കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്നാണ് മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെയും ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. മെക്കാനിക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്.
അതേസമയം, തൂപ്പുകാർ അടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെൻറ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പ എടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് \നടത്തുന്നുണ്ട്.