• 19 Aug 2022
  • 05: 07 AM
Latest News arrow

കെ ടി ജലീലിന് എന്തു വിശ്വാസ്യത ?

 

കെ ടി ജലീലിന്റെ വാർത്താ സമ്മേളനങ്ങളും പ്രഭാഷണങ്ങളും ഫേസ് ബുക്ക് കുറിപ്പുകളുമെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഒരു പരമ സാത്വികൻ ആയാണ് അദ്ദേഹം സ്വയം അവതരിക്കാറ് . സത്യത്തെക്കുറിച്ചും ധർമത്തെക്കുറിച്ചുമെല്ലാം നെടുങ്കൻ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തും. ഭാഷ ഉപയോഗിക്കാൻ നല്ല വശമുള്ളതിനാൽ , തന്നെ കേൾക്കുന്നവരെയും വായിക്കുന്നവരെയും വൈകാരികമായി കീഴ്‌പ്പെടുത്താനുള്ള കഴിവ് ജലീലിനുണ്ട്. ഇത്രമാത്രം സത്യവിശ്വാസിയായി കഴിയുന്ന ഒരാൾ എങ്ങിനെ ഇത്രയേറെ അഴിമതിയാരോപണങ്ങളിൽ ചെന്നു പെട്ടു എന്നത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. ബന്ധു നിയമന വിവാദം, ഈന്തപ്പഴം ഇറക്കുമതി, ഖുർ ആൻ ഇറക്കുമതി തുടങ്ങി ജലീലിനെ കുരുക്കിയ വിഷയങ്ങൾ നിരവധിയാണ്.  
ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ , ജലീൽ അകപ്പെട്ട ബന്ധു നിയമന കേസിൽ അദ്ദേഹത്തിന്റെ വാദമുഖങ്ങളെല്ലാം പൊളിയുകയും ഒടുവിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിപദം രാജി വെച്ച് ഇറങ്ങിപ്പോകേണ്ടി വരികയും ചെയ്‌തു . വിധി വന്നത് നിയമസഭാ  തെരഞ്ഞെടുപ്പ് കഴിഞ്ഞായതിനാൽ   ജനവിധി ജലീലിന് അനുകൂലമായി. മന്ത്രിസ്ഥാനം പോയി അപമാനിതനായതിന്റെ ചൊരുക്ക് തീർക്കാൻ  ലോകായുക്തക്കെതിരെ കുരിശു യുദ്ധത്തിനിറങ്ങിയ ജലീൽ പൊടുന്നനെ ഒരു നാൾ അതവസാനിപ്പിച്ചു. ഏതാണ്ടിതേ സന്ദർഭത്തിലാണ് അഴിമതിക്കെതിരായ സന്ധിയില്ലാ പോരാട്ടത്തിന് കെ ടി ജലീൽ ഇറങ്ങിത്തിരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണ - ഹവാല ആരോപണവുമായി രംഗത്തു വന്ന ജലീൽ , ഇപ്പോൾ സ്വപ്‍ന സുരേഷ് ചെയ്യുന്നത് പോലെ ദിവസേനയെന്നോണം പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും തെളിവുകൾ പുറത്തു വിടുകയും ചെയ്‌തു . ഈ പോരാട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നോടൊപ്പമുണ്ടെന്നു ജലീൽ ആവർത്തിച്ച് പ്രഖ്യാപിച്ചു  . പിന്നീടൊരു നാൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അഴിമതിവിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് ജലീൽ വാലുചുരുട്ടുന്നതാണ് കണ്ടത്. കെ ടി ജലീൽ , പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ  രഹസ്യ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ മനംമാറ്റം ഉണ്ടായത്. അതേപ്പറ്റി ഇതുവരെ ജലീൽ ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്തു ഡീലാണ് ഇവർ തമ്മിൽ ഉണ്ടാക്കിയത്.?  അഴിമതിക്കെതിരെ പ്രഖ്യാപിച്ച യുദ്ധം പൊടുന്നനെ  അവസാനിപ്പിക്കാൻ കാരണം എന്താണ് ? അതേക്കുറിച്ചു വിശദീകരിക്കാൻ ജലീൽ ബാധ്യസ്ഥനാണ്. അതല്ലെങ്കിൽ എന്ത് വിശ്വാസ്യതയാണ് ജലീൽ താങ്കൾക്കുള്ളത് ?  ആരാണ് താങ്കളെ വിശ്വസിക്കുക  ? 

2021 സെപ്റ്റംബർ ആദ്യമാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ  അഴിമതി വിരുദ്ധ പോരാട്ടം  ആരംഭിക്കുന്നത്. സെപ്റ്റംബർ 8 നു ജലീൽ ഫേസ്‌ബുക്കിൽ എഴുതി... കുഞ്ഞാലിക്കുട്ടിക്കും  അദ്ദേഹത്തിന്റെ കള്ളപ്പണ - ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. പിറ്റേന്ന് അദ്ദേഹം ഇങ്ങിനെ കുറിച്ചു .. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു വിശദമായി സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ - ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ടു തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ ഫയർ എഞ്ചിൻ മതിയാകാതെ വരും. 

