• 01 Oct 2023
  • 07: 46 AM
Latest News arrow

''അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്''; സ്വപ്‌ന സുരേഷിന് പ്രണയ ലേഖനമെഴുതി സംവിധായകന്‍

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് പ്രണയലേഖനം എഴുതി തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീണ്‍ ഇറവങ്കര. വിശ്വപ്രണയദിനം വാലന്‍ന്റൈന്‍സ് ഡേ പ്രമാണിച്ചാണ് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പ്രണലേഖനം പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ട് പത്ത് ദിവസമായി സ്വപ്‌നയോട് കടുത്ത പ്രണയമാണെന്ന് പ്രവീണ്‍ പറയുന്നു.

പ്രവീണിന്റെ പ്രണയലേഖനം വായിക്കാം...

പ്രിയപ്പെട്ട സ്വപ്നാസുരേഷ്,

കഴിഞ്ഞ അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്.

എനിക്കെന്നല്ല കേരളത്തിലെ ദുര്‍ബല ഹൃദയരായ അനേകം പുരുഷന്മാര്‍ക്കും ഇതേ വികാരമാവും നിന്നില്‍ ജനിച്ചിട്ടുണ്ടാവുക.

എന്തൊരു പ്രൗഢയാണ് നീ.
എന്തൊരു ഭാഷയാണ് നിനക്ക്.
എന്തൊരു ഒഴുക്കാണതിന്.
നാവു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് നീ സംസാരിക്കുന്നത്.

എത്ര കേട്ടാലും മതിവരാതെ രാപ്പകല്‍ ഭേദമന്യേ ഞങ്ങള്‍ ആണ്‍പിറപ്പുകള്‍ നിന്റെ അറിവിനും അഴകിനും മുന്നില്‍ വായും പൊളിച്ച് ഇരിപ്പാണ്.

നീ പറയുന്ന ഓരോ വാക്കുകളും ഓരോ പോയിന്റുകളും ഞങ്ങള്‍ക്കു മന:പാഠമാണ്.
ആലിപ്പഴം പോലെ അതു പെയ്തിറങ്ങുന്നത് ഞങ്ങളുടെ കാതിലല്ല.
കരളിലാണ്.

നിന്റെ ശരീര ശാസ്ത്രത്തിന്റെ ക്ലിപ്പു തേടി നടന്ന ഞാനടക്കം അതിഗംഭീര സദാചാര വാദികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് നീ നിന്റെ മനസ്സിന്റെ ക്ലിപ്പുകളില്‍ ഞങ്ങളെ അടിമകളാക്കി കെട്ടിയിട്ടു.

നീ പറഞ്ഞതൊക്കെയും വേദാന്തങ്ങളായിരുന്നു.
ജീവിതാനുഭവങ്ങളുടെ ആഴക്കടലില്‍ നിന്ന് മുങ്ങിത്തപ്പിയെടുത്ത മുത്തും പവിഴവുമായിരുന്നു.

മനസ്സുള്ള മനുഷ്യ ജീവികളെന്ന നിലയില്‍ നിന്നെ എങ്ങനെയാണ് ഞങ്ങള്‍ പ്രണയിക്കാതിരിക്കുക?

നാളെ വിശ്വപ്രണയദിനം വാലന്‍ന്റൈന്‍സ് ഡേ ആണ്.
മരണത്തിനുമപ്പുറം പ്രണയിക്കാന്‍ ആര്‍ത്തിയുളള എനിക്ക് പ്രണയിക്കാന്‍ മാത്രമായി പ്രത്യേകിച്ച് ഒരു ദിവസമൊന്നും വേണ്ട.

എന്നാലും പ്രിയപ്പെട്ടവളേ,
ജീവീതത്തില്‍ ആദ്യമായി ഈ പ്രണയദിനം നിനക്കു മുന്നില്‍ മനസ്സു തുറക്കാന്‍ ഞാന്‍ കടമെടുത്തോട്ടെ.

നീ ഒരു പെണ്ണ് അല്ല.
ഒരു ഒന്നൊന്നര പെണ്ണാണ്!

ശിവശങ്കരനുമായി എന്തായിരുന്നു പരിപാടി എന്നു ചോദിച്ച് കുളിരാനുളള ഉത്തരം കാത്തിരുന്ന ഞങ്ങളോടു നീ പറഞ്ഞു:
വാര്‍ദ്ധക്യ കാലത്ത് ആ മനുഷ്യന് തണലാവാന്‍ നീ കൊതിച്ചു എന്ന് !

നീ ആരാ കുഞ്ഞേ?
മലാഖയോ
മദര്‍ തെരേസയോ
അതോ സാക്ഷാല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേലോ?
അല്ല നീ അവര്‍ക്കൊക്കെ അപ്പുറമാണ്.
ഏതു പുരുഷനും എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകളാണ് നീ പറഞ്ഞത്.

