• 07 Dec 2021
  • 01: 39 AM
Latest News arrow

''ഇന്ത്യ കൊവിഡിനെ തോല്‍പ്പിക്കുമോയെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണിത്''; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ നേട്ടം നവഭാരത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തില്‍ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യ കൊവിഡിനെ തോല്‍പ്പിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവര്‍ക്കുള്ള മറുപടിയാണ്. ഈ കൊവിഡ് മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുക തന്നെ ചെയ്യും.

ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ തുല്യത പാലിക്കാന്‍ നമ്മുക്ക് സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്‌സിന്‍ ലഭ്യമാക്കാനായി. വിഐപി സംസ്‌കാരത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്‌സിനെതിരായ പ്രചാരണങ്ങള്‍ ഇപ്പോഴും വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വാക്‌സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടം. മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ പുച്ഛിച്ചു. എന്നാല്‍ വിളക്ക് കത്തിച്ചപ്പോള്‍ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.