• 01 Oct 2023
  • 08: 29 AM
Latest News arrow

‘ന്നാ താൻ കേസ് കൊട്’ സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

ഇന്ന് പ്രദർശനത്തിനെത്തിയ കുഞ്ചാക്കോ ബോബൻ നായകനായ സിനിമ ‘ന്നാ താൻ കേസ് കൊട്’നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് പോസ്റ്ററുകളിൽ എഴുതിയത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

ഒരു സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യമായ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കേരള സംസ്ഥാനം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. തികച്ചും സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു. വ്യക്തികളോ സംഘടനകളോ സിനിമകൾക്കോ വിമർശിക്കാം. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. മാത്രമല്ല, നേരത്തെ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.