• 04 Jul 2022
  • 05: 21 AM
Latest News arrow

നാലാം മുന്നണി, കാലുമാറ്റം, മതം, ജാതി

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. യു ഡി എഫ് , എൽ ഡി എഫ് , എൻ ഡി എ എന്നീ  മുന്നണികൾക്ക് പുറമെ നാലാമതൊരു മുന്നണി കൂടി സംസ്ഥാനത്തു ഉദയം ചെയ്യുന്നു. കൂറുമാറ്റവും കാലുമാറ്റവും ഒട്ടും ഉളുപ്പില്ലാത്ത ഏർപ്പാടായി മാറുന്നു .ഒരു ഷർട്ട് മാറുന്ന ലാഘവത്തോടെ ഏതു തലമുതിർന്ന നേതാവിനും തന്റെ പാർട്ടി വിട്ടു എതിർ പാർട്ടിയിലേക്ക്  പോകാൻ കഴിയുന്നു. പുറമെ മതേതരത്വവും നവോത്ഥാനവും പറയുന്ന മലയാളിക്ക് മതവും ജാതിയും ജീവവായുവായി മാറുന്നു . 
തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ ആര് ജയിക്കും, ആര് തോൽക്കും എന്നതല്ല ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു ഉപതെരഞ്ഞെടുപ്പ് നമ്മുടെ സാമൂഹിക - രാഷ്ട്രീയ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നാണ്.  പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തോടെ ഒഴിവു വന്ന ഉറച്ച ഈ കോൺഗ്രസ് മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിലൂടെ അനായാസം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്  ചരിത്രത്തിലാദ്യമായി വലിയ തർക്കമൊന്നും കൂടാതെ  എൽ ഡി എഫ് പ്രഖ്യാപിക്കുന്നതിനു മുൻപേ  യുഡിഎഫ് സ്ഥാനാർത്ഥിയെ കോൺഗ്രസ് കണ്ടെത്തിയത്. വിദ്യാർത്ഥി ജീവിതകാലത്തു കെ എസ് യു ആയിരുന്നത് മാറ്റി നിർത്തിയാൽ  പി ടി തോമസിന്റെ സഹധർമിണി എന്നതിൽ കവിഞ്ഞ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തയാളാണ് ഉമാ തോമസ്. അവരെ സ്ഥാനാർഥി ആക്കുന്നതിലൂടെ കോൺഗ്രസ് ലക്‌ഷ്യം വെച്ചത് സഹതാപ വോട്ടുകളായിരിക്കാം. തീർത്തും തെറ്റായ രാഷ്ട്രീയ ബോധത്തിൽ നിന്നുയർന്ന തീരുമാനമായിരുന്നു അത്. തൃക്കാക്കര മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന , മണ്ഡലത്തിന് സുപരിചിതരായ   പൊതുപ്രവർത്തകനെയോ പ്രവർത്തകയെയോ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നതു ആ പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്. 

മറുഭാഗത്തു സിപിഎം ചെയ്‌തതോ , ആ പാർട്ടി മുൻകാലങ്ങളിൽ  ഉയർത്തിപ്പിടിച്ചിരുന്ന മതനിരപേക്ഷ നിലപാടിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ഏർപ്പാടായിരുന്നു. ഡോ .ജോ ജോസഫിനെ സിപിഎം കണ്ടെത്തിയതു  മണ്ഡലത്തിൽ നിർണായക ശക്തിയായ ക്രൈസ്തവ വോട്ടുകളിൽ കണ്ണു നട്ടാണെന്നതു അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും ബോധ്യമുള്ള കാര്യമാണ്. അല്ലാതെ ഹൃദയമാറ്റൽ ശസ്ത്രക്രിയ അടക്കം സങ്കീർണ ശസ്ത്രക്രിയകൾ ചെയ്യുന്ന ഒരു ഹൃദ്രോഗ വിദഗ്‌ധൻ നിയമസഭയിൽ ഉണ്ടാകട്ടെ എന്ന ബോധ്യത്തിൽ നിന്നൊന്നുമല്ല. ജാതിയും മതവും രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല എന്ന മുൻകാല നിലപാടിൽ സിപിഎം വെള്ളം ചേർക്കുന്നത് ഇതാദ്യമൊന്നുമല്ല. പിണറായി സർക്കാരിന് കേരളത്തിൽ തുടർഭരണം ലഭിച്ചതിന്റെ പിന്നിലെ പ്രധാന ചാലക ശക്തി  യു ഡി എഫിന് പിന്നിൽ ഉറച്ചു നിന്നിരുന്ന  ക്രിസ്ത്യൻ വോട്ടർമാരിലുണ്ടായ മനം മാറ്റമായിരുന്നു.  ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുത്തതു കൊണ്ടു മാത്രമല്ല അത് സംഭവിച്ചത്. സംസ്ഥാനത്തെ മുസ്‌ലിം - ക്രിസ്ത്യൻ സമുദായങ്ങളിൽ ഇടക്കാലത്തു രൂപപ്പെട്ട അകൽച്ചയെ സമർത്ഥമായി തങ്ങൾക്കനുകൂലമായി സിപിഎം തിരിച്ചു വിട്ടതിലൂടെയാണ്.. ഈ രണ്ടു സമുദായങ്ങളുടെ പിന്തുണയിലാണ് കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നിരുന്നത്.  മുസ്‌ലിം ലീഗിനു യു ഡി എഫിലുള്ള അപ്രമാദിത്തം ചൂണ്ടിക്കാട്ടിയാണ് ക്രൈസ്തവർ കോൺഗ്രസിൽ നിന്നകലുന്നത് . ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടി തീവ്ര  സ്വഭാവത്തിലേക്ക് ക്രൈസ്തവ സമുദായത്തെ കൊണ്ടുപോയി അവരെ ആർ എസ് എസിന്റെ ആലയിൽ കെട്ടാനുള്ള നീക്കവും  ഇപ്പോൾ സജീവമാണ്. 

