• 07 Dec 2021
  • 02: 26 AM
Latest News arrow

കൊലക്കേസുകളിലെ അപൂര്‍വ്വത; ഉത്ര കൊലക്കേസിന്റെ നാള്‍വഴികളിലൂടെ

ഉത്രവധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്.  ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച കേരളത്തിലെ ആദ്യ കേസായി മാറി ഇതോടെ ഉത്ര കൊലക്കേസ്.

അവിശ്വസനീയമായ ഒരു മരണവാര്‍ത്തയാണ് കൊല്ലം അഞ്ചല്‍ ഏറത്തെ വീട്ടില്‍ നിന്നും 2020 മെയ് 7ന് പുറത്തുവന്നത്. ഒരു തവണ പാമ്പ് കടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്റെ കടിയേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നു. മരിച്ചത് ഏറം സ്വദേശികളായ വിജയസേനന്റെയും മണിമേഖലയുടെയും 23 കാരിയായ മകള്‍ ഉത്ര. 

തനിക്കൊപ്പം അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഉത്രയെ മുറിയുടെ ജനലിലൂടെ വീടിന്റെ ഉള്ളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചുവെന്നായിരുന്നു ഭര്‍ത്താവ് സൂരജ് എല്ലാവരോടും പറഞ്ഞത്. സൂരജിന്റെ ഈ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഉത്രയുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതോടെ സൂരജ് പറഞ്ഞ കഥകളില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ശവസംസ്‌കാര ചടങ്ങുകളിലെ സൂരജിന്റെ അമിതമായ അഭിനയമായിരുന്നു സംശയങ്ങളുടെയെല്ലാം അടിസ്ഥാനം. ചില പാമ്പ് പിടുത്തക്കാരുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന സൂചനകളും ബന്ധുക്കള്‍ക്ക് കിട്ടി.

അവര്‍ അഞ്ചല്‍ പൊലീസിനെ ആദ്യം സമീപിച്ചു. പക്ഷേ, ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ദിശ മാറുന്നുവെന്ന സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ മുമ്പില്‍ പരാതിയുമായി എത്തി. മികച്ച കുറ്റാന്വേഷകനെന്ന് പേരു കേട്ട ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ പുതിയ സംഘം കേസന്വേഷണം ഏറ്റെടുത്തു.

മെയ് 24ന് ഉത്രയുടെ കുടുംബത്തിന്റെ സംശയം ശരിവെച്ചുകൊണ്ട് ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്തു. പാമ്പ് പിടുത്തക്കാരില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ നടുക്കത്തോടെ കേരളം കേട്ടു. സൂരജിനൊപ്പം സഹായിയായ പാമ്പ് പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി. 

മെയ് 6ന് ഉത്രയ്ക്ക് മരണകാരണമായ പാമ്പുകടി ഏല്‍ക്കുന്നതിനും ഒന്നര മാസം മുമ്പ് അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയെ ഒരു അണലി കടിച്ചിരുന്നു. 

മരിക്കുന്നതിന്റെ തലേന്ന് രാത്രിയോടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി സൂരജ് ഉത്രയ്ക്ക് നല്‍കി. ശേഷം മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറില്‍ നിന്നെടുത്ത് കട്ടിലിനടിയിലേക്ക് മാറ്റി. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷം ഉത്രയെ കൊല്ലാനുള്ള നീക്കങ്ങള്‍ തുടങ്ങി. കട്ടിലിനടിയിലെ ബാഗില്‍ ഒരു പ്ലാസ്റ്റിക് ഭരണിയിലാണ് മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്തതിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് പാമ്പിനെ കുടഞ്ഞിട്ടു. പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. 

ഇതോടെ പാമ്പിന്റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കയ്യില്‍ താന്‍ കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു. അതിന് ശേഷം പാമ്പിനെ മുറിയുടെ അലമാരയുടെ അടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെ എത്തി തന്നെ കടിക്കുമോയെന്ന പേടിയില്‍ ഇരു കാലുകളും കട്ടിലില്‍ എടുത്തുവെച്ച് ആ രാത്രി മുഴുവന്‍ താന്‍ ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. 

