• 25 Jan 2022
  • 11: 23 PM
Latest News arrow

ഒമിക്രോണിനെ ഭയക്കേണ്ട; ടി-സെല്ലുകള്‍ പൊരുതിക്കൊള്ളും

ആഗോള തലത്തില്‍ കൊവിഡ് 19ന്റ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനുകള്‍ വഴിയുള്ള പ്രതിരോധത്തെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഒമിക്രോണ്‍ എന്നാണ് വ്യക്തമായിരിക്കുന്നത്. അതേസമയം കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ ഇതിന് തീവ്രത കുറവാണെന്നും വിലയിരുത്തലുണ്ട്. 

ഒമിക്രോണ്‍ ആദ്യമായി കാണപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നിരീക്ഷണങ്ങളാണ് ഒമിക്രോണിനെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. അവിടെ കൊവിഡിനെതിരായ വാക്‌സിനേഷന്‍ എടുത്തവരില്‍ ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ രോഗ ബാധയുടെ തീവ്രത കുറവാണ്. 

കംപ്യൂട്ടര്‍ മോഡലിങ്ങില്‍ നിന്നും, ഒമിക്റോണിന്റെ ഭൗതിക ഘടനയെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തിയതില്‍ നിന്നുമാണ് ഒമിക്രോണ്‍ ഭയപ്പെടേണ്ട ഒന്നല്ലെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ ഈ വിവരത്തെ പൂര്‍ണമായി ആശ്രയിക്കാന്‍ സാധിക്കില്ല. വൈറസിന്റെ ഉപരിതലത്തില്‍ കിരീടം പോലെയുള്ള പ്രോട്ടീനായ സ്‌പൈക്കില്‍ ബള്‍ക്ക് എന്ന ഒരു സംഗതിയുണ്ട്. ഇതിനെതിരെ പോരാടാനാണ് വാക്‌സിനുകള്‍ നമ്മുടെ ശരീരത്തെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഇരട്ടിയിലധികം മ്യൂട്ടേഷനുകളുള്ള മൈക്രോണ്‍ വകഭേദത്തെക്കുറിച്ച് ഒരുപാട് നിഗൂഢതകള്‍ അവശേഷിക്കുന്നുണ്ട്. 

ഒമിക്രോണിന്റെ മ്യൂട്ടേഷനുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ആഴ്ചകളോളം സൂക്ഷ്മമായ ലബോറട്ടറി പരിശോധനയും പഠനവും വേണ്ടിവരും. കൂടാതെ ഇത് എത്രത്തോളം വലിയ പകര്‍ച്ചവ്യാധിയാണ്, രോഗബാധിതരായവര്‍ക്ക് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ. എന്നാല്‍ ആദ്യകാല നിരീക്ഷണങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചില അനുമാനങ്ങളിലെത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്. 

വാക്‌സിനുകള്‍ വഴിയും കോവിഡ്-19 അണുബാധ വഴിയും ശരീരത്ത് ഉണ്ടായ ആന്റിബോഡികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒമിക്രോണ്‍ വൈറസുകള്‍ക്ക് കഴിയും. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധത്തിന്റെ രണ്ടാം നിരയായ ടി-സെല്ലുകളിലേക്ക് ഒമിക്റോണിന് കടന്നുകയറാന്‍ കഴിയില്ല. ടി സെല്ലുകള്‍ ആന്റിബോഡികളുമായി കൈകോര്‍ത്ത് വൈറസിനെതിരെ പ്രവര്‍ത്തിക്കും. എന്നാല്‍ ആന്റിബോഡികളുടെ ആക്രമണത്തില്‍ നിന്ന് വൈറസിന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ ടി-സെല്ലുകള്‍ രോഗബാധിതമായ കോശങ്ങളെ കൊല്ലാന്‍ തുടങ്ങും. ഒമിക്രോണിനെതിരെ ടി-സെല്ലുകള്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നാണ് കേപ് ടൗണ്‍ സര്‍വകലാശാലയിലെ രോഗപ്രതിരോധശാസ്ത്രജ്ഞനായ വെന്‍ഡി ബര്‍ഗേഴ്‌സ് പറയുന്നത്.

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ ചില പ്രത്യേക മേഖലകളെ മാത്രമാണ് ആന്റിബോഡികള്‍ ലക്ഷ്യമിടുന്നത്. അവിടെ മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ അത് ആന്റിബോഡികളുടെ ആക്രമിക്കാനുള്ള കഴിവിനെ സാരമായി ബാധിക്കും. എന്നാല്‍ ടി-സെല്ലുകള്‍ ലക്ഷ്യമിടുന്നത് സ്‌പൈക്കിനെ മുഴുവനായിട്ടാണ്. അതുകൊണ്ട് മ്യൂട്ടേഷന്‍ സംഭവിച്ചാലും ടി-സെല്ലുകള്‍ക്ക് വൈറസിനെ ആക്രമിച്ച് കീഴടക്കാന്‍ സാധിക്കും.

ടി-സെല്ലുകളുടെ പ്രതികരണത്തെ ഒമിക്രോണ്‍ എങ്ങിനെ ബാധിച്ചു എന്നതാണ് ശാസ്ത്രലോകം ഇപ്പോള്‍ പരിശോധിക്കുന്നത്. ഒമിക്രോണിന്റെ ഡസന്‍ കണക്കിന് മ്യൂട്ടേഷനുകളില്‍ ചിലത് മുമ്പത്തെ വകഭേദങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും, പലതും പൂര്‍ണ്ണമായും നവീനമാണ്. അതായത് ഒമിക്രോണിന്റെ പൂര്‍ണ്ണമായ ആഘാതം മനസ്സിലാക്കാന്‍ കൂടുതല്‍ സമയവും വിവരങ്ങളും വേണ്ടി വരും.

നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ എല്ലാ പ്രതികരണങ്ങളില്‍ നിന്നും ഈ ഒമിക്രൊണ്‍ സ്‌പൈക്ക് രക്ഷപ്പെടില്ലെന്നും വാക്‌സിനുകള്‍ക്ക് ഇപ്പോഴും ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. 

പകര്‍ച്ച വ്യാധി പിടിപ്പെട്ട് രണ്ട് വര്‍ഷമാകുമ്പോള്‍ ഇത്രമാത്രം രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം ശാസ്ത്രലോകത്തെ ആധിയിലാക്കുന്നുണ്ട്. എന്നിരുന്നാലും 1918ലെ മഹാമാരി പോലെ ഇത് അവസാനത്തെ തരംഗമാണെന്നും ആദ്യം കത്തിപ്പടര്‍ന്ന ശേഷം പിന്നെ കെട്ടടങ്ങിക്കൊള്ളുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.