• 29 Nov 2021
  • 08: 49 PM
Latest News arrow

കുത്തിവെയ്പ്പ് പേടിച്ച് പട്ടി മാന്തിയത് മറച്ചുവെച്ചു; വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധ മൂലമെന്ന് നിഗമനം

ചേര്‍ത്തല: അര്‍ത്തുങ്കലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി നിര്‍മ്മല്‍ രാജേഷിന്റെ മരണം പേ വിഷബാധ മൂലമാണെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിഗമനം. ആന്തരീകാവയവങ്ങളും സ്രവവും പാലോടുള്ള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലും ബെംഗളൂരുവിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കുട്ടി കഴിഞ്ഞ 16നാണ് മരിച്ചത്. സ്രാമ്പിക്കല്‍ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് നിര്‍മ്മല്‍. ഓഗസ്റ്റില്‍ നിര്‍മ്മലിന്റെ അനുജന്‍ അമലിന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. അന്ന് അതിന് ചുറ്റും കുത്തിവെയ്പ്പ് എടുത്തു. ഈയിടെ നിര്‍മ്മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കളില്‍ നിന്ന് വീണതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. കുത്തിവെയ്പ്പിനെ ഭയന്നിട്ടാകാം ഇതെന്ന് കരുതുന്നു. 

എന്നാല്‍ കൂട്ടുകാരോട് പട്ടിയില്‍ നിന്ന് മുറിവേറ്റതാണെന്ന് നിര്‍മ്മല്‍ പറഞ്ഞിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടില്‍ തന്നെ നിരീക്ഷിക്കും. പട്ടിയില്‍ നിന്ന് മുറിവുണ്ടായിട്ടും യഥാസമയം വാക്‌സിന്‍ സ്വീകരിക്കാത്തതാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 പേര്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി. തിങ്കളാഴ്ച ജാഗ്രതാ ഓഫീസര്‍ ഡോ. എസ് ഷാജിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി വിവരങ്ങള്‍ തേടി.