പിറ്റേന്ന് പുലരും വരെ ഇത് തുടര്‍ന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ സൂരജ് പെരുമാറി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെയും പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് സുരേഷ് മൊഴി നല്‍കി. ഈ മൊഴി മുഖവിലയ്‌ക്കെടുത്ത കോടതി സുരേഷിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. 

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ താന്‍ കൊന്നുവെന്നായിരുന്നു പൊലീസിന്റെ മുമ്പിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. ഈ മൊഴി മാത്രം വെച്ച് കോടതിയ്ക്ക് മുമ്പില്‍ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാകില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു. 

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ? ഏത് സാഹചര്യത്തിലായിരിക്കും ഉത്രയെ മൂര്‍ഖന്‍ പാമ്പ് കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്റെ ആഴമെത്രെയായിരിക്കും? ഇങ്ങിനെ നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായിരുന്നു കൊല്ലം മരുപ്പയിലെ വനംവകുപ്പിന്റെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍.

കൊല്ലപ്പെട്ട ഉത്രയോളം ഭാരമുള്ള ഡമ്മി. ഈ ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവെച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവെച്ച ഡമ്മിയുടെ വലംകൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ അകലം രണ്ട് സെന്റീമീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവിലും പാമ്പിന്റെ പല്ലുകള്‍ക്കിടയിലെ അകലം 2 മുതല്‍ 2.8 സെന്റീമീറ്റര്‍ വരെയായിരുന്നു. 

സാധാരണയായി ഇന്ത്യയില്‍ കാണപ്പെടുന്ന മൂര്‍ഖന്‍ പാമ്പുകള്‍ സ്വാഭാവികമായി ഒരാളെ കടിച്ചാല്‍ അയാളുടെ മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുള്ള അകലം ഏതാണ് രണ്ട് സെന്റീമീറ്ററില്‍ താഴെയായിരിക്കും. പക്ഷേ ഉത്രയുടെ കാര്യത്തില്‍ പാമ്പിന്റെ ഫണത്തില്‍ പിടിച്ച് ബലമായി സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉത്രയുടെ ശരീരത്തിലുള്ള മുറിവിലെ പാമ്പിന്റെ പല്ലുകള്‍ക്കിടയിലെ അകലം 2 സെന്റീമീറ്ററിലും ഉയര്‍ന്നിരുന്നത്. 

സര്‍പ്പശാസ്ത്രജ്ഞനും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പിലെയും ഫൊറന്‍സിക് വിഭാഗത്തിലെയും വിദഗ്ധരായ ഡോക്ടര്‍മാരുമടങ്ങുന്ന സംഘവും ഡമ്മി പരിശോധനയിലൂടെ പൊലീസ് നടത്തിയ ഈ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ തന്നെയാകും സൂരജിന്റെ വിധി തീരുമാനിക്കുന്നതില്‍ കോടതിയ്ക്ക് മുമ്പില്‍ പ്രധാന തെളിവായി ഉയര്‍ന്നുവരിക. 

പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന വാദം പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ്. എന്നാല്‍ ഇങ്ങിനെയൊരു കൃത്യം ചെയ്യാന്‍ ഒരു മനുഷ്യനെക്കൊണ്ടും കഴിയില്ലെന്ന് മാത്രമല്ല, പൊലീസ് കെട്ടിച്ചമച്ച ഒരു തിരക്കഥ കുറ്റപത്രമായി കോടതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് സൂരജിനില്ല. ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. ആ ക്ലാസ് ഷൂട്ട് ചെയ്ത് യൂട്യൂബിലൂടെ പ്രചരിപ്പിക്കാനായിരുന്നു സൂരജ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. 

