• 25 Jan 2022
  • 10: 17 PM
Latest News arrow

ദാരിദ്ര്യം കുറവുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്; 9 വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിച്ചത് 121 കുട്ടികള്‍

പാലക്കാട്: ദാരിദ്ര്യം രാജ്യത്ത് ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന ദിവസം തന്നെ തിരിച്ചടിയായി മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി-ചെല്ലന്‍ ദമ്പതികളുടെ ആറ് വയസ്സുള്ള മകള്‍ ശിവരഞ്ജിനി മരിച്ചിരിക്കുന്നു. കുട്ടിയ്ക്ക് സെറിബ്രല്‍ പാള്‍സി എന്ന അസുഖമായിരുന്നു. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച കുട്ടികളുടെ എണ്ണം 12 ആയിരിക്കുകയാണ്. ഇതില്‍ 11 പേരും നവജാത ശിശുക്കളാണ്. ഇന്നലെ മാത്രം മൂന്ന് കുട്ടികള്‍ മരിച്ചു. 

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 121 ആണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വിവിധ സംഘടനകളുടെയും പഠനസംഘങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കാലയളവിലെ ശിശുമരണ സംഖ്യ 153 ആണ്. 

അട്ടപ്പാടി മേഖലയില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഗര്‍ഭം അലസിയ മൊത്തം 360 കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിലോമീറ്ററുകള്‍ ദൂരെയുള്ള ഊരുകളിലെ സംഭവങ്ങളില്‍ പലതും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതായും വിവരമുണ്ട്. കൊവിഡ് വ്യാപനം കാരണം ഊര് സന്ദര്‍ശനം നടക്കാത്ത സ്ഥിതിയായി. 

യുവതികളിലെയും ഗര്‍ഭിണികളിലെയും ഹീമോഗ്ലോബിന്റെ കുറവും കുട്ടികളിലെ തൂക്കക്കുറവും കണ്ടെത്തി ആവശ്യമായ ശുശ്രൂഷ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. പോഷണ പുനരധിവാസ കേന്ദ്രങ്ങളും സമൂഹ അടുക്കകളും ആരംഭിച്ചത് അട്ടപ്പാടിയില്‍ മാത്രമാണ്. അഗളി സാമൂഹികാരോഗ്യ കേന്ദ്രം, ഷോളയൂര്‍, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമുള്ള മൂന്ന് പുനരധിവാസ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഊരുകളില്‍ സമൂഹ അടുക്കളകള്‍ തുടങ്ങിയത്. 182 ഊരുകളിലുണ്ടായിരുന്ന അടുക്കളകളില്‍ 110 എണ്ണം ഇപ്പോഴും സജീവമാണ്. 175 അങ്കണവാടികളും 42 ഊര് ആശമാര്‍ അടക്കം 116 ആശാ വര്‍ക്കര്‍മാരും ആദിവാസികള്‍ക്കായി ഇവിടെയുണ്ട്. 150 ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ നിര വേറയുമുണ്ട്.

മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, ടൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഞ്ച് മൊബൈല്‍ യൂണിറ്റ്, ഐടിഡിപിയുടെ രണ്ട് ഒപി ക്ലിനിക്ക്, 28 സബ് സെന്റര്‍, മൂന്ന് ആയുര്‍വേദ ആശുപത്രി, മൂന്ന് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെടെ അട്ടപ്പാടിയിലെ ആരോഗ്യരംഗത്ത് സ്ഥാപനങ്ങളും ആളുകളും ഏറെയുണ്ട്.

പോഷകാഹാരം ഉറപ്പാക്കാന്‍ ആദിവാസി കുടുംബശ്രീ ആറായിരത്തോളം സ്ത്രീകളെ അംഗങ്ങളാക്കി വിവിധ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. കൃഷി വകുപ്പിന്റെ മില്ലെറ്റ് ഗ്രാമം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വേറെയും. ഇത് കൂടാതെ ഐടിഡിപിയുടെ നേതൃത്വത്തിലും കൃഷിക്കും തൊഴിലിനുമായും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിനൊക്കെ ഇടയിലും ശിശുമരണങ്ങള്‍ തുടരുന്നത് എന്തുകൊണ്ടെന്നതിന് ആര്‍ക്കുമില്ല ഉത്തരം.