• 27 Oct 2021
  • 08: 54 PM
Latest News arrow

കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയില്ല; പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് കോടതിയുടെ നടപടി. രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. 

ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്. ഇതിന് പുറമേ സാങ്കേതിക സര്‍വ്വകലാശാല ഓഫ്‌ലൈനായി നടത്തിയ പരീക്ഷയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തുവെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്...

> ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുന്നത് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയും.
> മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല.
> വീടുകളില്‍ ഇരുന്നാണ് രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്.
> എന്നാല്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്.
> സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശനയോഗ്യത കണക്കാക്കന്‍ പ്ലസ് വണ്‍ പരീക്ഷ, പ്ലസ് ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടും.
> കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്‌ലൈനായി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകും.
> ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കേരളം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു. പ്ലസ് വണ്‍ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.