എന്നാല്‍ പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങള്‍ വസ്തുതാപരമല്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ സൂരജ് വിദഗ്ധനായിരുന്നു. യൂട്യൂബില്‍ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ് സൂരജ് കൂടുതലായി കണ്ടിരുന്നത്. സുരേഷും സൂരജുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല, സുരേഷ് എത്തിച്ച പാമ്പിനെ ഉപയോഗിച്ച് ഒരു സ്ഥലത്ത് പോലും സൂരജ് ക്ലാസുകളൊന്നും നടത്തിയിട്ടില്ല. 2020 ഫെബ്രുവരി മാസം സുരേഷും സൂരജും തമ്മില്‍ കണ്ടിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതിനായി ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സുരേഷിന് കൈമാറാനായി സൂരജ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖകളും കോടതിയ്ക്ക് മുമ്പില്‍ എത്തിച്ചു. 

എന്നാല്‍ ഈ കണ്ടെത്തലുകളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. തെളിവുകളും സാക്ഷിമൊഴികളും സൂരജിന് അനുകൂലമാണ്. എംസി റോഡിനടുത്ത് ഏനാത്ത് എന്ന സ്ഥലത്ത് വെച്ചാണ് സൂരജ് പാമ്പിനെ വാങ്ങാനുള്ള പണം പാമ്പാട്ടിയായ സുരേഷിന് നല്‍കിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഏനാത്തെ ഒരു സിസിടിവിയിലും സൂരജിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ഏനാത്തേയ്‌ക്കെത്താന്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്ത വേറൊരു വഴിയുണ്ടെന്നും സൂരജും സുരേഷും തമ്മിലുള്ള കൂടിക്കാഴ്ച ഇവിടെ വെച്ചായിരുന്നുവെന്നും സാക്ഷിയുടെ മൊഴിയോട് കൂടി തന്നെ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഉത്രയെ ആദ്യം പാമ്പ് കടിച്ചത് 2020 മാര്‍ച്ച് മൂന്നിന് പുലര്‍ച്ചയോടെയായിരുന്നു. അടൂരിലെ സൂരജിന്റെ വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ ഉത്രയെ ആശുപത്രിയിലെത്തിക്കാന്‍ പുറത്തു നിന്നുള്ള വാഹനമാണ് സൂരജ് ആശ്രയിച്ചിരുന്നത്. സ്വന്തം വീട്ടില്‍ കാറ് കിടക്കുമ്പോഴായിരുന്നു പുറത്ത് നിന്നും വണ്ടി വിളിച്ചത്. ചികിത്സ പരമാവധി വൈകിപ്പിച്ച് ഉത്രയെ കൊല്ലുക എന്ന ഉദ്ദേശ്യത്തിലാണ് പ്രതി സ്വന്തം വാഹനം എടുക്കാതിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

എന്നാല്‍ രാത്രി വാഹനമോടിക്കാന്‍ സൂരജിന് കാഴ്ച പരിമതിയുണ്ടായിരുന്നുവെന്നാണ് ഇതിന് പ്രതിഭാഗം ഉന്നയിച്ച ന്യായം. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നതല്ല. മുമ്പ് പലതവണ സൂരജ് രാത്രിയില്‍ വാഹനമോടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഉത്രയെ ജീവനോടെ അവസാനം കണ്ടത് സൂരജായിരുന്നു. ആറാം തിയതി രാത്രി സൂരജിനോടൊപ്പമായിരുന്നു ഉത്ര ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് രാവിലെ ഉത്രയുടെ അമ്മ എത്തിയപ്പോള്‍ വാ തുറന്ന് കൈ കട്ടിലില്‍ നിന്ന് താഴേയ്ക്കിട്ട നിലയിലായിരുന്നു ഉത്രയെ കണ്ടത്. പക്ഷേ രാവിലെ മുറിയില്‍ നിന്നും ഇറങ്ങിയ സൂരജ് ഇതിനെക്കുറിച്ച് ഒന്നും വീട്ടുകാരോട് പറഞ്ഞില്ല. ഇത് സൂരജിനെതിരായ പ്രധാന തെളിവാണ്. 

