• 07 Dec 2021
  • 02: 51 AM
Latest News arrow

കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍; പിന്നില്‍ നിഹാങ്കുകളെന്ന് ആരോപണം

ന്യൂഡല്‍ഹി: കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഹരിയാന അതിര്‍ത്തിയിലുള്ള സിംഗുവിലാണ് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തില്‍ കേസെടുത്തു. നിഹാങ്കുകള്‍ ഈ യുവാവിനൊപ്പം നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം സോനിപതിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പാസ് ചോദിച്ചതിന് നിഹാങ്കുകള്‍ പഞ്ചാബ് പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്‌ഐ ഹര്‍ജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷന്‍ നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെയായി സിംഗുവില്‍ കര്‍ഷര്‍ സമരം ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് സമരം.