 

75 ആം വയസ്സിൽ വികസന വെളിച്ചപ്പാടുണ്ടായി കോൺഗ്രസ് വിട്ടു ഇടതു മുന്നണിയിലേക്ക് പോയ കെ വി തോമസിന്റെ ഉളുപ്പില്ലായ്മയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സംഭാവനയായി വകയിരുത്താം . ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിലും തോമസ് മാഷ് കോൺഗ്രസ് വിടുമായിരുന്നു. നിരവധി തവണ എം പി യും എം എൽ എ യും കേന്ദ്ര  മന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആക്കിയ പാർട്ടിയെ പുറംകാൽ കൊണ്ടു തൊഴിച്ച തോമസ് മാഷ് നന്ദികേടിനു പുതിയ അധ്യായം രചിച്ച ആളാണ്. ഇദ്ദേഹത്തിന്റെ നിലപാടിനെ തൃക്കാക്കരക്കാർ എങ്ങിനെ കാണുന്നു എന്നതു കൂടിയാണ് വോട്ടെടുപ്പിൽ തെളിയുക.  

സാബു മുതലാളിയുടെ പാർട്ടിയും കെജ്‌രിവാളിന്റെ പാർട്ടിയും തമ്മിലുണ്ടാക്കിയ ഐക്യവും അതിലൂടെ സംസ്ഥാനത്തു രൂപം കൊണ്ട നാലാം മുന്നണിയും എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ഉറക്കം കെടുത്തുന്നതാണ്. സാബുവിന്റെ ട്വന്റി ട്വൻറി എറണാകുളം ജില്ലയിൽ അവഗണിക്കാനാവാത്ത ശക്തിയാണ്. ശക്തമായ ആശയാടിത്തറയൊന്നും ഇക്കാലത്തു ഒരു രാഷ്ട്രീയ പാർട്ടിക്ക് ആവശ്യമില്ലെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്  ട്വന്റി ട്വൻറി. 2021 ൽ  തൃക്കാക്കരയിൽ അവരുടെ സ്ഥാനാർഥി നേടിയത് 13897 വോട്ടാണ്. ഒരു മുന്നണി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ ഇത് മതി. ഉപതെരഞ്ഞടുപ്പിൽ നാലാം മുന്നണി മത്സര രംഗത്തില്ലെങ്കിലും വിജയിയെ അവർ നിശ്ചയിക്കുമെന്നതാണവസ്ഥ . അതിനാൽ അവരുടെ വോട്ടുകൾക്ക് വേണ്ടിയുള്ള കൂട്ടയോട്ടമാണ് ഇപ്പോൾ നടക്കുന്നത്.

20000 നു മുകളിൽ വോട്ട് തൃക്കാക്കരയിൽ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ തവണ കിട്ടിയത് 15483 വോട്ടുകളാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അധിക വോട്ടുകൾ പിടിച്ചാൽ അതും തെരഞ്ഞെടുപ്പ് ഫലത്തെ  സ്വാധീനിക്കും. എന്നാൽ, വോട്ടിനേക്കാൾ പൊതുവിൽ നോട്ടിനാണ് ബിജെപിക്കാർ തെരഞ്ഞെടുപ്പുകളിൽ മുൻഗണന നൽകാറ് .

സംസ്ഥാന കോൺഗ്രസിൽ പുതിയ നേതൃത്വം അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന സവിശേഷതയും തൃക്കാക്കരക്കുണ്ട്. കെ സുധാകരൻ - വി ഡി സതീശൻ ടീമിന് ഈ തെരഞ്ഞെടുപ്പ് ജയിക്കേണ്ടത് പാർട്ടിയിൽ അവരുടെ  നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. കാരണം കോൺഗ്രസിനെ സംബന്ധിച്ചടത്തോളം തൃക്കാക്കര ഉറച്ച മണ്ഡലമാണ്. പിണറായി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലും 14329 വോട്ട് ഭൂരിപക്ഷത്തിനു പി ടി തോമസ് നിലനിർത്തിയ മണ്ഡലമാണ്. വി ഡി സതീശന്റെ ജില്ലയിൽ അതിനാൽ കോൺഗ്രസിന് ജയിച്ചേ പറ്റൂ. 

തൃക്കാക്കര പിടിച്ചാൽ നിയമസഭയിൽ നൂറു തികച്ചു എന്ന മേനി മാത്രമല്ല, പിണറായി സർക്കാരിനുള്ളത് . കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കാനും അതിലൂടെ കഴിയും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം പൊതുവിൽ നിരാശാജനകമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ദൈനം ദിന കാര്യങ്ങൾ പോലും അവതാളത്തിൽ ആണ്. അഴിമതി, കമ്മിഷൻ, സ്വജന പക്ഷപാതം തുടങ്ങി നൂറു കണക്കിന് ആരോപണങ്ങൾ സർക്കാരിനെതിരിലുണ്ട്. വികസനം എന്ന നാലക്ഷരം കൊണ്ട് അതെല്ലാം മൂടി വെക്കാൻ കഴിയുമോ എന്നും തൃക്കാക്കര പറയും.  

 

 

 

 

 

 

 

ReplyForward