എ കംപ്ലീറ്റ് ലൗ ടില്‍ ഡത്ത്!

'മാംസ നിബന്ധമല്ലനുരാഗം'എന്നു പാടിയ കുമാരനാശാനെപ്പോലും നീ തോല്‍പ്പിച്ചു കളഞ്ഞെല്ലോ!

'ഇത്രയൊക്കെ അപഹസിച്ച ഞാനുള്‍പ്പെടെയുള്ള മാധ്യമ പ്രര്‍ത്തകരോട് പകയില്ലേ?' എന്ന് മറുനാടന്‍ ഷാജന്‍ സക്കറിയ ചോദിച്ചപ്പൊ നിന്റെ മുഖത്ത് തെളിഞ്ഞു വന്ന ആ നിര്‍മമ ഭാവമുണ്ടെല്ലോ, ഇന്നോളം അങ്ങനെ ഒന്ന് ഒരു കടലിലും ഒരാകാശത്തും ഞാന്‍ കണ്ടിട്ടില്ല.

ഒരു സന്ന്യാസിനിക്കണ്ണുകളിലും ദര്‍ശിച്ചിട്ടില്ല.

'ആരോട് എന്തിന് പക തോന്നണം?' എന്നായിരുന്നു നീ അയാളുടെ കണ്ണുകളില്‍ നോക്കി അതിശാന്തം ചോദിച്ചത്.

'എവരിബഡീ ഫോര്‍ ഡയിലീ ബ്രഡ്' എന്ന് അതിസുന്ദര ശൈലിയില്‍ ഒരു ഫ്രെയ്‌സും !

'എല്ലാവരും അവരുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അവരുടെ പണി ചെയ്യുന്നു! പിന്നെ ആര് ആരോട് കലഹിക്കാന്‍?'
എന്നു കൂടി നീ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കരഞ്ഞു പോയി.

തീര്‍ന്നില്ല, നീ പറഞ്ഞു നിനക്ക് മൂന്നു മക്കളാണെന്നും മൂത്തവന് 40 വയസ്സുണ്ടെന്നും അത് നിന്റെ രണ്ടാം ഭര്‍ത്താവാണെന്നും!
ഉത്തരവാദിത്വമില്ലാത്ത ഭര്‍ത്താക്കന്മാരുളള വീടുകളില്‍ ശിവശങ്കരന്മാര്‍ അവതരിക്കുമെന്നുകൂടി നീ പറഞ്ഞു വെയ്ക്കുബോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രണം വിട്ട് തേങ്ങിപ്പോയി ഞങ്ങള്‍.

ആഗ്രഹമടങ്ങാതെ ഭര്‍ത്താവിനൊപ്പം വനവാസത്തിനിറങ്ങിപ്പുറപ്പെട്ട സീത എന്ന പെണ്ണ് ഉണ്ടാക്കി വെച്ച പൊല്ലാപ്പുകളാണ് ഞങ്ങളുടെ ആദിമകാവ്യം രാമായണം!

ദ്രൗപതി എന്ന പെണ്ണ് മുടി കെട്ടാത്ത പകയാണ് ഞങ്ങള്‍ക്ക് മഹാഭാരതം!
അങ്ങനെ ഏത് വിശുദ്ധ ഗ്രന്ഥത്തിന്റെയും മുക്കും മൂലയും തപ്പിയാലും പെണ്ണുങ്ങളൊക്കെ സ്വാര്‍ത്ഥരും പ്രശ്‌ന നിര്‍മ്മാതാക്കളുമാണ്.
ഇവിടെയാണ് സ്വപ്നാ നിന്റെ പ്രസക്തി.
നിന്റെ പ്രോജ്വലത.

നീ പ്രതിയാണോ പറയുന്നതൊക്കെ സത്യമാണോ എന്നൊന്നും എനിക്കറിയില്ല.
പക്ഷേ ഇത്ര ഭാഷാശുദ്ധിയോടെ കാല്പനികഭംഗിയോടെ ഒഴുക്കോടെ ഓളതാളങ്ങളോടെ നിനക്കെങ്ങനെ സംസാരിക്കാന്‍ കഴിയുന്നു?

ഭാഷയിലുളള നിന്റെ കയ്യൊതുക്കം മലയാളത്തിലെ ചില പെണ്ണെഴുത്ത് തൊഴിലാളികള്‍ കണ്ടു പഠിക്കണം.

