• 25 Jan 2022
  • 09: 45 PM
Latest News arrow

മിസ് കേരള സുന്ദരിമാരുടെ ദുരൂഹ മരണം: ഹോട്ടലുകാര്‍ ഒളിപ്പിച്ച ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്‌

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പരിശ്രമം ഊര്‍ജ്ജിതമാക്കി കൊച്ചി സിറ്റി പൊലീസ്. അപകടത്തിന് മുമ്പ് എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ എങ്ങിനെയും കൈക്കലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. നിലവില്‍ ആ ദൃശ്യങ്ങള്‍ ഹോട്ടലുകാര്‍ ഒളിപ്പിച്ചിരിക്കുകയാണ്. അതില്‍ നിന്ന് തന്നെ ഹോട്ടലുകാര്‍ക്ക് കേസില്‍ പലതും ഒളിപ്പിക്കാനുണ്ടെന്ന് വ്യക്തമാണ്.

അമിതവേഗത്തിലെത്തിയ കാര്‍ ബൈപ്പാസിലെ മീഡിയനില്‍ ഇടിച്ചുകയറി ഉണ്ടായ അപകടമാണിതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. കാറിലുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീറും (25) മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജനും (24) അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി കെഎ മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കാറില്‍ വന്ന സംഘം നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതാണെന്ന വിവരം ലഭിച്ചതോടെ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസിന് സംശയം തോന്നി. ഇത് പരിശോധിക്കുന്നതിനാണ് പാര്‍ട്ടിയുടെ സിസിടിവി ദൃശ്യം പരിശോധിക്കാന്‍ പൊലീസ് ഹോട്ടലില്‍ എത്തിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ ഹോട്ടലുകാര്‍ മാറ്റി. ഇതോടെയാണ് പൊലീസിന് കേസില്‍ പല സംശയങ്ങളും ഉടലെടുത്തത്.