''സഞ്ജു ദൈവം തന്ന പ്രതിഭ പാഴാക്കുകയാണ്''; വിമര്‍ശനവുമായി ഗവാസ്‌കര്‍

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആവേശകരമായ അവസാന ഓവര്‍ വിജയത്തില്‍ സഞ്ജു സാംസണിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശനം. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജുവിന് നേടാനായത്. ടീം മുന്നോട്ട് വെച്ച 185 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് കിങ്‌സ് അവരുടെ ഇരുപതാം ഓവറില്‍ അത് മറികടക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അവസാന നിമിഷം നിക്കോളാസ് പൂരനെയും ദീപക് ഹൂഡയെയും പുറത്താക്കി യുവതാരം കാര്‍ത്തിക് ത്യാഗി രാജസ്ഥാന്‍ റോയല്‍സിന്റെ വിധി മാറ്റിയെഴുതി. രണ്ട് റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം.
ഈ മത്സരത്തെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് ഇതിഹാസ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന്റെ കളിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരം കളിക്കാന്‍ സഞ്ജുവിന് കഴിയണമെങ്കില്‍ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2015-ല്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും ഒരു ഏകദിനത്തിലും 10 ടി20-കളിലും മാത്രമാണ് കളിക്കാനായത്.
''ഷോട്ട് സെലക്ഷന്‍ ആണ് അദ്ദേഹത്തെ പരാജയത്തിലേക്ക് വലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സഞ്ജുവിന് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ പോലും കഴിയുന്നില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ വിക്കറ്റ് അദ്ദേഹമായിരിക്കും. ആദ്യ പന്ത് ഗ്രൗണ്ടിന് പുറത്ത് കടത്താന്‍ സഞ്ജു ശ്രമിക്കുകയാണ്. അത് അസാധ്യമാണ്. നിങ്ങള്‍ ഏറ്റവും മികച്ച ഫോമില്‍ ആണെങ്കില്‍ പോലും അത് തികച്ചും അസാധ്യമാണ്. രണ്ടോ മൂന്നോ തവണ നിങ്ങള്‍ പന്ത് തട്ടുകയും കാലുകള്‍ ചലിപ്പിക്കുകയും എന്നിട്ട് മെല്ലെ കളിക്കാന്‍ നോക്കുകയുമാണ് വേണ്ടത്. ഇന്ത്യയുടെ സ്ഥിരം കളിക്കാരനാകണമെങ്കില്‍ ഷോട്ട് സെലക്ഷന്‍ വളരെ മികച്ചതായിരിക്കണം. അല്ലാത്തപക്ഷം, ദൈവം നല്‍കിയ പ്രതിഭ പാഴായിപ്പോകും.'' ഗവാസ്‌കര്‍ പറഞ്ഞു.