സ്വന്തം അമ്മയെ മാനിച്ചതിന്റെ നന്ദി സൂചകമായാണ് നീ മടിയില്ലാതെ മറുനാടന്റെ പടികടന്നു വന്നെതെന്നു പറയുബോള്‍ ആ കണ്ണില്‍ തിളങ്ങിയ മാതൃസ്‌നേഹ നക്ഷത്രമുണ്ടെല്ലോ,
ക്ഷീരപഥങ്ങള്‍ക്കു പോലും അന്യമാണത്!

എല്ലാം പറഞ്ഞുകഴിഞ്ഞ് ഒടുവില്‍ നീ ഒരു ചോദ്യം ചോദിച്ചു:
'വരുന്നവരൊക്കെ ഇങ്ങനെ ഓരോ പിള്ളേരെ തന്നിട്ടുപോയാ അതുങ്ങളെ ഞാന്‍ എങ്ങനെ വളര്‍ത്തും?'

നിന്റെ സര്‍വ്വ ഡിഗ്‌നിറ്റിയും മാറ്റിവെച്ച് നീ ചോദിച്ച ആ പെണ്‍ചോദ്യം
എന്നിലെ ആണിന്റെ അഭിമാനത്തില്‍ വീണാണ് പൊളളിയത്.

പ്രിയ പെണ്‍ചെരാതേ,
നിന്നെ അല്ലാതെ ഞാന്‍ ആരെയാണ് പ്രണയിക്കേണ്ടത്?
ആരാധിക്കേണ്ടത്?

നാളെ ഫെബ്രുവരി 14.
വാലന്‍ന്റൈന്‍സ് ഡേ.
എ.ഡി 270 ല്‍ പ്രണയികള്‍ക്കായി സെന്റ് വാലന്‍ന്റൈന്‍ പുരാതന റോമില്‍ ഒഴുക്കിയ വിശുദ്ധ രക്തം കടലും കാലവും കാലഭേദങ്ങളും കടന്ന് നിന്നെയും എന്നെയും തഴുകുന്നു.

ഇത്തിരി 'കൈതപ്രന്‍ പൈങ്കിളി'യില്‍ പറഞ്ഞാല്‍, 'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം'

ഈ പ്രണയദിനത്തിനും വിശുദ്ധ പ്രണയത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് അമ്മയാണെ ശിവശങ്കരനോടാണ്.

ഉണ്ടിരുന്ന ആ നായര്‍ക്ക് അശ്വഥാമാവ് ആനയാണെന്ന് ഒരു ഉള്‍വിളി ഉണ്ടാകാതിരുന്നെങ്കില്‍ നീയും ഞാനും ഉണ്ടാകുമായിരുന്നില്ല.

നമ്മുടെ പ്രണയവും...

എന്തിനീ പ്രേമലേഖനം പോലും ഉണ്ടാകുമായിരുന്നില്ല.

പ്രിയമുളളവളേ,
ഞാനടക്കമുള്ള പുരുഷവര്‍ഗ്ഗത്തിനു വേണ്ടി ചങ്കില്‍ കൈവെച്ച് ആണത്തത്തോടെ നിനക്ക് ഞാന്‍ ഒരു വാക്ക് തരട്ടെ.
നാളെ ഇനി ഒരു പക്ഷേ നീ വിശുദ്ധയല്ലെന്നു തെളിഞ്ഞാലും നിന്നെ ഞങ്ങള്‍ വെറുക്കില്ല.

നിന്റെ ക്ലിപ്പു കാണാന്‍ പരക്കം പായില്ല.

സരിതാനായരോട് കാണിച്ച നെറികേട് ഞങ്ങള്‍ ആവര്‍ത്തിക്കില്ല.

കാരണം
നീ എന്നും നീ തന്നെയാണ്.
നിനക്കു പകരം ഇനി ഈ ജന്മം ഇങ്ങനെ ഒരു പെണ്ണടയാളം പിറവി കൊള്ളുമെന്നു തോന്നുന്നില്ല.

നിന്റെ വെട്ടിയരിഞ്ഞു ഞുറുക്കിവെച്ച നിറം പൂശിയ മുടിത്തൊപ്പിയും നിയന്ത്രണം വിട്ടു തുറിച്ച കോങ്കണ്ണും മിസ് ഇന്ത്യയല്ലാത്ത അംഗോംപാംഗ ക്രമീകരണങ്ങളും മനസ്സാ വരിച്ചു കഴിഞ്ഞു ഞാന്‍.

സ്വപ്നാ,
സ്വപ്നങ്ങള്‍ക്കപ്പുറത്തുളള പെണ്ണേ,
ചുവന്ന റോസപ്പൂക്കള്‍ കൊണ്ട് നിന്റെ ചുണ്ടുകളെ മൂടട്ടെ ഞാന്‍.
പ്രണയപൂര്‍വ്വം
സ്വന്തം
പ്രവീണ്‍ ഇറവങ്കര