• 29 Nov 2021
  • 08: 14 PM
Latest News arrow

ഇടുക്കി ഡാം തുറക്കുന്നു; ചരിത്രത്തില്‍ നാലാം തവണ

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കുന്നു. 2018ലാണ് ഇതിന് മുമ്പ് ഇടുക്കി ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. 

ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കി വിടും.

വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.