• 07 Dec 2021
  • 03: 10 AM
Latest News arrow

''ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടില്ല''; ആരോഗ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. നിയമസഭയിലാണ് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 12.45നും രാത്രി 9നും രണ്ട് കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചത് എന്നാണ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. അനുപമയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. വടകര എംഎല്‍എ കെകെ രമയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

കുട്ടിയ്ക്ക് അമ്മയെ നേടിക്കൊടുക്കുന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതിയ്ക്കും മറ്റ് സംവിധാനങ്ങള്‍ക്കും വീഴ്ച ഉണ്ടായി. പിഞ്ച് കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഇത്തരത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് കെകെ രമ ഉന്നയിച്ചത്. എന്നാല്‍ മറുപടി പറഞ്ഞ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശിശുക്ഷേമ സമിതിയെ ന്യായീകരിച്ചാണ് സംസാരിച്ചത്.