• 04 Oct 2023
  • 07: 46 PM
Latest News arrow

''എനിക്ക് മനസ്സിലാകുന്നില്ല, എന്തിനാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിങ് എന്ന്''; മേപ്പടിയാന്റെ സംവിധായകന്‍

ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ സിനിമാക്കാര്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നമെന്നത് സിനിമയ്‌ക്കെതിരെ രൂപപ്പെടുന്ന ഒരു ഡീഗ്രേഡിങ് ഫാക്ടറിയാണ്. നമ്മുക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതില്‍ നമ്മുടെ ഒരു പ്രതികരണം അറിയിക്കാം. പക്ഷേ, സിനിമകളെയോ നടന്‍മാരെയോ ഒക്കെ ടാര്‍ഗെറ്റ് ചെയ്യുന്നത് പോലെയുള്ള പല ക്യാംപെയ്‌നും ഇപ്പോള്‍ കാണുന്നുണ്ട്. സിനിമാക്കാര്‍ അവരുടെ സങ്കടം അറിയിക്കുകയും ചെയ്യുന്നുണ്ട്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയും അത്തരത്തിലുള്ള ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. 

ഇതിനെക്കുറിച്ച് സംവിധായകന്‍ വിഷ്ണു മോഹന്‍ പ്രതികരിക്കുന്നു... 

''എനിക്ക് മനസ്സിലാകുന്നില്ല, എന്തിനാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിങ് എന്ന്. ഇങ്ങിനെയൊക്കെയായാല്‍ എങ്ങിനെ സിനിമ ചെയ്യുമെന്നാണ് ആലോചിക്കുന്നത്. ഇതിലെ നിസ്സാര കാര്യങ്ങള്‍ ഒക്കെ എടുത്ത് ആളുകള്‍ വലിയ വിഷയമാക്കിക്കൊണ്ടിരിക്കുന്നത്. സേവാഭാരതി എന്ന എന്‍ജിഒയുടെ ആംബുലന്‍സ് സിനിമയില്‍ ഉപയോഗിച്ചതാണ് പ്രശ്‌നം. 

കൊവിഡിന്റെ ഫസ്റ്റ് ലോക്ക്ഡൗണിന് ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. കൊവിഡായതിനാല്‍ ആംബുലന്‍സൊക്കെ കിട്ടാന്‍ വലിയ പാടായിരുന്നു. ചോദിച്ചപ്പോള്‍ 12,000 മുതല്‍ 15,000 രൂപ വരെ ദിവസവാടക ചോദിച്ചു. 13 ദിവസത്തോളം ആംബുലന്‍സ് വെച്ചുള്ള ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്ത് ആംബുലന്‍സ് സൗജന്യമായിട്ട് തന്നത് സേവാഭാരതിയാണ്. അതുകൊണ്ടാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത്. ഞാന്‍ അതില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതൊന്നുമല്ല. അതുകൊണ്ടാണ് താങ്ക്‌സ് കാര്‍ഡില്‍ സേവാഭാരതി എന്ന് വെച്ചിരിക്കുന്നത്. ഇതുപോലും ആളുകള്‍ ചോദ്യം ചെയ്യുന്നു.

സേവാ ഭാരതി എന്നത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു എന്‍ജിഒ ആണ്. ബ്ലാക്ക് ലിസ്റ്റഡ് സംഘടനയൊന്നുമല്ല. അവരുടെ പേര് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ നാട്ടില്‍ പ്രകൃതി ദുരന്തമൊക്കെ ഉണ്ടാകുന്ന സാഹചര്യങ്ങളിലെല്ലാം ഫയര്‍ഫോഴ്‌സിനും പൊലീസിനുമൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ സേവാഭാരതിയും പങ്കാളികളാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. 

ഒരു ആംബുലന്‍സ് ഉപയോഗിച്ചതിന് ആളുകള്‍ ഇങ്ങിനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഇവിടെ സിനിമ ചെയ്യാന്‍ സാധിക്കില്ല. ആനയെ കാണിക്കുമ്പോള്‍ ആനയെ കെട്ടിയ തെങ്ങിന്റെ മുകളില്‍ കള്ളിന്‍കുടം വെച്ചത് ശരിയായില്ല എന്ന് പറയുന്നത് പോലെയാണിത്. 

മറ്റൊരു ആരോപണം നായകന്‍ ഹിന്ദു വിശ്വാസം ഭയങ്കരമായി കാണിക്കുന്നുവെന്നാണ്. വിളക്ക് കത്തിക്കുന്നു, വണ്ടിയില്‍ ചന്ദനത്തിരി കത്തിക്കുന്നു, ക്ലൈമാക്‌സില്‍ ശബരിമലയ്ക്ക് പോകുന്നു. ഇതൊക്കെ ഇത്ര വലിയ തെറ്റാണോയെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. 

ഈ സിനിമയിലെ ആദ്യത്തെ ഡയലോഗ് തുടങ്ങുന്നത് കര്‍ത്താവേ എന്ന വാക്കിലാണ്. ആ സമയത്ത് ഉപയോഗിച്ച പാട്ട് ക്രിസ്ത്യന്‍ ഭക്തിഗാനമായിരുന്നു. നായകന്റെ ഒരു പ്രതിസന്ധി ഘട്ടത്തിലെ ഹോസ്പിറ്റല്‍ രംഗത്തില്‍ മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചിട്ടാണ് അദ്ദേഹം പോകുന്നത്. ഏത് ദൈവം എന്നുള്ളതല്ല, അയാള്‍ക്ക് പെട്ടെന്ന് ദൈവത്തെ ആശ്രയിക്കണമെന്ന് വന്നു. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഹോസ്പിറ്റലായിരുന്നു അത്. അതുകൊണ്ട് മാതാവിന്റെ രൂപം വെച്ചു. ഞാന്‍ ആര്‍ട് ഡയറക്ടറോട് പറഞ്ഞ് ചെയ്യിച്ചതാണ്. അങ്ങിനത്തെ ഒരു സാഹചര്യമാണ്. സിനിമയ്ക്ക് അത് ആവശ്യമാണ്. അയാള്‍ക്ക് ആരെയെങ്കിലും ഒന്ന് ആശ്രയിക്കണം. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുകയാണ്. ആ സമയത്ത് ഒരു തടസ്സമുണ്ടാകാതെ വിജയമാകാന്‍ അയാള്‍ പ്രാര്‍ത്ഥിക്കുന്നു. അതിന് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നൊന്നില്ല. ഹോസ്പിറ്റലില്‍ നിന്ന് അയാള് ക്ഷേത്രത്തില്‍ പോയി തൊഴുന്നതായി എനിക്ക് കാണിക്കാമായിരുന്നു. പക്ഷേ ഞാനത് ചെയ്തില്ല.

വളരെ മോശമായ ചിന്താഗതിയുള്ള ആളുകളാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതും ഫെയ്ക്ക് ഐഡികളില്‍ നിന്ന് കമന്റ് ഇടുന്നതും മറ്റൊരു വിധത്തിലേക്ക് വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം. ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്ന ഒരു സീനും ഈ സിനിമയിലില്ല.''