• 19 Aug 2022
  • 04: 46 AM
Latest News arrow

വേണം, കണ്ണൂരില്‍ അന്താരാഷ്ട്ര ബോംബ് ഗവേഷണ കേന്ദ്രം!

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎമ്മും ബിജെപിയും ശക്തമായി ആവശ്യപ്പെട്ട ഒന്നായിരുന്നു, എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ മാതൃകയില്‍ ഒരാശുപത്രി കണ്ണൂരില്‍ സ്ഥാപിക്കണമെന്നത്. മൈക്രോ വാസ്‌കുലര്‍ സര്‍ജറിയില്‍ അന്ന് കേരളത്തില്‍ പ്രസിദ്ധമായ ആശുപത്രിയാണ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍. വെട്ടേറ്റും അപകടം പറ്റിയും കൈയും കാലുമൊക്കെ മുറിഞ്ഞു വരുന്നവരെ ഞരമ്പുകള്‍ യഥാവിധി തുന്നിച്ചേര്‍ത്ത് രക്ഷപ്പെടുത്തുമായിരുന്നു ഈ ആശുപത്രി. കണ്ണൂരില്‍ സിപിഎമ്മും ആര്‍എസ്എസും അന്യോന്യം വെട്ടിയെറിയുന്ന കാലും കയ്യുമൊക്കെ പെറുക്കിയെടുത്ത് മിന്നല്‍വേഗത്തില്‍ എറണാകുളത്തേക്ക് ആളുകളെയും കൊണ്ട്  ആംബുലന്‍സില്‍ കുതിക്കുകയാണ് അന്നൊക്കെ ചെയ്തു കൊണ്ടിരുന്നത്. സമയം വൈകുമ്പോള്‍ ഉദ്ദേശിച്ച ഫലം ശസ്ത്രക്രിയയില്‍ ലഭിക്കാതെ വരും. ഇന്നുപക്ഷേ, എറണാകുളത്തേക്കു പോകാതെ മൈക്രോ വാസ്‌കുലര്‍ സര്‍ജറി കണ്ണൂരില്‍ തന്നെ ചെയ്യാന്‍ കഴിയും. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും ഇതിനു സൗകര്യമുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളുണ്ട്.  

എന്നാല്‍, കണ്ണൂരിനു അടിയന്തിരമായി ഇപ്പോള്‍ വേണ്ടത് അന്താരാഷ്ട്ര തലത്തിലുള്ള ഒരു ബോംബ് ഗവേഷണ കേന്ദ്രമാണ്. ബോംബ് നിര്‍മാണം മാത്രമല്ല അതിന്റെ പ്രയോഗം കൂടി പഠിപ്പിക്കുന്നതായിരിക്കണം ഈ സ്ഥാപനം. തോട്ടടയില്‍ കഴിഞ്ഞ ദിവസം ബോംബ് കൊണ്ടുവന്നവര്‍ തന്നെ ബോംബേറില്‍ കൊല്ലപ്പെട്ട സാഹചര്യം ഭാവിയില്‍ ഒഴിവാക്കാനാണിത്. പതിറ്റാണ്ടുകളായി ജില്ലയില്‍ ബോംബ് നിര്‍മ്മിയ്ക്കുന്നുണ്ടെങ്കിലും അതു ശാസ്ത്രീയമായല്ല. അതിനാല്‍ നിര്‍മ്മാണത്തിനിടയില്‍ കയ്യും കാലും നഷ്ടപ്പെടുന്നതും ചിലപ്പോള്‍ മരണം സംഭവിക്കുന്നതും സര്‍വ്വസാധാരണമാണ്. 

