• 19 Aug 2022
  • 03: 53 AM
Latest News arrow

കെഎസ്ഇബി ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ തൊടരുത്; ഷോക്കടിക്കും

കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ഇടത് സംഘടനകള്‍ സമരത്തിലാണ്. വൈദ്യുതി ഭവന്റെ സുരക്ഷ സംസ്ഥാന വ്യവസായ സേനയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഭരണാനുകൂല സംഘടനകളുടെ അനിശ്ചിതകാല സമരം. സാധാരണ സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന, ശമ്പള സ്‌കെയില്‍ തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന്റെ അനുമതി തേടാത്ത ഈ ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്? വൈദ്യുതി ഭവനില്‍ പൊലീസ് രാജാണെന്ന് പറഞ്ഞാണ് സമരം. എങ്ങിനെയാണ് ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാന മന്ദിരത്ത് ഒരു പൊലീസ് രാജുണ്ടാകുന്നത്?

സമരം ചെയ്യുന്ന ആളുകള്‍ക്കിടയില്‍ പ്രചരിച്ച ഒരു വാട്‌സാപ്പ് സന്ദേശം ഇതാണ്. ''എസ്‌ഐഎസ്എഫ് സുരക്ഷ ശക്തമാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വൈദ്യുതി ഭവനിലെ ജീവനക്കാരെയാണ്. വൈദ്യുതി ഭവനിലെ ജീവനക്കാരുടെ യഥേഷ്ടമുള്ള സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാകും. ചെറിയ ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങുമ്പോള്‍ ലീവ് കൊടുത്തിട്ടേ ഇറങ്ങാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഈ സമരം വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.''

വൈദ്യുതി ഭവന്റെ ആസ്ഥാനത്ത് എസ്‌ഐഎസ്എഫിന്റെ എട്ട് പേരെ നിയോഗിക്കുമ്പോള്‍ അവിടുത്തെ പോക്കുവരവുകള്‍ നിയന്ത്രിക്കുമ്പോള്‍ പൊള്ളുന്നത് എന്തുകൊണ്ടാണ്? 

സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ സെക്രട്ടറിയേറ്റില്‍ വരുന്നുണ്ട്. രാവിലെ പത്ത് മണി മുതലൊന്നും അവിടെ എല്ലാവരെയും കയറ്റില്ല. ഉച്ചയ്ക്ക് ശേഷം 3 മണി മുതലാണ് സന്ദര്‍ശക സമയം. പാസെടുത്ത് കയറാം. അതിന് മുമ്പ് കയറണമെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഇവിടെ വൈദ്യുതി ഭവന് മാത്രമെന്താണ് ഇത്ര പ്രത്യേകത? 

അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാരനോ മറ്റാരെങ്കിലുമൊക്കെയോ ജീവനക്കാരെ മുഖപരിചയം കൊണ്ട് കടത്തിവിടുന്ന രീതിയാണ്. സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് വന്നാല്‍ തൊഴില്‍ സമയത്തെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടും. ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചേ ഓഫീസില്‍ കയറാന്‍ പറ്റുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ കാരണം ബോധിപ്പിക്കേണ്ടി വരും. പല സ്വകാര്യ സ്ഥാപനങ്ങളിലുമുള്ളതു പോലെ പുറത്ത് പോകുമ്പോള്‍ പഞ്ച് ചെയ്യേണ്ടി വരും. വീണ്ടും വരുമ്പോഴും പഞ്ച് ചെയ്യണം. എത്ര സമയം ജോലി ചെയ്തു എന്നതിന് കൃത്യമായ കണക്കുണ്ടാകും. ഇതാണ് പ്രതിഷേധത്തിന്റെ അടിസ്ഥാനം. അതായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലേക്ക് സുരക്ഷ വരുന്നു. സിപിഎമ്മിന്റെ അപ്രമാദിത്വം അവിടെ ഇല്ലാതാകുന്നു. അതില്‍ അസ്വസ്ഥത പൂണ്ടുള്ള സമരമാണിത്. 

ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണം നടത്തുമ്പോള്‍ മുന്‍ കാലങ്ങളിലൊക്കെ സിപിഎമ്മിന്റെ ഒരു മന്ത്രിയായിരുന്നു പലപ്പോഴും വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജ് വഹിച്ചിരുന്നത്. അദ്ദേഹത്തോട് വിനീതനായി നില്‍ക്കുന്നയാളായിരിക്കും ചെയര്‍മാന്‍. അതില്‍ നിന്ന് വ്യത്യസ്തമായി കൃഷ്ണന്‍കുട്ടി മന്ത്രിയായി വന്നു. അതുപോലെ വ്യത്യസ്തനായ ചെയര്‍മാനും- ബി അശോക്. ചെയര്‍മാന്‍ ജീവനക്കാര്‍ക്ക് സുഖിക്കാത്ത ചില തീരുമാനങ്ങള്‍ എടുത്തു. അദ്ദേഹം യൂണിയനുകളെ ഒഴിവാക്കിക്കൊണ്ട് ജീവനക്കാരുമായി നേരിട്ട് സംവദിക്കുകയും അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തു. അതിനെയൊക്കെ യൂണിയന്‍കാര്‍ എതിര്‍ത്തു. 1200 ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ചെയര്‍മാന്‍ തീരുമാനിച്ചിരുന്നു. ജീവനക്കാര്‍ക്ക് യൂണിഫോം കൊണ്ടുവരാന്‍ ശ്രമിച്ചു. അതിനെതിരെ എതിര്‍പ്പ് വന്നപ്പോള്‍ കെഎസ്ഇബിയുടെ ചിലവില്‍ തന്നെ യൂണിഫോം കൊടുക്കുമെന്നായി. പിന്നീട് അവര്‍ക്ക് ഡയറി കൊടുത്തു, പേന കൊടുത്തു. ഇതിനെയൊക്കെ യൂണിയനുകള്‍ എതിര്‍ത്തതോടെ പിന്‍വലിക്കപ്പെട്ടു. ഇങ്ങിനെ ചെറിയ ചെറിയ വിഷയങ്ങളില്‍ തുടങ്ങി സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ ചെയര്‍മാനും മന്ത്രിയും നില്‍ക്കുന്നില്ലായെന്ന് കണ്ടപ്പോഴാണ് ഇതൊരു വലിയ വിഷയമായി മാറിയത്. 
 
പട്ടത്തെ ഓഫീസില്‍ സുരക്ഷ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 2010 മുതലുള്ള ഐബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ വൈദ്യുതി ഡാമുകളും പദ്ധതികളും ഓഫീസുകളുമെല്ലാം തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ള ഇടങ്ങളാണ്. സിഐഎസ്എഫിനെയായിരുന്നു ആദ്യം സുരക്ഷയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചത്. പക്ഷേ, അവരുടെ നിബന്ധനകള്‍ താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് എസ്‌ഐഎസ്എഫിനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

പട്ടത്തെ ഓഫീസില്‍ ഡാറ്റ സെന്റര്‍ ഉണ്ടെന്നാണ് പറയുന്നത്. ഡാറ്റ സെന്ററിന് നേരെ ഫിസിക്കല്‍ അറ്റാക്കും സൈബര്‍ അറ്റാക്കും ഉണ്ടാകാം. ഫിസിക്കല്‍ അറ്റാക്കിനെ തടയുന്നതിനാണ് കാര്‍ഡ് വെച്ചുള്ള ആക്‌സസും സെക്യൂരിറ്റി ഫോഴ്‌സുമൊക്കെ വേണ്ടിവരുന്നത്. ലോഡ് ഡിസ്‌പേഴ്‌സ് സെന്ററിന്റെ ബാക്കപ്പ് പട്ടത്താണുള്ളത്. വൈദ്യുതി സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്യുക, നാഷ്ണല്‍ ഗ്രിഡുമായുള്ള ബന്ധം നിരീക്ഷിക്കുക തുടങ്ങി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കുള്ള ഒരു സെന്ററാണ് എല്‍ഡിസി. അവിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണം വന്നാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള നാഷ്ണല്‍ ഗ്രിഡിനെയും കണക്ടഡ് ഗ്രിഡിനെയുമെല്ലാം ബാധിക്കും. മെറ്റീരിയല്‍ പ്രൊക്യുര്‍മെന്റും മാനേജ്‌മെന്റുമെല്ലാം നടക്കുന്നത് പട്ടത്തെ ഓഫീസിലാണ്. അതുകൊണ്ട് അവിടെ അനധികൃതമായുള്ള പ്രവേശനം പാടില്ല. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഡോക്യുമെന്റസുള്ള പട്ടത്തെ വൈദ്യുത ഭവന് സുരക്ഷ കൊടുക്കേണ്ടതുണ്ട്. 

കെഎസ്ഇബി എക്കാലത്തെയും വെച്ച് ഏറ്റവും വലിയ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. 2022 ജനുവരി 3ന് പുറത്തിറക്കിയ പത്താം വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെഎസ്ഇബിയുടെ നഷ്ടം 14,000 കോടിയാണ്. ആസ്തി എന്നത് 6000 കോടിയും. ഈ അവസ്ഥയില്‍ ഒരു ലിമിറ്റഡ് കമ്പനിയ്ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്തുകൊണ്ട് ഇത്രയധികം നഷ്ടം എന്ന് പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ട് കാരണങ്ങള്‍ കണ്ടെത്താം. അതിലൊന്ന് കൊവിഡും മറ്റേത് ശമ്പള വര്‍ധനവുമാണ്. 44 ശതമാനമാണ് ശമ്പള വര്‍ധനവ്. 

ഒരു മസ്തൂറിന് 15 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ 30,000ത്തില്‍ നിന്നും 43,000ത്തിലേക്ക് ശമ്പളം വര്‍ധിക്കും. സ്വീപ്പറിന് 32,000ത്തില്‍ നിന്നും 47,600ലേക്ക് ശമ്പളം കൂടും. മീറ്റര്‍ റീഡറിന് 47,000ത്തില്‍ നിന്നും 68,000ത്തിലേക്ക് ഉയരും. ഒരു സ്‌പെഷ്യല്‍ ഗ്രേഡ് ഡ്രൈവറിന് 59,000ത്തില്‍ നിന്നും 85,000 മാകും. ചീഫ് എഞ്ചിനിയറുടെ ശമ്പളം 1,16,000ത്തില്‍ നിന്നും 50,000 രൂപയുടെ വര്‍ധിച്ച് 1,66,000 ആകും. ഇതെല്ലാം മറ്റ് ആനുകൂല്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയുള്ള അടിസ്ഥാന ശമ്പളമാണ്. അതായത് 14,000 കോടി രൂപയുടെ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കമ്പനിയിലാണ് ഈ ശമ്പള വര്‍ധനവ്. സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ എത്രയോ അധികമാണിത്! സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ഇത്തരത്തില്‍ ശമ്പള വര്‍ധനവ് നടത്തിയതെന്ന് എജി കണ്ടെത്തുകയും വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

അധിക ശമ്പളത്തിന്റെ കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ കിട്ടുന്ന മറുപടി മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യരുതെന്നും കേരളത്തില്‍ ജീവിത ചെലവ് കൂടുതലാണെന്നുമാണ്. സെക്രട്ടറിയേറ്റിലെ ഡ്രൈവറിനേക്കാളും ക്ലര്‍ക്കിനേക്കാളും സെക്രട്ടറിയേറ്റില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വൈദ്യുതി ഭവനിലെ ഡ്രൈവര്‍ക്കും ക്ലര്‍ക്കും എന്ത് ജീവിത ചെലവാണ് കൂടുതലുള്ളത്. സെക്രട്ടറിയേറ്റിലെ ഡ്രൈവര്‍ 35,000 രൂപയോളം ശമ്പളം വാങ്ങുമ്പോള്‍ വൈദ്യുതി ഭവനിലെ ഡ്രൈവര്‍ക്ക് ഒരു ലക്ഷത്തിനടുത്താണ് ശമ്പളം. 

2003ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ വൈദ്യുതി വിതരണ കമ്പനികളും നാല് കമ്പനികളാക്കണമെന്ന് പറഞ്ഞു. 2008 വരെ കെഎസ്ഇബി അനങ്ങിയില്ല. ഒടുവില്‍ അന്ത്യശാസനം കൊടുത്തപ്പോള്‍ 2013 നവംബറിലാണ് കെഎസ്ഇബി കമ്പനിയാകുന്നത്. അതും ഒരു കമ്പനിയേ ആക്കിയിട്ടുള്ളൂ. നാല് കമ്പനികളാക്കിയാല്‍ അതില്‍ നടക്കുന്ന എല്ലാ അഴിമതികളും കണ്ടുപിടിയ്ക്കാന്‍ എളുപ്പമാകുമല്ലോ. 

ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ പട്ടത്തെ സമരം സുരക്ഷയുടെ പേരില്‍ മാത്രമല്ല, മറ്റ് പല കാരണങ്ങള്‍ക്കൊണ്ടും കൂടിയാണെന്ന് വ്യക്തം. കാലങ്ങളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യത്തില്‍ തൊടരുത്. അതിന് ശ്രമിച്ചാല്‍ ചെയര്‍മാന്‍ അധികകാലം ആ കസേരയില്‍ വാഴില്ല. അതുകൊണ്ട് ഈ സമരത്തിന്റെ ക്ലൈമാക്‌സില്‍ സുരക്ഷ ഒരുക്കാന്‍ ശ്രമിച്ച ചെയര്‍മാനാണോ അതോ യൂണിയനുകളാണോ വാഴുക എന്ന കാര്യമേ അറിയേണ്ടതുള്ളൂ.