250 രൂപയ്ക്ക് എസി മുറി; ഒപ്പം പൊലീസ് കാവലും

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതമായി താമസിക്കാന്‍ പൊലീസിന്റെ ഡോര്‍മെറ്ററി സംവിധാനം. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്കായി പൊലീസ് സംരക്ഷണത്തിലുള്ള പുതിയ ഡോര്‍മെറ്ററി ഒരുക്കിയിരിക്കുന്നത്.
തലസ്ഥാന നഗരിയില്‍ പല ആവശ്യങ്ങള്‍ക്കായി വരുന്നവരുണ്ട്. അവര്‍ക്ക് ഒരു ഹോട്ടലില്‍ മുറിയെടുത്താല്‍ അതും എസി മുറിയെടുത്താല്‍ കുറഞ്ഞത് ആയിരം രൂപയെങ്കിലും കൊടുക്കണം. അതിന് പകരമായ മിതമായി നിരക്കില്‍ സുരക്ഷിതമായ ഒരു താമസ സൗകര്യം എന്ന നിലയിലാണ് ഡോര്‍മെറ്ററി സജ്ജീകരിച്ചിരിക്കുന്നത്. ബൈറ്റ്ഡാന്‍സ് എന്നാണ് ഡോര്‍മെറ്ററിയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
പണ്ട് 30 പൊലീസുകാര്‍ക്ക് താമസിക്കാവുന്ന എസിയില്ലാത്ത ഒരു ഡോര്‍മിറ്ററി സംവിധാനമായിരുന്നു ഇത്. ഇവിടമാണ് ഇപ്പോള്‍ 84 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഡോര്‍മിറ്ററിയാക്കി പൊലീസ് മാറ്റിയിരിക്കുന്നത്. തട്ടുതട്ടുകളായിട്ടുള്ള ബെഡിങ് സംവിധാനമാണ് ഓരോ മുറിയിലും. ഓരോ കിടയ്ക്കക്ക് അടുത്തും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പൊലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും രണ്ട് നിരക്കാണ് വെച്ചിരിക്കുന്നത്. പൊലീസിന് ഒരാള്‍ക്ക് 150 രൂപയും പൊതുജനത്തിന് ഒരാള്‍ക്ക് 250 രൂപയുമാണ്. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് മുറി എടുക്കാനാകുന്നത്. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ പരമാവധി മൂന്ന് ദിവസം വരെ ഇവിടെ താമസിക്കാം. നേരിട്ട് വന്നും ഓഫീസിലേക്ക് വിളിച്ചും ഡോര്‍മിറ്ററി ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനം ആകുന്നതോടെ ബുക്കിങ് കുറച്ചുകൂടി എളുപ്പമാകും.