• 04 Oct 2023
  • 05: 51 PM
Latest News arrow

ശമ്പളത്തിന് പരിധി നിർണയിക്കണം --എം പി അഹമ്മദ്

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് പരിധി നിർണ്ണയിക്കുന്നതിനെ കുറിച്ച് ഗൗരവപൂർവം ആലോചിക്കണമെന്നു പ്രമുഖ വ്യവസായിയും മലബാർ ഗ്രൂപ്പ് ചെയർമാനുമായ എം പി അഹമ്മദ്. പുതിയ സംസ്ഥാന ബജറ്റിനെക്കുറിച്ചു അഭിപ്രായം പങ്കു വെക്കവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടു വെച്ചത്. 1957 ലെ ഇ എം എസ് സർക്കാർ ഉയർന്ന ശമ്പളത്തിന് പരിധി നിർണയിച്ചിരുന്നുവെന്നു അഹമ്മദ് ചൂണ്ടിക്കാട്ടി.
ശമ്പളത്തിലെ അസമത്വം ഒഴിവാക്കാനും ചെലവ് ചുരുക്കാനുമാണ് ആ നടപടിക്ക് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ തയ്യാറായത്. ബ്യുറോക്രസിക്ക് ഇത്ര വലുപ്പം ആവശ്യമുണ്ടോ എന്നും പരിശോധിക്കണം. ഡിജിറ്റലൈസേഷൻ നടപ്പിലാക്കി നടപടിക്രമങ്ങൾ ലളിതമാക്കിയാൽ സർക്കാർ സംവിധാനത്തിന്റെ ഭാരം കുറയ്ക്കാൻ കഴിയും. തൊഴിൽ നൽകാനുള്ള മേഖലയായി സർക്കാർ സംവിധാനത്തെ കാണുന്നത് അവസാനിപ്പിക്കണം. ട്രെഷറിയിൽ നിന്ന് ശമ്പളം എടുത്തു കൊടുക്കുന്നത് തൊഴിൽ സൃഷ്ടിക്കലായി കാണാൻ കഴിയില്ല.

ധനകമ്മി കുറയ്ക്കുന്നതിനോ ചെലവ് ചുരുക്കുന്നതിനോ കാര്യമായ പരിഹാര മാർഗങ്ങൾ ബജറ്റിലില്ല. 2018 - 19 ൽ 31405 കോടിയായിരുന്നു ശമ്പള ചെലവെങ്കിൽ 2024 - 25 ൽ അത് 49262 കോടിയാകുമെന്നാണ് ആസൂത്രണ ബോർഡിന്റെ കണക്ക് . നികുതിയിൽ നിന്നുള്ള വരുമാനം ശമ്പളത്തിനും പെൻഷനും കടത്തിന്റെ പലിശ അടയ്ക്കാനും തികയില്ല.
നികുതി പരമാവധി പിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അഹമ്മദ് നിർദേശിച്ചു. എല്ലാ രംഗത്തും നികുതി ചോർച്ചയും നികുതി വെട്ടിപ്പുമുണ്ട്. സ്വർണാഭരണ മേഖലയിൽ ഇത് വളരെ കൂടുതലാണ്. 2019 - 20 ൽ 431 കോടി രൂപ മാത്രമാണ് സ്വര്ണാഭരണത്തിൽ നിന്ന് നികുതിയായി ലഭിച്ചത്. യഥാർത്ഥത്തിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ലഭിക്കേണ്ടതാണ്. ഇക്കാര്യം സർക്കാരിനും അറിയാം. എന്നാൽ , നികുതി ചോർച്ചയും വെട്ടിപ്പും തടയാൻ ഉദ്യോഗസ്ഥ തലത്തിൽ യാതൊരു നീക്കവും കാണുന്നില്ല.

ഭൂമിയുടെ ന്യായവില പത്തു ശതമാനം വർധിപ്പിക്കാനുള്ള നിർദേശം സ്വതവേ പ്രതിസന്ധി നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാകും. സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസുമായി പത്തു ശതമാനമാണ് സർക്കാർ ഈടാക്കുന്നത്. ഇത് കുറയ്ക്കണം. കോവിഡ് കാരണം തകർന്ന വ്യാപാര മേഖലയെ പിന്തുണയ്ക്കാൻ സർക്കാർ പ്രത്യേക പാക്കേജ് കൊണ്ടുവരണം. കോവിഡ് തകർത്ത ട്രാൻസ്‌പോർട്ട് വ്യവസായത്തിനു കൈത്താങ്ങ് നൽകണം. വിദ്യാർത്ഥികളുടെബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഓപ്പറേറ്റർമാരുടെ ആവശ്യം അംഗീകരിക്കാത്തതിന് ഒരു ന്യായവുമില്ല. തോട്ടങ്ങളിൽ ഇടവിളയായി ഫലവൃക്ഷങ്ങൾ നടാൻ നിയമഭേദഗതി കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്.പ്ലാന്റേഷൻ മേഖല ടൂറിസം വികസനത്തിന് ഉപയോഗിക്കണം. വിദേശ വിദ്യാർത്ഥികളെ ഇങ്ങോട്ടു ആകർഷിക്കുന്ന വിധം ഉന്നത വിദ്യാഭ്യാസ മേഖല ഉടച്ചു വാർക്കണം . സ്വകാര്യ മേഖലയിൽ വ്യവായ പാർക്കുകൾ നല്ല നീക്കമാണ്. എന്നാൽ വ്യവസായം തുടങ്ങാൻ വരുന്നവരോടുള്ള ഉദ്യോഗസ്ഥ സമീപനത്തിൽ മാറ്റം ഉണ്ടായിട്ടില്ല. കെ എസ് ആർ ടി സിക്ക് ബജറ്റിൽ ആയിരം കോടിയാണ് നീക്കി വെച്ചിരിക്കുന്നത്. നടപ്പു വർഷം 1822 കോടി ചെലവഴിക്കുകയും ചെയ്തു. ഈ നിലയിൽ കെ എസ് ആർ ടി സിയെ മുന്നോട്ടു കൊണ്ട് പോകണോ എന്ന് ചിന്തിക്കണം. സിൽവർലൈൻ പദ്ധതി രാഷ്ട്രീയ പാർട്ടികളും സർക്കാരും തമ്മിൽ ചർച്ചയിലൂടെ പൊതുസമ്മതമുണ്ടാക്കി മുന്നോട്ടു പോകണം. ഗതാഗത മേഖലയിൽ ഇത്തരമൊരു അടിസ്ഥാന പദ്ധതി കേരളത്തിന് ആവശ്യമാണെന്നും അഹമ്മദ് വ്യക്തമാക്കി.

RECOMMENDED FOR YOU
Editors Choice