• 28 Sep 2023
  • 01: 51 PM
Latest News arrow

കളി എഴുത്തുകാരനായ ഇ അഹമ്മദ്

ഇന്ന് ഇ അഹമ്മദിന്റെ അഞ്ചാം ചരമവാര്‍ഷികം

ജനാധിപത്യത്തിന്റെ പോരാട്ടക്കളമായ പാര്‍ലമെന്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച രാഷ്ട്രീയ നേതാവായ ഇ അഹമ്മദിനെയെ മിക്കവര്‍ക്കും അറിയാന്‍ വഴിയുള്ളൂ. എന്നാല്‍ കാല്‍പ്പന്തുകളിയുടെ പോരാട്ടക്കളത്തില്‍ തന്റെ തൂലിക കൊണ്ട് ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച കളി എഴുത്തുകാരനായ ഇ അഹമ്മദ് പലര്‍ക്കും അജ്ഞാതനാണ്. 

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ആരെയും കീഴടക്കുന്ന സൗമ്യന്‍, നയതന്ത്ര ചാതുര്യം ഇതൊക്കെയാണ് കര്‍മ്മനിരതനായിരുന്നപ്പോള്‍ തന്നെ 2017 ഫെബ്രുവരി ഒന്നിന് വിടപറഞ്ഞ ഇ അഹമ്മദിനെക്കുറിച്ചു നാം അറിഞ്ഞിരുന്നത്. കണ്ണൂരിന്റെ സംഭാവന ആയിരുന്ന അദ്ദേഹം ശരാശരി കണ്ണൂര്‍കാരനെപ്പോലെ കാല്‍പന്തുകളിയുടെ ആരാധകന്‍ എന്നതിലപ്പുറം ഒരുകാലത്തു മലബാറില്‍ നടന്നിരുന്ന ചെറുതും വലുതുമായ എത്രയോ കളികള്‍ കൊച്ചു കൊച്ചു വാക്കുകളിലൂടെ അന്നത്തെ കളി ആസ്വാദകരുടെ മനസ്സില്‍ കൊണ്ടെത്തിച്ചിരുന്നു എന്നത് അറിയപ്പെടുന്ന കളി എഴുത്തുകാര്‍ക്കുപോലും അറിയാത്ത രഹസ്യമാണ്, സത്യമാണ്. അസംബ്ലിയിലും, പാര്‍ലമെന്റിലും ഐക്യ രാഷ്ട്രസഭയിലും മുഴങ്ങിക്കേള്‍ക്കാറുണ്ടായിരുന്ന ശാന്ത ഗംഭീരമായ പ്രസംഗങ്ങളും, എഴുത്തിന്റെ തീവ്രതയും തീഷ്ണതയും, വാര്‍ത്താലേഖകന്‍ എന്ന നിലയില്‍ നിന്ന് ലഭിച്ച അറിവിന്റെയും അനുഭവഞ്ജാനത്തിന്റെയും ബാക്കി പത്രമായിരുന്നു എന്ന് എപ്പോഴും അദ്ദേഹം ഓര്‍ത്തു പറയാറുണ്ടായിരുന്നു. 

വടകര റഹ്‌മാനും ടി പി ഭാസ്‌ക്കരക്കുറുപ്പും കളിച്ചിരുന്ന മിക്കവാറും എല്ലാ വോളിബാള്‍ കളികളും അക്കാലത്തു ചന്ദ്രികയില്‍ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു എന്ന് പരിചയപ്പെട്ടു ഒരുപാടു കഴിഞ്ഞാണ് ഞാനും അറിയുന്നത്. ഒളിമ്പ്യന്‍ റഹ്‌മാന്റെയും ഭാസി മലാപ്പറമ്പിന്റെയും ഉസ്മാന്‍ കോയയുടെയും ചെറുപ്പകാലത്തെ കാല്‍പ്പന്തു കളികള്‍ അന്നത്തെ കളി ആസ്വാദകരുടെ മനസ്സില്‍ എത്തിയതും ഇ അഹമ്മദിന്റെ മനോഹരമായ വര്‍ണനകളിലൂടെയായിരുന്നു

ചന്ദ്രികയില്‍ സഹ പത്രാധിപര്‍ ആകുന്നതിനു മുമ്പ് തന്നെ അദ്ദേഹം അറിയപ്പെടുന്ന പന്തുകളി എഴുത്തുകാരനായിരുന്നു. അക്കാലത്ത് കണ്ണൂര്‍ കളിഎഴുത്തുകാരുടെ ഒരു കേന്ദ്രവും ആയിരുന്നു. പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവ് കെ പി ആര്‍ ഗോപാലന്റെ സഹോദരന്‍ കെ പി ആര്‍ കൃഷ്ണനും പില്‍ക്കാലത്ത് ലീഗുനേതാവും മന്ത്രിയും ആയിരുന്ന കോഴിക്കോട്ടെ പി എം അബൂബക്കറും അന്നത്തെ യുവ കളി എഴുത്തുകാരനായിരുന്ന പില്‍ക്കാലത്ത് മികച്ച നയതന്ത്രജ്ഞനായിത്തീര്‍ന്ന ഇ അഹമ്മദിന്റെ സഹപ്രവര്‍ത്തകര്‍ ആയിരുന്ന വിവരം അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കുവച്ച അറിവുകളായിരുന്നു 