ഇതു കണ്ണൂരുകാരനെ പരിഹസിക്കാനോ താഴ്ത്തിക്കെട്ടാനോ ഉദ്ദേശിച്ചല്ല. സ്‌നേഹനിധികളായ മനുഷ്യരാണ് കണ്ണൂരുകാര്‍. മനസ്സില്‍ നന്മ കുടികൊള്ളുന്നവരാണ്. നിങ്ങള്‍ കണ്ണൂരു വഴി ഒന്ന് യാത്ര ചെയ്തു നോക്കൂ. ഏതു നാട്ടിന്‍പുറത്തും വഴി അറിയാതെ എത്തിയാല്‍ ലക്ഷ്യ സ്ഥാനത്തു പോകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. വഴിവക്കില്‍ നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ കൃത്യമായി വഴി പറഞ്ഞു തരും. ചിലപ്പോള്‍ മോട്ടോര്‍ ബൈക്കില്‍ കാറിനു പൈലറ്റായി വരും. 'കൂടെയുള്ളവന് ഉയിര് കൊടുക്കും, ഓന്റെ ഉയിരിന് ഉശിരു കൊടുക്കും. ഓന്റെ ഉയിരിനും ഉശിരിനും കണ്ണു ചിമ്മാണ്ട് കാവലിരിക്കും' അതാണ് കണ്ണൂരുകാര്‍. കണ്ണില്‍ ചോരയില്ലാത്തവരാണ് അവരെന്ന് കരുതരുത്. പക്ഷേ,... അതെ അതൊരു വല്യ പക്ഷേയാണ്.

അറിഞ്ഞോ അറിയാതെയോ ഒരു ആക്രമണോല്‍സുകത കണ്ണൂരുകാരില്‍ കയറിക്കൂടിയിട്ടുണ്ട്. അതവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. വെല്ലുവിളി കേട്ട് അവര്‍ മടങ്ങിപ്പോകില്ല. തിരിഞ്ഞു നിന്ന് നേരിടും. കണ്ണൂരുകാരുടെ സ്വന്തം മൂര്‍ത്തികളായ  മുത്തപ്പന്‍ ദൈവവും കതിവന്നൂര്‍ വീരനുമൊക്കെ ശാന്തിയുടെ ദേവദൂതന്മാരല്ല. തലമുറകളിലേക്ക് പകരുന്ന അവരുടെ വീരഗാഥകളില്‍  ആക്രമണോല്‍സുകതയുടെ തോറ്റംപാട്ടുണ്ട്. അത് തലമുറ തലമുറ കൈമാറി പോരുകയാണ്. രാഷ്ട്രീയ പകയുടെയും അതിന്റെ ഭാഗമായ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും എണ്ണമറ്റ അധ്യായങ്ങളിലൂടെ കടന്നു വന്ന നാടാണ് കണ്ണൂര്‍. ആര്‍എസ്എസും സിപിഎമ്മും സ്‌കോര്‍ ബോര്‍ഡ് വെച്ച് അവിടെ ആളുകളെ കൊന്നു തള്ളിയിട്ടുണ്ട്. കൊല്ലാന്‍ പോകുന്നവരുടെ പേരെഴുതിയ ബോര്‍ഡ് അങ്ങാടിയില്‍ വെച്ച കാലം ഉണ്ടായിരുന്നു. അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍, സഹോദരന്‍ നഷ്ടപ്പെട്ട സഹോദരി, ഭര്‍ത്താവു നഷ്ടപ്പെട്ട ഭാര്യ, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍...  അവരുടെ രോദനങ്ങള്‍ ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മരിക്കാതെ പാതി ഉയിരുമായി കഴിയുന്ന ജീവശ്ചവങ്ങള്‍ വേറെയുമുണ്ട്. സിപിഎമ്മിനും ബിജെപിക്കും ഏറ്റവും കൂടുതല്‍ ഫണ്ട് ആവശ്യമുള്ള ജില്ലയാണ് കണ്ണൂര്‍. സിപിഎമ്മിന്റെ ഭാഷയില്‍ രക്തസാക്ഷികളുടെയും ബിജെപിയുടെ ഭാഷയില്‍ ബലിദാനികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാന്‍. തൊഴിലെടുത്തു ജീവിക്കാന്‍ പറ്റാത്ത, ജീവിക്കുന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ നോക്കാന്‍. 