എന്നാല്‍ പ്രതിഭാഗം പറയുന്നത് ആറാം തിയതി സൂരജ് ഉത്രയ്‌ക്കൊപ്പമായിരുന്നില്ല കിടന്നുറങ്ങിയത് എന്നാണ്. മറ്റൊരു മുറിയിലായിരുന്നു സൂരജ് ഉറങ്ങിയിരുന്നത്. എന്നാല്‍ ഈ വാദവും നിലനില്‍ക്കില്ല. ഉത്ര കൊലക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സൂരജ് തന്നെ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ആ കത്തില്‍ ഉത്രയ്‌ക്കൊപ്പമാണ് കിടന്നിരുന്നതെന്ന് സൂരജ് എഴുതിയിട്ടുണ്ട്. ഈ കത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

ഉത്രയുടെ വീട്ടില്‍ സൂരജ് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു. ഉത്ര മരിക്കുന്നതിന് രണ്ട് മാസം മുമ്പ് ഈ സിസിടിവികള്‍ തകരാറിലായി. ഇത് നന്നാക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൂരജ് തയ്യാറായിരുന്നില്ല. 

വെറും അസ്വാഭാവിക മരണമാണെന്ന് തള്ളിക്കളയാവുന്ന ഒരു കേസില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ നടത്തുന്നത് മുന്‍ എസ്പി ഹരിശങ്കറായിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇതായിരുന്നു.

കടിച്ച പാമ്പുകളുടെ പൊതു സ്വഭാവം, കടിയേറ്റ സ്ഥലത്തിന്റെ ഘടന, പാമ്പ് കടിയേറ്റ സമയം എന്നിവയൊക്കെ സുക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു സ്വാഭാവിക പാമ്പ് കടിയ്ക്കുള്ള സാധ്യതകള്‍ കുറവാണ്. അണലി ഉത്രയെ കടിച്ചിരിക്കുന്നത് വീടിന്റെ ഒന്നാം നിലയില്‍ വെച്ചാണ്. അണലി ഒരിക്കലും മുകളിലേക്ക് കയറില്ല. അങ്ങിനെയുണ്ടായാല്‍ അത് വിചിത്രമായിരിക്കും. രണ്ടാമത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത് രാത്രിയാണ്. രാത്രി സാധാരണ മൂര്‍ഖന്‍ പാമ്പുകള്‍ കര്‍മ്മനിരതരല്ല. ആ സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ഉറങ്ങിക്കിടന്നിരുന്ന ആളെ രണ്ട് പ്രാവശ്യം കടിക്കുക അസ്വാഭാവികമാണ്. സാധാരണ മൂര്‍ഖന്‍ പാമ്പുകള്‍ ആദ്യം ചെയ്യുക പത്തി വിടര്‍ത്തി പേടിപ്പിക്കുകയാണ്. അതിന് ശേഷം വിഷം കുത്തിവെയ്ക്കാതെ കടിയ്ക്കും. ഇതെല്ലാം പരിഗണിച്ചാണ് കേസില്‍ പൊലീസ് അസ്വാഭാവികത സംശയിച്ചത്.

എന്തുകൊണ്ടാണ് ഉത്രയെ കൊല്ലാന്‍ സൂരജ് തീരുമാനിച്ചത്?

സ്വത്തിനോടുള്ള വലിയ ആര്‍ത്തി തന്നെ. വ്യക്തമായ രീതിയിലുള്ള കൊലപാതകം ചെയ്താലും വിവാഹമോചനം നടത്തിയാലും സൂരജിന് സ്വത്തുകള്‍ അനുഭവിക്കാന്‍ സാധിക്കില്ല. അപ്പോള്‍ സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഉത്രയെ കൊലപ്പെടുത്തുകയും ശേഷം വീണ്ടും വിവാഹം കഴിച്ച് അതിലൂടെയും സ്വത്ത് ഉണ്ടാക്കാമെന്ന് സൂരജ് കണക്കുകൂട്ടി. 

കൊലക്കേസുകളിലെ ഒരു അപൂര്‍വ്വതയാണ് ഉത്ര കൊലക്കേസ്. പൊതു സമൂഹത്തിന് മുമ്പില്‍ വെച്ച തെളിവുകള്‍ ഫലപ്രദമായി കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കോടതി സൂരജിന് എന്ത് ശിക്ഷ നല്‍കുമെന്നാണ് ഇനി അറിയാനുള്ളത്.