• 28 Sep 2023
  • 01: 34 PM
Latest News arrow

ഈ രാജിയ്ക്ക് കാരണം ഒരു പരമ്പര പരാജയമോ?

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിയ്ക്ക് പിന്നാലെയാണ് തീരുമാനം. ടീമിനായി കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് കോലി ട്വീറ്റ് ചെയ്തു. 7 വര്‍ഷം നീണ്ട കഠിനാധ്വാനമാണ് താന്‍ നടത്തിയത്. ടീമിന് വേണ്ടി 120 ശതമാനവും നല്‍കിയെന്നും കോലി ട്വീറ്റില്‍ വ്യക്തമാക്കി. രവി ഭായ് എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രവി ശാസ്ത്രിയ്ക്കും തന്നിലെ നായകനെ കണ്ടെത്തിയ മഹേന്ദ്ര സിങ് ധോണിയ്ക്കും കോലി നന്ദി പറഞ്ഞു. ഇനി ഇന്ത്യയെ നയിക്കാന്‍ മറ്റൊരാള്‍ വരട്ടെയെന്നും പറഞ്ഞാണ് വിരാട് കോലി ട്വിറ്റ് അവസാനിപ്പിക്കുന്നത്.

വളരെ അപ്രതീക്ഷിതമായിരുന്നു വിരാട് കോലിയുടെ ഈ തീരുമാനം. മുമ്പ് എംഎസ് ധോണിയുടെ കീഴില്‍ വളര്‍ന്നു വന്ന താരം, പിന്നീട് എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പരിശീലകനായി രവി ശാസ്ത്രിയും എത്തിയതോടെ കോലിയ്ക്ക് നല്ല പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു. ആ കാലം കോലി മിസ് ചെയ്യുന്ന എന്ന രീതിയിലാണ് ഈ ട്വീറ്റുള്ളത്. ഈ ട്വിറ്റിന് ബിസിസിഐ വെറും രണ്ട് വാക്കുകള്‍ കൊണ്ടുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ, ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റവും ഉന്നതിയിലെത്തിച്ച ക്യാപ്റ്റന് നന്ദി എന്ന് മാത്രമാണ് ബിസിസിഐ കുറിച്ചത്. 68 മത്സരങ്ങളില്‍ 40ലും അദ്ദേഹം ടീമിനെ വിജയിപ്പിച്ചിട്ടുണ്ടെന്ന കണക്കും ബിസിസിഐ മുന്നോട്ടുവെച്ചു. 

ഒരു പരമ്പര പരാജയത്തെത്തുടര്‍ന്ന് മാത്രം രാജി വെയ്ക്കാനുള്ള സാഹചര്യമായിരുന്നില്ല കോലിയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ രാജിയെന്ന് അനുമാനിക്കേണ്ടി വരും. 

ഒരു കാലത്ത് സെഞ്ചുറിയുടെ കാര്യത്തിലടക്കം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പോലും റെക്കോര്‍ഡുകള്‍ മറികടന്ന താരമാണ് വിരാട് കോലി. അതിന് ശേഷം ഈ സമീപ കാലത്താണ് വിരാടിന്റെ ഭാഗത്ത് നിന്നും മോശം പ്രകടനം ഉണ്ടായത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പരാജയത്തിന് ശേഷവും പരാജയങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ട്വന്റി20 ലോകകപ്പ് പരമ്പര ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. പക്ഷേ, ന്യൂസിലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും പോലും ഇന്ത്യ പരാജയപ്പെടുകയും സെമി കാണാതെ പുറത്തു പോവുകയും ചെയ്തു. ആ സമയത്ത് ഏകദിന- ടി20 സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. കോലിയ്ക്ക് പകരക്കാരനായി രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് കൊണ്ടുവരികയും ചെയ്തു. 

പിന്നീട് ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ നേടുന്നത് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ വന്നപ്പോഴാണ്. ഈ സൗത്ത് ആഫ്രിക്കന്‍ പരമ്പരയും വളരെ നിര്‍ണായകമായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. അവിടെയാണ് ഒരു ക്യാപ്റ്റന്റെ പങ്ക് വരുന്നത്. അദ്ദേഹം സ്വന്തം പ്രകടനം മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് നേടാമായിരുന്നു. 

മറ്റ് കാരണങ്ങളും ഉണ്ടാകാം. രവി ശാസ്ത്രി പരിശീലന സ്ഥാനത്ത് നിന്ന് മാറി. പരിശീലകനായി രാഹുല്‍ ദ്രാവിഡ് വരുന്നു. മുമ്പ് പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുമായി കോലിയ്ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് രവി ശാസ്ത്രിയെത്തുന്നത്. ഇപ്പോള്‍ വീണ്ടും കാര്‍ക്കശ്യക്കാരനായ രാഹുല്‍ ദ്രാവിഡ് വരുന്നു. അവര്‍ തമ്മിലുള്ള കെമിസ്ട്രി അത് നല്ലതല്ല. ഈ പരമ്പരയ്ക്ക് മുമ്പ് തന്നെ വിരാട് കോലിയും സൗരവ് ഗാംഗുലിയും തമ്മില്‍ ചെറിയൊരു അസ്വാരസ്യം ഉണ്ടായിരുന്നു. അതില്‍ സൗരവ് ഗാംഗുലിയുടെ ഒരു പ്രസ്താവന വന്നിരുന്നു. ഇവരെയൊക്കെ നിലയ്ക്ക് നിര്‍ത്താന്‍ എനിക്ക് നന്നായിട്ട് അറിയാം എന്നായിരുന്നു അത്. ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും കോലിയുടെ രാജിയിലേക്ക് നയിച്ചിട്ടുണ്ടാകും.

എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന കോലിയെന്ന കളിക്കാരനെ ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമുണ്ട്. ആ നിലയ്ക്ക് കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാദത്തെ അംഗീകരിക്കാന്‍ സാധിച്ചേക്കും. ഭാവിയില്‍ ഇനിയും ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയ്ക്ക് തുടരണമെങ്കില്‍ ബാറ്റിങ് പെര്‍ഫോര്‍മന്‍സ് മെച്ചപ്പെടുത്തിയേ മതിയാകൂ.