ്യക്കാരുടെയും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നായിരുന്നു ഈ നിര്‍ദേശം. എന്നാല്‍, ഇതിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചില്ല.
12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 25 ലക്ഷമാണ് വിദേശികള്‍. നിലവില്‍ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്. 6,70,000 ലധികം ഇന്ത്യക്കാര്‍ കുവൈത്തില്‍ തൊഴിലെടുക്കുന്നു. ഈജിപ്താണ് രണ്ടാംസ്ഥാനത്ത് - 5,20,000. ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഫിലിപ്പെന്‍സ്, സിറിയ എന്നീ രാജ്യക്കാരും പിന്നിലായുണ്ട്. ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും മറ്റും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തു ശതമാനത്തിലേക്ക് കുറയ്ക്കേണ്ടിവന്നാല് വന്‍തോതില്‍ പ്രവാസികളുടെ തിരിച്ചുപോക്കിനാണ് അതു വഴിവെക്കുക.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