ഡി.ജെ പാട്ടിനൊപ്പം ദേശീയ പതാക വീശി; കെ. സുരേന്ദ്രനെതിരെ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാനിധ്യത്തിൽ ഡി.ജെ ഗാനത്തിനൊപ്പം ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയെന്നു ആരോപണം. കെ. സുരേന്ദ്രന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം കെ. സുരേന്ദ്രനും പതാക വീശുന്നത് കാണാം. സംഭവത്തിൽ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നു ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയിലാണ് ജയ് ശ്രീറാം ഡി.ജെക്കൊപ്പം ദേശീയ പതാക വീശി ബി.ജെ.പി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടിയത്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. ഇതാണ് വിവാദമായിരിക്കുന്നത്.
പൊലീസ് ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. കേസ് എടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.