• 25 Jan 2022
  • 11: 12 PM
Latest News arrow

''ഒമിക്രോണ്‍ ജീവന് ഭീഷണിയല്ല''; രാജ്യത്ത് ഒമിക്രോണ്‍ ആദ്യം ബാധിച്ച ഡോക്ടര്‍

ബെംഗളൂരു: രോഗം ബാധിച്ചതിനേക്കാള്‍ താന്‍ പേടിച്ചത് വീട് അടച്ചുപൂട്ടിയതിലാണെന്ന് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച രണ്ടു പേരില്‍ ഒരാളായ 46 കാരനായ ഡോക്ടര്‍. ഒമിക്രോണ്‍ സംബന്ധിച്ച് ഒരു രീതിയിലുള്ള ഭയവും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആദ്യം സ്വയം ശാന്തത പാലിക്കുക, ഉടനടി പരിശോധന നടത്തുക, സ്വയം ഒറ്റപ്പെടുക, ചികിത്സ തേടുക എന്നിവയാണ്. ഭാര്യയും മക്കളും ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രോഗം സുഖപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ നടപടിയായി ബെംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനിലാണ്. കഠിനമായ ശരീരവേദന, വിറയല്‍, നേരിയ പനി എന്നിവയായിരുന്നു തനിക്ക് വന്ന ലക്ഷണങ്ങള്‍. പനി 101 ഡിഗ്രി വരെ എത്തിയിരുന്നു. എന്നാല്‍ ശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 21നാണ് ശരീരവേദനയും നേരിയ പനിയും തുടങ്ങിയത്. തുടര്‍ന്ന് ആര്‍എടി, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി. രണ്ട് പരിശോധനകളിലും കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം ഐസൊലേഷനിലായി. ഇതിനിടെ തലകറക്കം അനുഭവപ്പെട്ടു. വീട്ടുകാര്‍ക്ക് ആശങ്കയായതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്ആര്‍സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ വളരെ കുറഞ്ഞ മാറ്റങ്ങള്‍ കാണിച്ചിരുന്നു. ഇത് 3-4 ദിവസം അണുബാധയുള്ള ഒരു കൊവിഡ് രോഗിയില്‍ സാധാരണമാണ്. 

നവംബര്‍ 25ന് തനിക്ക് മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു ഡോസ് കിട്ടി. തൊട്ടടുത്ത ദിവസം മുതല്‍ ലക്ഷണങ്ങളൊന്നും കാണാതെ താന്‍ തികച്ചും സാധാരണക്കാരനായിരുന്നു. ഒരിക്കലും കൊവിഡ് ഉണ്ടായിട്ടില്ലെന്നും തോന്നിയെന്ന് രോഗം ബാധിച്ച ഡോകര്‍ പറഞ്ഞു. 

ഇദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്. നവംബര്‍ 26 മുതല്‍ ഡോക്ടറുടെ ഭാര്യയ്ക്കും ശരീരവേദനയും വിറയലടക്കമുള്ള സമാനമായ ലക്ഷണങ്ങളുണ്ടായി. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 

നവംബര്‍ 29 ന് രോഗം ബാധിച്ച ഡോക്ടറെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും മകളും ഇതേ ആശുപത്രിയില്‍ തന്നെയുണ്ട്.

ഒമിക്രോണ്‍ റോണ്‍ സമൂഹത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യ ആള്‍ താനാണെന്ന് മാത്രം. എവിടെ നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്ന് അറിയില്ല. ഒമിക്രോണിനെക്കുറിച്ച് നമ്മുക്ക് അധികം അറിയില്ല. എന്നാല്‍ കഴിഞ്ഞ 12 ദിവസങ്ങളിലെ എന്റെ അനുഭവം നോക്കുമ്പോള്‍ ഇത് ഗൗരവമുള്ളതായി തോന്നുന്നില്ല. വിഷമിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ഒരാള്‍ ജാഗ്രത പാലിക്കണം. ചിലര്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വന്നേക്കാം. പക്ഷേ, ഒമിക്രോണ്‍ ജീവന് ഭീഷണിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു.