മെഡിസിന്‍ പഠനത്തിന് എന്തിനാണ് ഉക്രൈന്‍?

വ്യോമാക്രമണത്തിന്റെ സൈറണുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന ബോംബുകളും മിസൈലുകളും നിരന്തരം വര്‍ഷിക്കപ്പെടുന്ന ഉക്രെയ്‌നില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഭീതിയോടെ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള 'ഓപ്പറേഷന്‍ ഗംഗ' സജീവമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠനത്തിനായി ഉക്രെയ്‌നിലേക്ക് പോകുന്നത്?
2020-ല്‍ ലഭ്യമായ വിവരം അനുസരിച്ച്, ഉക്രെയ്‌നിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 24% ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഉക്രെയ്‌നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രെയ്‌നിലുള്ളത്. അതില്‍ 90 ശതമാനവും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് നേടാനോ ഇവിടുത്തെ സ്വകാര്യ കോളേജുകള്‍ ഈടാക്കുന്ന കനത്ത ഫീസ് താങ്ങാനോ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉക്രേനിയന്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു അനുഗ്രഹമാണ്.
മെഡിസിന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബിരുദ, ബിരുദാനന്തര സ്‌പെഷ്യലൈസേഷനുകള്‍ ഉള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഉക്രെയ്ന്‍. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ഉക്രെയ്‌നിലെ ചില സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ പ്രശസ്തമാണ്. ലോകാരോഗ്യ സംഘടനയും യുണെസ്‌കോയും ഇന്ത്യന്‍ റെഗുലേറ്ററി ബോഡികളും അംഗീകാരം നല്‍കിയിട്ടുള്ള കോളേജുകളാണ് ഇവിടെയുള്ളത്. അത്തരം കോളേജുകളില്‍ പ്രവേശനം നേടുന്നതിന് മുമ്പ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഇപ്പോള്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍) അനുമതി വാങ്ങിയാല്‍ മാത്രം മതി.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ അത്ര അറിയപ്പെടാത്ത ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യം ഉക്രെയ്‌നിലെ ഉയര്‍ന്ന നിലവാരമുള്ള സര്‍ക്കാര്‍ കോളേജുകള്‍ തന്നെയാണ്. ഇവിടെ പ്രവേശന പരീക്ഷയില്ല. ഉക്രേനിയന്‍ ഭാഷയ്ക്ക് പകരം ഇംഗ്ലീഷിലാണ് കോളേജുകളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതുകൊണ്ട് ഭാഷ പോലും പ്രശ്‌നമാകുന്നില്ല. മറ്റൊരു രാജ്യത്താണെങ്കില്‍ അവിടുത്തെ ഭാഷ നിര്‍ബന്ധമായും പഠിച്ചിരിക്കണം.
ഉക്രെയ്‌നില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദേശ എംബിബിഎസ് ബിരുദമുള്ള ഏതൊരു വിദ്യാര്‍ത്ഥിയ്ക്കും ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാം (FMGE) പാസാകണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ വര്‍ഷവും ഉക്രെയ്‌നില്‍ നിന്ന് മെഡിക്കല്‍ ബിരുദമുള്ള ഏകദേശം 4,000 വിദ്യാര്‍ത്ഥികള്‍ എഫ്എംജിഇ എഴുതുന്നുണ്ട്. അതില്‍ ഏകദേശം 700 പേര്‍ മാത്രമാണ് വിജയിക്കുന്നത്. എന്നിരുന്നാലും, ഈ കുറഞ്ഞ വിജയ നിരക്ക് ഉക്രേനിയന്‍ സര്‍വകലാശാലകളില്‍ ചേരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നില്ല. കാരണം ഓരോ വിദ്യാര്‍ത്ഥിയും എങ്ങിനെ പഠിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും അവരുടെ വിജയവും തോല്‍വിയും.
ഉക്രെയ്ന്‍, ചൈന, ഫിലിപ്പീന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മത്സരങ്ങള്‍ കുറവായതിനാല്‍ ഈ കോളേജുകളില്‍ പ്രവേശനം നേടുന്നത് വളരെ എളുപ്പമാണ്. ഇന്ത്യയില്‍, ഓരോ വര്‍ഷവും ഏകദേശം 100,000 മെഡിക്കല്‍ സീറ്റുകള്‍ക്കായി പത്ത് ലക്ഷം വിദ്യാര്‍ത്ഥികളെങ്കിലും മത്സരിക്കുന്നുണ്ട്.
ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ മെഡിസിന്‍ പഠിക്കാന്‍, ഒരു വര്‍ഷം ശരാശരി 2 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ എല്ലാവര്‍ക്കും പ്രവേശനം നേടാനാവില്ല. അതേസമയം, സ്വകാര്യ കോളേജുകള്‍ പ്രതിവര്‍ഷം 10 മുതല്‍ 15 ലക്ഷം രൂപ ഈടാക്കുന്നു. അതായത് ആറര വര്‍ഷത്തെ കോഴ്സിന്, വിദ്യാര്‍ത്ഥിയുടെ കുടുംബം ഫീസിനായി കുറഞ്ഞത് 65 ലക്ഷം രൂപ ചെലവഴിക്കണം. ഇത് ഓരോ കോളേജിലും വ്യത്യസ്തമാണ്. ചില കോളേജുകളില്‍ ഒരു വിദ്യാര്‍ത്ഥി പഠിച്ചിറങ്ങുമ്പോഴേയ്ക്കും 2 കോടി വരെ ചെലവഴിച്ചു കഴിഞ്ഞിരിക്കും.
ഉക്രെയ്‌നിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍, ശരാശരി വാര്‍ഷിക ഫീസ് ഏകദേശം 3 മുതല്‍ 5 ലക്ഷം രൂപ വരെയാണ്. കുറഞ്ഞത് 18 ലക്ഷം രൂപയുണ്ടെങ്കില്‍ ഉക്രെയ്നിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്നും ആറ് വര്‍ഷത്തെ മെഡിക്കല്‍ ബിരുദം നേടി പുറത്തിറങ്ങാന്‍ പറ്റും. അതായത് ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചെലവാക്കുന്ന ഫീസിന്റെ ഒരു ഭാഗം മാത്രം മതി.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഏകദേശം 2,0000-3,0000 വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാന്‍ വിദേശത്തേക്ക് പോകുന്നുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് എഫ്എംജിഇ പരീക്ഷ എഴുതേണ്ട. അവര്‍ക്ക് അല്ലാതെ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ റെഗുലേറ്റര്‍ അംഗീകാരം നല്‍കും. മറ്റ് രാജ്യങ്ങളില്‍ നിന്ന് ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്കാണ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത്.
ഉക്രെയ്‌നിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചേക്കേറല്‍ ഏകദേശം ഒരു പതിറ്റാണ്ട് മുമ്പാണ് ആരംഭിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കടുത്ത മത്സരവും പരിമിതമായ സീറ്റുകളുമായിരുന്നു ഇതിന് കാരണം. ന്യായമായ ഫീസില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം അവര്‍ക്ക് ഉക്രെയ്‌നില്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പഠനച്ചെലവ് കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇനിയും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകളിലേക്ക് ചേക്കേറുമെന്നതില്‍ ഒരു സംശയവുമില്ല.