ഇത്ര രഹസ്യമാക്കി വെയ്ക്കാന്‍ എന്താണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്?

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട സമിതിയാണ് ഇത്. ഈ സമതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇതുവരെയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടത്തുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുമ്പില്‍ വെയ്ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലെ നീതി നിര്‍വ്വഹണത്തിനായി നടപ്പാക്കിയ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ എന്തുകൊണ്ടാണ് പുറത്ത് വിടാത്തത്?
റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതായ സാഹചര്യമില്ലെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞത്. പക്ഷേ, സിനിമയിലെ വനിതകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഈ നാളുകള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അനുയോജ്യമായ സാഹചര്യം?
ഈ കമ്മിറ്റിയില്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന പല സ്ത്രീകളും തങ്ങള്‍ക്കുണ്ടായ ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതൊന്നും പുറത്ത് വരണമെന്ന് നമ്മള് ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനായി കമ്മിറ്റി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് പുറത്തുവിടാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകേണ്ടതല്ലേ? ഒരു കോടി ആറ് ലക്ഷം രൂപയാണ് പഠനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത്. ഇതില്‍ ഒരു കോടി 3 ലക്ഷം രൂപ ജസ്റ്റിസ് ഹേമയുടെ ശമ്പളമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊതുജനങ്ങളുടെ പണം മുടക്കി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടാനായി ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയോടും മന്ത്രിമാരോടും വനിതാ കമ്മീഷനോടും നിരന്തരം കേണപേക്ഷിക്കേണ്ടി വരുന്നത് കഷ്ടമാണ്.
സര്‍ക്കാര്‍ എന്തുകൊണ്ട് രണ്ട് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ജസ്റ്റിസ് ഹേമയില്‍ നിന്നും കിട്ടിയ മറുപടി റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പുറത്ത് വിടുന്നത് വഴി സ്വകാര്യത ലംഘിക്കപ്പെടുമെന്നാണ്. അങ്ങിനെയെങ്കില്‍ തങ്ങളുടെ പേര് മറച്ചുവെച്ചുകൊണ്ട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടോളൂ എന്ന് ചൂഷണത്തെക്കുറിച്ച് അവരോട് സംസാരിച്ച സ്ത്രീകള്‍ തന്നെ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ ജസ്റ്റിസ് ഹേമ പറഞ്ഞത്, ആ സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് വന്ന് ഇക്കാര്യങ്ങള്‍ പറയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ എന്നാണ്. അങ്ങിനെ പറഞ്ഞാല്‍ മതിയെങ്കില്‍ അവര്‍ക്കത് സമൂഹമാധ്യമങ്ങളിലൂടെ പറയാമായിരുന്നല്ലോ? എട്ടും പത്തും മണിക്കൂറുകള്‍ ജസ്റ്റിസ് ഹേമയുടെ മുമ്പില്‍ വന്ന് തങ്ങള്‍ക്കുണ്ടായ ചൂഷണത്തെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമില്ലായിരുന്നു.
ഇതിന് മുമ്പ് അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടൊക്കെ ഉണ്ടായിട്ടുണ്ട്. അത് പുറത്തുവന്നതുമാണ്. അങ്ങിനെ സിനിമാ മേഖലയിലെ മുഴുവന്‍ പ്രശ്നങ്ങളും ഇവിടെ ചര്‍ച്ചയായതുമാണ്. എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് വരുമ്പോള്‍ ഇതൊക്കെ മറക്കുന്നു. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമാക്കി വെയ്ക്കുന്നു. അതെന്തുകൊണ്ടാണ്?
സ്ത്രീകളുടെ ചൂഷണത്തെക്കുറിച്ച് വിവരിക്കുന്ന ആ റിപ്പോര്‍ട്ടില്‍ ചൂഷകന്മാരുടെ പേരുകളും ഉണ്ടാകും. പേരുകള്‍ മാത്രം മറച്ചാലും അവരാരെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകും. അത് പിന്നീട് വലിയ പ്രശ്നമായി മാറും. അതുകൊണ്ടാകും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. സ്ത്രീകളുടെ സ്വകാര്യതയെ മാനിച്ചാണെന്ന് ജസ്റ്റിസ് ഹേമ പറയുമ്പോഴും, തങ്ങളുടെ സ്വകാര്യത ഇവിടെ പ്രശ്നമല്ലെന്ന് ആ സ്ത്രീകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ആ സ്ത്രീകള്‍ക്ക് പ്രശ്നമല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം?
