• 07 Dec 2021
  • 02: 56 AM
Latest News arrow

''കല്‍ക്കരിക്ഷാമമില്ല, പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഗെയിലിന്റെയും ടാറ്റയുടെയും തെറ്റായ സന്ദേശങ്ങള്‍''; കേന്ദ്ര വൈദ്യുതി മന്ത്രി

കല്‍ക്കരി ക്ഷാമത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഗെയില്‍, ടാറ്റ എന്നിവയില്‍ നിന്നുള്ള തെറ്റായ ആശയവിനിമയമാണ് ഇതിന് കാരണമെന്നും കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ. സിങ്. ദേശീയ തലസ്ഥാനം ഉള്‍പ്പെടെ ആറിലധികം സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നത്. 

നാലില്‍ കൂടുതല്‍ ദിവസത്തേയ്ക്കുള്ള കല്‍ക്കരി നമ്മുടെ പവര്‍ സ്റ്റേഷനുകളിലുണ്ട്. എല്ലാ ദിവസവും സ്റ്റോക്ക് നിറയ്ക്കുന്നുമുണ്ടെന്നും ഡല്‍ഹിയിലെ ഡിസ്‌കോമുകളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു.

ഫലത്തില്‍, ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. അത് അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. ഉപഭോക്താക്കള്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന  അടിസ്ഥാനരഹിതമായ എസ്എംഎസ് അയച്ചാല്‍ നടപടിയെടുക്കുമെന്ന് ടാറ്റ പവര്‍ സിഇഒയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗെയില്‍, ടാറ്റ പവര്‍ എന്നിവരുടെ സന്ദേശങ്ങള്‍ നിരുത്തരവാദപരമായ പെരുമാറ്റമായിപ്പോയെന്നും മന്ത്രി പറഞ്ഞു. 

പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ക്ഷാമം സംബന്ധിച്ച് ഡല്‍ഹിയിലെ വൈദ്യുതി മന്ത്രാലയത്തിന്റെയും ബിഎസ്ഇഎസിന്റെയും ടാറ്റ പവറിന്റെയും ഉദ്യോഗസ്ഥര്‍ കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍ കെ സിംഗിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിതരണം മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ദേശീയ തലസ്ഥാനം ബ്ലാക്കൗട്ട് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്നാട് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരിക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.