• 25 Jan 2022
  • 10: 34 PM
Latest News arrow

ഒമിക്രോണിനെ ചെറുക്കാന്‍ കടുത്ത നടപടി: വിദേശ വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നു. ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരിവിപ്പിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വ്വീസുകള്‍ പുന:രാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

സര്‍വ്വീസുകള്‍ പുന:രാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കാനുള്ള തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കാന്‍ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നാല് പേരും ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കൊവിഡിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍. രണ്ട് ഡോസ് വാക്‌സിനെടുത്താലും പ്രതിരോധശേഷിയെ ഭേദിക്കാന്‍ ഒമിക്രോണ്‍ വകഭേദത്തിന് കഴിയും.