• 27 May 2022
  • 12: 24 PM
Latest News arrow

സ്വര്‍ണത്തില്‍ 80 ശതമാനം കള്ളക്കച്ചവടം

സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്തെ മുഴുവന്‍ സ്വര്‍ണ വ്യാപാരവും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയും ഇ-ഗവേര്‍ണന്‍സിലൂടെ നിരീക്ഷിക്കുകയും വേണമെന്ന് എംപി അഹമ്മദ് നിര്‍ദേശിച്ചു.

ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് എന്നും ഒരു വികാരമാണ് സ്വര്‍ണം. സ്വര്‍ണത്തിന് ആവശ്യം എന്നും കൂടിയിട്ടേ ഉള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്വര്‍ണം പലപ്പോഴും അന്തസ്സിന്റെ അടയാളമാണ്. അത് രാജ്യത്തിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. സ്വര്‍ണത്തിന്‍മേലുള്ള നികുതി സര്‍ക്കാരിന്റെ വലിയൊരു വരുമാനസ്രോതസ്സാണ്.  

സ്വര്‍ണത്തിന്‍മേലുള്ള വികാരത്തെയും അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ശാസ്ത്രത്തെയും സമീകരിക്കാന്‍ സര്‍ക്കാരിന്റെ നയനിര്‍മ്മാതാക്കള്‍ എപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് സാധിച്ചിട്ടില്ല. ചാരവിപണിയെ (ഗ്രേ മാര്‍ക്കറ്റ്) പ്രോത്സാഹിപ്പിക്കുന്ന നികുതികളും അവയെ പരിശോധിക്കാന്‍ കഴിയാത്ത ദുര്‍ബലമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനവുമാണ് ഇവിടെയുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണ ആവശ്യത്തിന്റെ 70 മുതല്‍ 80 ശതമാനവും നിറവേറ്റുന്നത് ചാര വിപണിയിലൂടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പണം ഏര്‍പ്പെടുത്തി കൊടുക്കുന്നവര്‍, വാണിജ്യ ചാലുകള്‍, ജ്വല്ലറിക്കാര്‍ എന്നിവരടങ്ങുന്നതാണ് ചാര വിപണി (ഗ്രേ മാര്‍ക്കറ്റ്). സ്വര്‍ണത്തിന്‍മേലുള്ള ഇറക്കുമതി തീരുവ ഉയര്‍ന്ന് നില്‍ക്കുന്നത് ചാരവിപണിയ്ക്ക് തഴച്ചുവളരാനുള്ള വളമായിരിക്കുകയാണ്.

കള്ളക്കടത്ത് വഴി ചെറുകിട ജ്വല്ലറികളിലേക്ക് വില്‍പ്പനയ്ക്കായി എത്തുന്ന സ്വര്‍ണം വില്‍പ്പന നികുതി അടയ്ക്കാതെയാണ് വില്‍ക്കപ്പെടുന്നത്. ഇത്തരം ജ്വല്ലറികള്‍ നികുതി ഇന്‍വോയ്സ് ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വിലകുറഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കും. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല, ഖജനാവിന് വലിയ നഷ്ടം വരുത്തിവെയ്ക്കുകയുമാണ് ഇത്തരം നടപടികളിലൂടെ ജ്വല്ലറിക്കാര്‍ ചെയ്യുന്നത്.

സ്വര്‍ണം എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്നത് കൊണ്ട് ചില്ല സാഹചര്യങ്ങളില്‍ കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിക്കാറുണ്ട്. സ്വര്‍ണത്തിന്റെ സാമ്പത്തികശാസ്ത്രം ലളിതമാണെങ്കില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകളെ വലിയ തോതില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയിലും വിദേശത്തുമായി 280 ജ്വല്ലറികള്‍ ഉള്ള മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ എംപി അഹമ്മദ് പറയുന്നു. 

2020ല്‍ 35 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2025 ആകുമ്പോഴേയ്ക്കും 70 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്യാനാണ് പദ്ധതി. അതേസമയം രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2021 സാമ്പത്തിക വര്‍ഷത്തില്‍ 25.30 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നിരുന്നു. അതുകൊണ്ട് ഇറക്കുമതി ഇരട്ടിയാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. 

സ്വര്‍ണം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലുമാണ്. രാജ്യത്തിന്റെ സ്വര്‍ണ വ്യാപാരം മെച്ചപ്പെടണമെങ്കില്‍ ആദ്യം ചാരവിപണി ഉയര്‍ത്തുന്ന വെല്ലുവിളികളെ പരിഹിക്കണം. സൗഹാര്‍ദപരമായ ഒരു നികുതി സമ്പ്രദായമാണ് ആവിഷ്‌കരിക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. സംഘടിത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൂടെയാണ് 20 മുതല്‍ 30 ശതമാനം സ്വര്‍ണ വില്‍പ്പനയും നടക്കുന്നത്. ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തി വില്‍പ്പന ഇരട്ടിയാക്കുന്നത് വഴി സര്‍ക്കാരിന് പുതിയ വരുമാന സ്രോതസ് തന്നെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ കച്ചവടം തഴച്ചുവളരുകയാണെങ്കില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തിലെ വര്‍ദ്ധനവ് സങ്കല്‍പ്പിക്കാവുന്നതയേള്ളൂ.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനൊപ്പം മറ്റ് നടപടികളും സ്വീകരിക്കാം. സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്തെ മുഴുവന്‍ സ്വര്‍ണ വ്യാപാരവും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയും ഇ-ഗവേര്‍ണന്‍സിലൂടെ നിരീക്ഷിക്കുകയും വേണമെന്ന് എംപി അഹമ്മദ് നിര്‍ദേശിച്ചു. ഇറക്കുമതി തീരുവ 4 ശതമാനത്തിലേക്ക് താഴ്ത്തുവാനും ജിഎസ്ടി 1.25 ശതമാനമാക്കുവാനും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോള്‍മാര്‍ക്ക് യുണീക് ഐഡെന്റിഫിക്കേഷന് വേണ്ടിയുള്ള 6 അക്ക ആല്‍ഫാന്യൂമറിക് കോഡ് എല്ലാ ആഭരണങ്ങള്‍ക്കും ഹോള്‍മാര്‍ക്കിങ്ങിന്റെ സമയത്ത് നല്‍കണം. ഓരോ ആഭരണത്തിനും പ്രത്യേകം പ്രത്യേകം കോഡ് ഉണ്ടായിരിക്കണം. ആഭരണങ്ങള്‍ക്ക് വ്യാജ കോഡുകള്‍ നല്‍കുന്ന രീതി ഇപ്പോഴുണ്ട്. അതിന് തടയിടാന്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതാണ്. സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിയും തീരുവയും വെട്ടിക്കുറയ്‌ക്കേണ്ടതാണ്. 

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും കുറച്ചാല്‍ തന്നെ സ്വര്‍ണത്തിന്റെ വില്‍പ്പന ഉയര്‍ത്താനും സമാന്തരമായ നിയമവിരുദ്ധ വാണിജ്യങ്ങള്‍ക്ക് തടയിടാനും കഴിയും.