''പത്ത് ലക്ഷത്തിന് വേണ്ടി ഞാനെന്തിന് അങ്ങിനെ ചെയ്യണം''; വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

ന്യൂഡല്‍ഹി: 2013ലെ ഐപിഎല്‍ വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ''ഒരു ഓവറില്‍ 14 റണ്‍സോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലോ അന്നത്തെ വിഷയം. പത്ത് ലക്ഷത്തിന് വേണ്ടി മാത്രം ഞാനെന്തിന് അങ്ങിനെ ചെയ്യണം.'' ശ്രീശാന്ത് ചോദിച്ചു. പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്സ് കീഡയുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
ഒരു ഓവറില്‍ നിശ്ചിത റണ്‍സ് വിട്ടുകൊടുക്കണം എന്നായിരുന്നു വാതുവെയ്പ്പുകാരും ശ്രീശാന്ത് ഉള്‍പ്പെട്ട മറ്റ് താരങ്ങളും തമ്മിലുണ്ടായിരുന്ന കരാര്‍. ''ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. വെറും പത്ത് ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങിനെ ചെയ്യുന്നത്?'' ശ്രീശാന്ത് ചോദിച്ചു.
''എന്റെ കാല്‍വിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷവും 130ന് മുകളില്‍ വേഗതയില്‍ എറിയാന്‍ എനിക്ക് സാധിച്ചിരുന്നു. ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങിനെയുള്ള ഞാനെന്തിന് ഇത്തരത്തില്‍ ചെയ്യണം? ഞാനൊരു പാര്‍ട്ടി നടത്തുന്നത് പോലും രണ്ട് ലക്ഷം രൂപയ്ക്കാണ്. ജീവിതത്തില്‍ ഞാനൊരുപാട് പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. അവരുടെയെല്ലാം പ്രാര്‍ത്ഥനയാണ് എന്നെ പുറത്തെത്തിച്ചത്.'' ശ്രീശാന്ത് പറഞ്ഞു.
വാതുവെയ്പ്പിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐയ്ക്ക് അത് പിന്‍വലിക്കേണ്ടി വന്നു. വിലക്ക് കാലവധി കഴിഞ്ഞ ശ്രീശാന്ത് കേരള ടീമില്‍ ഇടംപിടിച്ചിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