• 27 May 2022
  • 11: 30 AM
Latest News arrow

'കാരണവര്‍ക്ക് അടുപ്പിലുമാകാം, ബാക്കിയുള്ളവര്‍ക്ക് പറമ്പിലും പാടില്ല'

കൊവിഡിന് സിപിഎം സമ്മേളനങ്ങളെ പേടിയാണെന്നാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിശ്വാസം. എന്നാല്‍ ആ വിശ്വാസത്തിന് ഹൈക്കോടതി പുല്ലുവിലയാണ് കല്‍പ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കെന്ത് പ്രത്യേകതയാണുള്ളതെന്നാണ് കോടതിയുടെ ചോദ്യം. 

കേരളത്തില്‍ സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതുവരെ നിയന്ത്രണങ്ങളെല്ലാം. എന്നാല്‍ ഇത്തവണ ആ രീതി ഒന്ന് മാറ്റിപ്പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിപിഎം സമ്മേളനങ്ങള്‍ നടന്ന ജില്ലകള്‍, സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകള്‍, സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്ന ജില്ലകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് നിയന്ത്രണങ്ങള്‍. സമ്മേളനങ്ങള്‍ കഴിഞ്ഞ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്ന ജില്ലകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഉണ്ടാവുകയില്ല. 

കൊവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തിയും സൗകര്യത്തിന് വളച്ചൊടിച്ചും സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി എന്നിങ്ങനെ ജില്ലകളെ തിരിച്ചാണ് നിയന്ത്രണം. ഇന്നലെ സമ്മേളനം തുടങ്ങിയ കാസര്‍ഗോഡും തൃശ്ശൂരും ഒരു കാറ്റഗറിയിലുമില്ല. അതായത് ഇവിടെ ഒരു നിയന്ത്രണങ്ങളും ബാധകമല്ല. കാസര്‍ഗോഡ് ഇന്നലത്തെ  ടിപിആര്‍ 36ഉം തൃശ്ശൂരിലേത് 34മാണ്. തിരുവനന്തപുരവും കോഴിക്കോടും എറണാകുളവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ല തൃശ്ശൂരാണ്. ഇക്കാര്യം പരിഗണിച്ചാല്‍ ഈ ജില്ലകളില്‍ ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടാണ് രണ്ട് ജില്ലകളെയും കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. ഇത് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എന്നാല്‍ പാര്‍ട്ടി അംഗങ്ങളുടെ ആരോഗ്യമാണ് തങ്ങള്‍ക്ക് മുഖ്യമെന്നാണ് കോടിയേരി വ്യക്തമാക്കുന്നത്. അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക ശാരീരിക ആരോഗ്യമായിരിക്കില്ല, കമ്മ്യൂണിസ്റ്റ് ആരോഗ്യമായിരിക്കും. 50 പേരില്‍ കൂടുതല്‍ ഒരു പരിപാടിയിലുമുണ്ടാകരുതെന്ന് ഉത്തരവിറക്കിയ കളക്ടറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ അനുമതി നേടിയെടുത്തിരിക്കുകയാണ്. എന്തായാലും ജനങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും പരിപാടി നടത്തണമെങ്കില്‍ സിപിഎമ്മുകാരകണം എന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. 

പ്രതിപക്ഷത്തിന്റെ സമരത്തെ നോക്കി മരണത്തിന്റെ വ്യാപാരികള്‍ എന്ന് തോമസ് ഐസക് വിളിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. അന്നൊക്കെ പ്രതിപക്ഷത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പെരുമഴയായിരുന്നു. ഇപ്പോള്‍ തോമസ് ഐസക് സമൂഹ മാധ്യമങ്ങളില്‍ നിന്നും വിരമിച്ചിരിക്കുകയാണോ എന്ന് തോന്നും. 

തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ക്കും നിരവധി സിപിഎം നേതാക്കള്‍ക്കും കൊവിഡ് ബാധിച്ചു. ഈ നേതാക്കളെല്ലാം ക്വാറന്റീനിലിരിക്കേണ്ടതാണ്. അവരിപ്പോള്‍ വേറെ ജില്ലകളില്‍ പോയി സമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ആരോഗ്യമന്ത്രി പറയുമ്പോള്‍ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സിപിഎം സമ്മേളനങ്ങള്‍ അരങ്ങേറുന്നത്. ആരോഗ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് നിര്‍ത്താതെ പറയുന്നത് പാര്‍ട്ടിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്ന പേടിയും പാര്‍ട്ടിക്കാര്‍ക്കുണ്ട്. 

ഈ വണ്ടി എവിടെയെങ്കിലും പോയി ഇടിച്ചു നില്‍ക്കട്ടെയെന്ന ഉദാസീന മനോഭാവമാണ് സര്‍ക്കാരിനും സിപിഎമ്മിനും കൊവിഡ് രോഗത്തോടുള്ളത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ? സമ്മേളനമാണോ ജനങ്ങളുടെ ആരോഗ്യമാണോ വലുത്? പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും നിശ്ചയമായും അത് സമ്മേളനം തന്നെയായിരിക്കും.