എന്നാല്‍, കണ്ണൂരുകാര്‍ക്കു വെട്ടാനും കുത്താനും ബോംബ് എറിയാനും രാഷ്ട്രീയമൊന്നും വേണ്ട എന്നാണ് കഴിഞ്ഞ ദിവസം തോട്ടടയില്‍ ഒരു യുവാവിന്റെ ജീവന്‍ എടുത്ത ബോംബേറ് വ്യക്തമാക്കുന്നത്. ഒരേ പാര്‍ട്ടിയില്‍ പെട്ടവരാണ് അവിടെ ചേരി തിരിഞ്ഞത്. വൈരാഗ്യം തീര്‍ക്കാന്‍ വിവാഹ ഘോഷ യാത്രക്കു നേരെയും ബോംബെറിയാന്‍ മടിയില്ല. ഏച്ചൂര്‍ സ്വദേശി ജിഷ്ണു എന്ന ഇരുപത്തിയാറുകാരനാണ് മുഖത്തു ബോംബ് വന്നു വീണു പൊട്ടി മരിച്ചത്. ഇയാള്‍ അടങ്ങുന്ന സംഘം കൊണ്ടുവന്ന ബോംബാണ് ഏറില്‍ ലക്ഷ്യം പിഴച്ചു അയാളുടെ തന്നെ ജീവനെടുത്തത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷെമിലിന്റെ വിവാഹതലേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഏച്ചൂരില്‍ നിന്ന് തോട്ടടയിലെത്തിയ വിഷ്ണുവും കൂട്ടരും പ്രദേശവാസികളായ ചെറുപ്പക്കാരുമായി ഇടഞ്ഞു. കല്യാണവീട്ടിലെ പാട്ടും ഡാന്‍സും അതിരു കടന്നതാണ് പ്രശ്‌നമായത്. പിറ്റേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒരേ നിറമുള്ള ഡ്രസ് ധരിച്ചെത്തി വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകവേ ബാന്‍ഡ് വാദ്യവും ഡാന്‍സും പാട്ടും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് വിഷ്ണുവിന്റെ സുഹൃത്ത് ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞത് പൊട്ടാതെ പോയെങ്കില്‍ രണ്ടാമതെറിഞ്ഞത് വിഷ്ണുവിന്റെ മുഖത്താണ് കൊണ്ടത്. സംഭവ സ്ഥലത്തു തന്നെ വിഷ്ണു മരിച്ചു.  തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തമ്മിലെ തര്‍ക്കം തലേന്ന് രാത്രി നാട്ടുകാര്‍ ഇടപെട്ടു രമ്യതയിലെത്തിച്ചിട്ടും പക മനസ്സില്‍ വെച്ച് രാത്രി തന്നെ നാലായിരം രൂപയുടെ പടക്കം വാങ്ങി അതില്‍ സ്ഫോടക വസ്തുക്കള്‍ ചേര്‍ത്ത് ബോംബ് നിര്‍മിച്ചു അതുമായാണ് സംഘം വിവാഹത്തിന് വന്നത്. വാളെടുത്തവന്‍ വാളാലെ എന്ന പ്രകൃതി നിയമം ആകാം ഇവിടെ നടപ്പിലായത്.

കണ്ണൂരില്‍ ബോംബ് എറിഞ്ഞു ആളെക്കൊല്ലാന്‍ ഒരു രാഷ്ട്രീയവും വേണ്ടെന്ന വലിയ പാഠമാണ് ഈ സംഭവം നല്‍കുന്നത്. പകയുടെ കനല്‍ മനസ്സില്‍ എരിഞ്ഞു തുടങ്ങിയാല്‍ അത് ആളിക്കത്താന്‍ അധിക സമയം വേണ്ട. സാമാന്യ ബോധം ഉള്ളവര്‍ ഒരു വിവാഹ സംഘത്തിന് നേരെ ബോംബ് എറിയുമോ? സ്ത്രീകളും കുട്ടികളും അടക്കം നിരവധി  ആളുകള്‍ പങ്കെടുക്കുന്ന ഒന്നാണത്. അപ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയാണ് ഇത്തരക്കാരുടേത്. അവര്‍ ചെയ്യുന്നതെന്താണെന്നു അവര്‍ അറിയുന്നില്ല. അവരോട് പൊറുക്കാന്‍ കഴിയില്ല.