 

ഇങ്ങിനെ വെടിക്കെട്ടിന് സർവ ഒരുക്കങ്ങളും നടത്തിയ ശേഷം ജലീൽ എവിടേക്കാണ് മുങ്ങിയതെന്നാണ് മാലോകർക്ക് അറിയാനുള്ളത്. മലപ്പുറം എ ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ   കുംഭകോണത്തിന്റെ കഥ പൊതുജനങ്ങളെ അറിയിച്ചത് കെ ടി ജലീലാണ്. സഹകരണ വകുപ്പിന്റെ ഇൻസ്‌പെക്ഷൻ വിഭാഗം അവിടെ  നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒരു പക്ഷേ കേരളത്തിൽ ഇന്നേവരെ മറ്റൊരു സഹകരണ ബാങ്കിലും ഉണ്ടാകത്തയത്ര കള്ളപ്പണ ഇടപാടാണ് എ ആർ നഗർ ബാങ്കിൽ നടന്നത്. സാധാരണ ഗതിയിൽ നമ്മുടെ നാട്ടിൽ ഒരു സഹകരണ സംഘത്തിൽ ഉണ്ടാകുക ഏതാണ്ട് പതിനായിരമോ അതിനടുപ്പിച്ചോ അംഗങ്ങളാണ്. എന്നാൽ, എ ആർ നഗർ പ്രാഥമിക കാർഷിക  സഹകരണ സംഘത്തിൽ 60000 ൽ അധികം അംഗങ്ങളും 80000 ൽ അധികം അക്കൗണ്ടുകളുമുണ്ട്. ഇതിൽ വലിയൊരു ഭാഗം വ്യാജ അംഗങ്ങളും അക്കൗണ്ടുകളുമാണ്. ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള നിരവധി പേർ അതിന്റെ നൂറിലൊന്നു പോലും നിക്ഷേപിക്കാൻ ശേഷിയില്ലാത്തവരാണ്. ഈ കള്ളപ്പണ നിക്ഷേപ സാംഖ്യയുടെ  പലിശയുടെ പകുതി പ്രതിഫലമായി അക്കൗണ്ട് ഉടമകൾക്ക് സമുദായ പാർട്ടി നേതാവ് കുഞ്ഞാപ്പ നൽകുകയും ബാക്കി തുക അടിച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ സെപ്റ്റംബർ 11 നു ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. 

1029 കോടി രൂപയുടെ കള്ളപ്പണ ഇടപാട് എ ആർ നഗർ ബാങ്കിൽ നടന്നെന്ന റിപ്പോർട്ട് പുറത്തു വിട്ടത് കെ ടി ജലീലാണ് . ഇതിൽ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും അദ്ദേഹം പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. എന്നാൽ ഒന്നും നടന്നില്ല. ബാങ്കിലെ മുൻ സെക്രട്ടറിയും പിന്നീട് ഡയറക്ടറുമായ ഹരികുമാർ 10 വർഷത്തിനിടെ ബിനാമി അക്കൗണ്ടുകളിലൂടെ 114 കോടിയുടെ ഇടപാടുകൾ നടത്തി. 257 കസ്റ്റമർ ഐ ഡികളിലൂടെ  862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി.  സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്റെ അടുത്ത ബന്ധുവായ ഹരികുമാറും സുരക്ഷിതമായി കഴിയുന്നു. ഇ ഡി ക്കും ആദായ  നികുതി വകുപ്പിനും പരാതി നല്കമെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞ കെ ടി ജലീൽ പിന്നീട് ഓടിയ വഴിയിൽ പുല്ലു മുളച്ചില്ല. പി കെ കുഞ്ഞാലിക്കുട്ടി, മകൻ ആഷിഖ്, ഹരികുമാർ എന്നിവർ ചേർന്നാണ് ഈ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയതെന്ന് ലോകത്തോട് പറഞ്ഞത് കെ ടി ജലീൽ ആണ്. അത് കഴിഞ്ഞു ഏതാനും ദിവസത്തിനകമാണ് കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിൽ വെച്ച് ജലീൽ- കുഞ്ഞാലിക്കുട്ടി രഹസ്യ കൂടിക്കാഴ്ച നടക്കുന്നതും അഴിമതിക്കെതിരായ കുരിശുയുദ്ധം ജലീൽ അവസാനിപ്പിക്കുന്നതും. ആരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഈ പോരാട്ടത്തിന് ജലീൽ ഇറങ്ങിത്തിരിച്ചത്. പിന്മാറാൻ ഉണ്ടായ കാരണം, അതിനു പിന്നിലെ പ്രലോഭനം , അതല്ലെങ്കിൽ സമ്മർദ്ദം . അതെന്താണെന്നു വിശദീകരിക്കാൻ ജലീലിന് ബാധ്യതയില്ലേ ? ഇല്ലെങ്കിൽ കറകളഞ്ഞ സത്യസന്ധനാണു താനെന്നു  നാഴികക്ക് നാൽപതു വട്ടം നടത്തുന്ന തള്ളുകൾ ജലീൽ അവസാനിപ്പിക്കുക. 

 

 

 

 

ReplyForward