നടിയെ പിന്തുണയ്ക്കുന്നുവെന്ന് പോസ്റ്റിട്ടവര്‍ സ്വന്തം കമ്പനിയില്‍ 'ഐസി' ഉണ്ടോ എന്ന് വ്യക്തമാക്കണം; നടി പാര്‍വ്വതി

ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ തനിക്കുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത്. നടിയെ പിന്തുണയ്ക്കുന്നു എന്ന് പോസ്റ്റിട്ടവര്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്പനിയുണ്ടോയെന്ന് വ്യക്തമാക്കണം. അങ്ങിനെയാണ് സ്ത്രീകളുടെ കൂടെ നില്‍ക്കേണ്ടതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
പാര്‍വ്വതിയുടെ വാക്കുകള്‍...
''സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കേ ഈ പഠനകമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരാന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റുകയുള്ളൂ. ഇതൊരു എന്‍ക്വയറി കമ്മീഷനായിരുന്നെങ്കില്‍ നമ്മുക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമായിരുന്നു. ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്നാണ് ഞങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. രണ്ട് വര്‍ഷമായിട്ടും ഇതില്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. ഞങ്ങള്‍ മുഖ്യമന്ത്രിയെ പോയി കണ്ടതിന് ശേഷം രൂപീകരിച്ച കമ്മിറ്റിയാണിത്. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരവും ഞങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങളും കണക്കിലെടുത്തുകൊണ്ട് കൃത്യമായ ഒരു സിനിമാ നയവും നിയമവും ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
അടിസ്ഥാനപരമായി സ്ത്രീകള്‍ക്ക് സിനിമാ വ്യവസായത്തില്‍ നില്‍ക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ ഡിസ്പെന്‍സിബിള്‍ ആണ് എന്ന മനോഭാവത്തില്‍ നിന്നാണ് ഈ പ്രശ്നങ്ങളെല്ലാം വരുന്നത്. ആണ്‍മേല്‍ക്കോയ്മ എന്ന സംഗതി ചില സ്ത്രീകളിലും ഉണ്ടാകുമല്ലോ. അതൊക്കെ നമ്മളെ മുറിവേല്‍പ്പിക്കുന്നതാണ്. സത്യം പുറത്ത് വരും.'' പാര്‍വ്വതി പറഞ്ഞു.