• 22 Sep 2023
  • 02: 39 AM
Latest News arrow

ജോലിസ്ഥലങ്ങളില്‍ സന്തോഷത്തോടെയിരിക്കണോ? സ്വീഡന്‍കാരുടെ ഈ രീതി അനുകരിച്ചോളൂ...

സാധരണ നമ്മള്‍ ജോലി ചെയ്യുന്ന മിക്ക സ്ഥാപനങ്ങളിലും കോഫി ബ്രേക്ക് അല്ലെങ്കില്‍ ടീ ബ്രേക്ക് എന്നൊരു സംഗതിയുണ്ട്. അത്രയും നേരം ഇരുന്ന് ജോലി ചെയ്തതിന്റെ മുഷിപ്പൊക്കെ മാറി ഒന്ന് ഉഷാറാകാനായിട്ടോ അതല്ലെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ വരുന്ന ചെറിയ വിശപ്പിന് തടയിടാനുമൊക്കെയായിട്ടാണ് ഈ ബ്രേക്കിനെ പ്രയോജനപ്പെടുത്തുക. സ്വീഡനില്‍ പക്ഷേ, ഇത് അവരുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം കൂടിയാണ്. 

'ഫിക' എന്നാണ് അവര്‍ ഈ കോഫി ബ്രേക്കിനെ വിളിക്കുന്നത്. കോഫിയുടെ പഴയ സ്വീഡിഷ് വാക്കായ കാഫി എന്ന വാക്ക് തിരിച്ചിട്ടാണ് ഫിക എന്ന വാക്കുണ്ടായത്. ജോലി ചെയ്യുന്നത് സാവധാനമാക്കി റിലാക്‌സ് ചെയ്യാനാണ് ആളുകള്‍ ഫികയെ പ്രയോജനപ്പെടുത്തുന്നത്. ഇതുവഴി അവരുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. 

മുമ്പ് കോഫിയോട് സ്വീഡിഷ് ജനതയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. സ്വീഡനിലെ രാജാക്കന്‍മാര്‍ കോഫി നിരോധിക്കുകയും അതിന് മുകളില്‍ കനത്ത നികുതി ചുമത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിന് ശേഷം 19-ാം നൂറ്റാണ്ടിലാണ് ഫിക ആരംഭിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയുള്ള സമയത്ത് ഫാക്ടറികള്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഫിക വന്നതോടുകൂടി അപകടങ്ങളുടെ തോത് കുറയ്ക്കാനായി. 

ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷമാണ് കോഫി രാജ്യത്ത് അതിജീവിച്ചത്. ഇന്നിപ്പോള്‍ രാജ്യത്തെ കോഫി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കോഫി കപ്പുകളുടെ വലിപ്പ കൂടി. ൂടെ കഴിക്കാനുള്ള ബണ്ണുകളുടെ വലിപ്പവും 50 വര്‍ഷം മുമ്പത്തേക്കാള്‍ വര്‍ധിച്ചു. പരമ്പരാഗതമായി ഫികയ്ക്ക് 7 വ്യത്യസ്ത തരത്തിലുള്ള കേക്കുകളാണ് വിളമ്പുക. ഇപ്പോള്‍ പക്ഷേ, വ്യത്യസ്ത തരത്തിലുള്ള പലഹാരങ്ങള്‍ കോഫിയ്‌ക്കൊപ്പം നല്‍കാറുണ്ട്. 

ആരെങ്കിലും ഫികയ്ക്ക് ക്ഷണിച്ചിട്ട് പോയില്ലെങ്കില്‍ സാമൂഹിക ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് കണക്കാക്കുക. അതുകൊണ്ട് നിര്‍ബന്ധമായും ഫികയ്ക്ക് സമ്മതം മൂളേണ്ടി വരും.

ഫിക വെറുമൊരു ചടങ്ങ് മാത്രമല്ല, അത് എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് കൊടുത്തിരിക്കണമെന്ന് നിയമം തന്നെയുണ്ട്.  ലോകത്തില്‍ ഏറ്റവും കുറവ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ജനത സ്വീഡന്‍ ജനതയാണ്. ജോലിസ്ഥലങ്ങളില്‍ അവര്‍ വളരെ സന്തോഷത്തിലാണ്. അതുകൊണ്ട് സ്വീഡന്‍കാരുടെ സന്തോഷത്തിന് കാരണം ഫിക കൂടിയാണ്.