ഇതൊരു കമ്മീഷനല്ല, കമ്മിറ്റിയാണ്. എന്നിട്ടും ഇത്രയൊക്കെ ആവശ്യപ്പെടലുകള്‍ ഉണ്ടായിട്ടും അതിലെ നിര്‍ദേശങ്ങള്‍ പോലും പുറത്ത് വിടാതിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ഈ കമ്മിറിയുടെ റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ നിര്‍ദേശങ്ങളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്റെ ചുരുക്ക രൂപം മാത്രമാണ് നല്‍കിയത്. എന്തിനാണ് ഈ പൂഴ്ത്തിവെയ്പ്പ്?
എന്തിനാണ് നമ്മുടെ സംസ്ഥാനത്ത് ഒരു സാംസ്കാരിക വകുപ്പ്? തങ്ങള്‍ക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ലെന്നാണോ അവരുടെ വിചാരം?
മന്ത്രി സജി ചെറിയാന് പറഞ്ഞു, തങ്ങള്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കാന്‍ പോവുകയാണ്. ആ കമ്മിറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കുമെന്ന്. എന്ത് പ്രഹസനമാണത് സാര്‍? സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത സര്‍ക്കാരിലേക്ക് കൂടി എത്തിയിട്ടുണ്ടെന്ന് വ്യക്തം.
വനിതാ കമ്മീഷന് പോലും ഒരു മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണമെന്നോ നടപടികളെടുക്കാന്‍ സര്‍ക്കാരില്‍ എങ്ങിനെ സ്വാധീനം ചെലുത്തണമെന്നോ ഈ റിപ്പോര്‍ട്ടുകള്‍ എങ്ങിനെ പുറത്ത് കൊണ്ടുവരണമെന്നോ അറിയാത്ത അവസ്ഥയാണ്. 2013ലെ ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ എല്ലാ ജോലിസ്ഥലങ്ങളിലും ഉണ്ടായിരിക്കേണ്ടതാണ്. അതൊന്നും ഇവിടെ നടപ്പിലാകുന്നതേയില്ല.
മലയാള സിനിമയിലെ ബാക്കി അഭിനേതാക്കളൊക്കെ എവിടെയാണ്? ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്നമല്ലല്ലോ? ഇത് മലയാള സിനിമാ മേഖലയില്‍ പണിയെടുക്കുന്ന ഓരോ സ്ത്രീകളുടെയും പ്രശ്നമാണ്. ജോലിസ്ഥലത്ത് ബാത്റൂം വേണം, തൊഴില്‍ വേതനം വര്‍ധിപ്പിക്കണം, ചൂഷണമുണ്ടാകാന് പാടില്ല എന്നൊക്കെ പറയുന്നത് ഒരു സംഘടനയിലെ കുറച്ച് ആളുകളുടെ വിഷയം മാത്രമായിട്ടാണ് പലരുമെടുക്കുന്നത്. അല്ല. നാളെ മലയാള സിനിമയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളാണ് ഇതെല്ലാം. അവയ്ക്ക് വേണ്ടിയാണ് ആ സ്ത്രീകള്‍ പോരാടുന്നത്. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സാഹര്യം മാറാന്‍ വേണ്ടിയാണ് അവര്‍ യുദ്ധം ചെയ്യുന്നത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അപകടകരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകള്‍ ക്യാപിറ്റലിസ്റ്റിക്കായ വലിയ ശക്തിയ്ക്കെതിരെയാണ് സര്‍ക്കാരിനെ മാത്രം വിശ്വസിച്ചുകൊണ്ട് മൊഴി കൊടുത്തിരിക്കുന്നത്. അതില്‍ വലിയ സൂപ്പര്‍ സ്റ്റാറുകളുണ്ട്, വലിയ പ്രൊഡക്ഷന്‍ കമ്പനികളുണ്ട്. അത്രയും റിസ്ക്കെടുത്ത് നല്കിയ മൊഴിയുടെ മേല്‍ നടപടിയുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അത് പൂഴ്ത്തിവെയ്ക്കപ്പെടുന്നത് വഴി ഈ സ്ത്രീകള്‍ നേരിടുന്ന ഭീഷണി ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. അവരുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലം അപകടത്തിലായിരിക്കുന്നത്.