മേയര്‍ക്ക് വരന് എംഎല്‍എ; വിവാഹത്തിലേക്കെത്തിയത് വിദ്യാര്‍ത്ഥി സംഘടനാ കാലത്തെ പ്രണയം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരാകുന്നു. വിദ്യാര്‍ത്ഥി സംഘടനാ കാലത്തെ പ്രണയമാണ് വിവാഹത്തിലേക്കെത്തുന്നത്. നിലവില്‍ സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ആര്യ സംസ്ഥാന സമിതി അംഗവുമാണ്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുടെയും കേരള നിയമസഭയിലെ ഏറ്റവും ജൂനിയറായ എംഎല്‍എയുടെയും വിവാഹത്തിന് സിപിഎം നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് ധാരണയിലെത്തിയെന്ന് സച്ചിന് ദേവിന്റെ അച്ഛന് കെഎം നന്ദകുമാര്‍ അറിയിച്ചു. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല.
ബാലസംഘം, എസ്എഫ്ഐ കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുന്നത്. സച്ചിന് ദേവ് ബാലുശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ ആര്യ രാജേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.
''ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് രണ്ട് പേരും. തമ്മില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. അതാണ് കുടുംബ ജീവിതത്തെ അടിസ്ഥാനപരമായി മുമ്പോട്ട് കൊണ്ടുപോകുന്നതെന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങളെ സംബന്ധിച്ച് കുടുംബം വളരെ പ്രധാനമാണ്. അതുപോലെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ വരേണ്ടതുണ്ട്.'' ആര്യ രാജേന്ദ്രന് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും ശേഷം പൊതുസമൂഹം ശ്രദ്ധിക്കുന്ന സിപിഎമ്മിലെ മറ്റൊരു വിവാഹ വാര്‍ത്തയാണ് ആര്യ രാജേന്ദ്രന്റെയും സച്ചിന് ദേവിന്റെയും.