എണ്‍പതുകളുടെ തുടക്കത്തില്‍ ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അത്‌ലറ്റിക്‌സ് പരിശീലകനായി നിയമിതനായപ്പോള്‍ വിഖ്യാത ക്രിക്കറ്ററും പരിശീലകനും ആയിരുന്ന ബാബു അച്ചാരത്ത് എന്റെ സീനിയര്‍ സഹ പ്രവര്‍ത്തകനായിരുന്നു. ഇ അഹമ്മദിന്റെ അനിയത്തിയായിരുന്നു അദ്ദേഹത്തിന്റെ ശ്രീമതി. അന്ന് E, 2 ക്വാര്‍ട്ടേസില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത് ഞാനും പ്രശസ്ത വോളിബാള്‍ കോച്ച് വടകര അബ്ദുറഹിമാനും അവരുടെ അയല്‍ക്കാരായിട്ടുണ്ടായിരുന്നു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും ഈ പ്രമുഖ രാഷ്ട്രീയ നേതാവ് അനിയത്തിയെക്കാണുവാന്‍ അന്നത്തെ ആ ക്വാര്‍ട്ടേസില്‍ ഇറങ്ങുക പതിവായിരുന്നു. അതോടെ അവിടം സ്‌പോര്‍ട്‌സ് ചര്‍ച്ച കേന്ദ്രവുമാകും. കളി എഴുത്തുകാരന്‍ എന്ന നിലയിലാണ് ബാബു സാര്‍ അന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. അക്കാലത്തു ഞാന്‍ ചന്ദ്രികയില്‍ മില്‍ഖാ പറഞ്ഞ കഥ എന്നൊരു പരമ്പര എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

ക്രിക്കറ്റും ടെന്നീസും ഇ അഹമ്മദിന്റെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. കപില്‍ ദേവും തെണ്ടുല്‍ക്കറുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തതും അവരെ കുറിച്ചു എഴുതിയ കുറിപ്പുകളെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. രാമനാഥന്‍ കൃഷ്ണന്‍ വിമ്പിള്‍ഡണ്‍ സെമി ഫൈനലില്‍ എത്തിയകാലത്തെക്കുറിച്ചം കൃഷ്ണന്‍ പ്രേംജിത് ലാല്‍ ജയ് ദീപ് മുഖക്കര്‍ജിമാര്‍ 1974 ല്‍ ഡേവിസ് കപ്പ് ഫൈനല്‍ കളിച്ചതുമൊക്കെ അദ്ദേഹത്തില്‍ നിന്ന് കേട്ടത് ഒരു 'Time travel' അനുഭൂതിയാണുണ്ടാക്കിയത്.

അക്കാലത്തെ സാര്‍വ ദേശീയ ഫുട്‌ബോള്‍ കളിക്കാരുടെ ജീവിത കഥകളും അവരുടെ അപൂര്‍വ ഗോള്‍ നേട്ട മികവുകളും വര്‍ണ്ണിച്ചതുകേട്ട് ഞാന്‍ ആശ്ചര്യപെട്ടിരുന്നിട്ടുണ്ട്. പെലെയുടെയും ഡി ഫനോയുടെയും മികവുകളും 66/70 ലോക കപ്പിലെ വിശേഷങ്ങള്‍ ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ സഹായത്തോടെ കേട്ടു എഴുതി മലബാറിലെ പന്തുകളിക്കാരുടെ മനസില്‍ എത്തിച്ച വര്‍ണ്ണന കേട്ടു അതിശയത്തോടെ ഞാന്‍ ആ കണ്ണുകളില്‍ നോക്കി ഇരുന്നുപോയി. പിന്നീട് കളി എഴുത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന പ്രബന്ധം തയാറാക്കിയപ്പോഴും ഒരല്പ നേരം അദ്ദേഹവുമായി സംസാരിക്കുവാന്‍ എനിക്ക് കഴിഞ്ഞു.

മുഹമ്മദ് കോയ നടക്കാവ് ചന്ദ്രികയുടെ സ്‌പോര്‍ട്‌സ് ലേഖകന്‍ ആയിരുന്ന അവസരത്തില്‍ അഹമ്മദ് സാറിന്റെ ചില ലേഖനങ്ങള്‍, ഞങ്ങള്‍ തപ്പിയെടുത്തിരുന്നു. അതൊക്കെ ഇന്നും അവരുടെ ആര്‍ക്കെവ്‌സില്‍ ഉണ്ടായിരിക്കണം. പുതിയ തലമുറക്കായി അതൊക്കെ പങ്കുവയ്ക്കുവാന്‍ ഇപ്പോഴത്തെ സംവിധാനം ശ്രമിക്കുകയാണെങ്കില്‍ അത് ഈ വിഷയത്തെക്കുറിച്ചു അറിയുവാന്‍ ആഗ്രഹമുള്ളവര്‍ക്കും കളികളെക്കുറിച്ചും കളി എഴുത്തിനെകുറിച്ചും ഗവേഷണം ചെയ്യുന്നവര്‍ക്കും ഒരു അനുഗ്രഹമായിരിക്കും. അധികം അറിയാതെപോയ ആ കളി ഏഴുത്തുകാരനെ നന്ദിയോടെ സ്‌നേഹത്തോടെ ആദരവോടെ ഓര്‍ക്കുന്നു.