• 25 Jan 2022
  • 10: 25 PM
Latest News arrow

ബെംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്; സമ്പര്‍ക്കത്തില്‍ വന്ന 5 പേര്‍ക്കും കൊവിഡ്

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത് ഒരു ഡോക്ടര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. 46 വയസ്സുള്ളയാള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇദ്ദേഹം ബെംഗളൂരുവില്‍ ചികിത്സയിലാണ്. 

കര്‍ണാടകയില്‍ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66 കാരന്‍ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നല്‍കുന്നതില്‍ നിര്‍ണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ ഇരുപതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ ഇദ്ദേഹം 7 ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും കൊവിഡ് നെഗറ്റീവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. സെക്കന്‍ഡറി കോണ്ടാക്ടുകളായ 240 പേരും കൊവിഡ് നെഗറ്റീവാണ്. 

ഇയാള്‍ക്ക് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുമായി ബന്ധമൊന്നുമില്ല. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒമിക്രോണ്‍ ബാധയാണോ എന്നറിയാന്‍ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ബെംഗളൂരു നഗരപാലിക അഥോറിറ്റി അറിയിച്ചു.