• 07 Dec 2021
  • 02: 46 AM
Latest News arrow

''ആകെയുള്ള ബാങ്ക് അക്കൗണ്ടിലുള്ളത് 176 രൂപ, കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ല''; മോന്‍സണിന്റെ മൊഴി

കൊച്ചി: തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ 176 രൂപ മാത്രമേയുള്ളൂവെന്നും മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. 

കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോന്‍സണിന്റെ അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസത്തോളമായി മോന്‍സണെ പിന്തുടര്‍ന്നും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം നടത്താന്‍ പോലും കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയത്. 

പ്രവാസി സംഘടനകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇന്നേ വരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇയാളുടെ കൂടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പെടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപ പ്രതിമാസം വാടകയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. മോന്‍സണിന്റെ ഭൂമി ഇടപാടുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.