• 28 Sep 2022
  • 02: 34 AM
Latest News arrow

കിടുങ്ങാക്ഷിയമ്മ എന്ന വിളിപ്പേരിന് ശ്രീമതി ടീച്ചർ അർഹയാണോ ?

 

സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചറെ കിടുങ്ങാക്ഷിയമ്മ എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിളിച്ചത് വിവാദമായിരിക്കുകയാണ്. ഇത് സ്ത്രീ വിരുദ്ധ പരാമർശം ആണെന്നും സതീശൻ പ്രയോഗം പിൻവലിച്ചു മാപ്പു പറയണമെന്നും സിപിഎം കേന്ദ്രങ്ങൾ ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട് . താൻ പറഞ്ഞത്  സ്ത്രീവിരുദ്ധമാണെങ്കിൽ പിൻവലിക്കാൻ ഒട്ടും മടിയില്ലെന്ന് സതീശൻ വ്യക്തമാക്കിയിട്ടുമുണ്ട്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ആസാദ് കി ഗൗരവ് യാത്ര ഉൽഘാടനം ചെയ്യുമ്പോഴാണ് പി കെ ശ്രീമതിയെ കിടുങ്ങാക്ഷിയമ്മ എന്ന് സതീശൻ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു വിളിപ്പേരിന് ശ്രീമതി ടീച്ചർ അർഹയാണോ എന്നാണ് പരിശോധിക്കേണ്ടത്. 
 
സാധാരണക്കാരിയായ ഒരു സ്ത്രീയല്ല പി കെ ശ്രീമതി. അവർ കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും അംഗമായിരുന്ന വ്യക്തിയാണ്. കേരളത്തിൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അഞ്ചു കൊല്ലം ആരോഗ്യമന്ത്രി ആയിരുന്നു. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണവർ. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന നേതാവും ദേശീയ നേതാവും ആണ്. ഇങ്ങനെയൊരാൾക്കു സ്ത്രീ എന്ന പേരിൽ പരിരക്ഷ വേണമെന്നതു ന്യായീകരിക്കാൻ പറ്റുന്നതല്ല. 

 

ഇത്തരത്തിൽ ഉയർന്ന പദവികൾ വഹിക്കുകയും ഇപ്പോൾ വഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് ചേർന്ന പ്രവർത്തിയാണോ പി കെ ശ്രീമതി ചെയ്തതെന്ന് ആലോചിക്കേണ്ടതുണ്ട്. തലസ്ഥാനത്തു ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എ കെ ജി സെന്ററിന് നേരെ  റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോയ അജ്ഞാതൻ പടക്കം എറിഞ്ഞിട്ടു ഇപ്പോൾ മാസം ഒന്ന് കഴിഞ്ഞു. പ്രതിയുടെ ഒരു പൊടി പോലും കേരളാ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തെ പെരുപ്പിച്ചു കാണിച്ചു ഇല്ലാത്ത പ്രാധാന്യം അതിനു കല്പിച്ചു നൽകി സംസ്ഥാനത്തു അസ്വാസ്ഥ്യം ഉണ്ടാക്കിയതിന് ഉത്തരവാദികൾ ശ്രീമതി ടീച്ചറും ഇ പി ജയരാജനുമാണ്. രണ്ടു പേരും അതിനെ ബോംബാക്രണമായി ചിത്രീകരിച്ചു. സംഭവം നടന്ന ഉടനെ അവിടെ കുതിച്ചെത്തിയ എൽ  ഡി എഫ് കൺവീനർ കൂടിയായ ജയരാജൻ പാർട്ടി ഓഫിസ് ആക്രമണമായി അതിനെ വ്യാഖ്യാനിക്കുകയും  കോൺഗ്രസ് ആണ് അതിനു പിന്നിലെന്ന് വിധി എഴുതുകയും ചെയ്തു. . എ കെ ജി സെന്ററിന്റെ മൂന്നാം നിലയിൽ വായിച്ചു കൊണ്ടിരുന്ന താൻ കസേര അടക്കം കിടുങ്ങിപ്പോയെന്നാണ് ശ്രീമതി ടീച്ചർ വാർത്താ ചാനലുകളോട് പറഞ്ഞത്. എ കെ ജി സെന്ററിന്റെ ഗേറ്റിനപ്പുറത്തെ മതിലിൽ പതിച്ച പടക്കം ഒരു തരത്തിലുള്ള നാശനഷ്ടവും അവിടെ ഉണ്ടാക്കിയിട്ടില്ല. മതിലിലെ പെയിന്റ് അല്പം ഇളകിയെന്നല്ലാതെ മൂന്നാം നില വരെ ഇളകുന്ന സ്ഫോടനം ഒന്നുമായിരുന്നില്ല അത്. വസ്തുത ഇതായിരിക്കെ ഇല്ലാത്ത ഒരു കാര്യം കൃത്രിമമായി അവതരിപ്പിച്ചു നാട്ടിൽ അസ്വാസ്ഥ്യം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണ് ശ്രീമതിയും ജയരാജനും ചെയ്തത്. നാട്ടിലെ നിയമം അനുസരിച്ചു ഇവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്.

 

ജയരാജന്റെയും ശ്രീമതിയുടെയും വാക്കുകൾ കേട്ട് അന്ന് രാത്രി തന്നെ സംസ്ഥാനത്തുടനീളം സിപിഎം പ്രവർത്തകർ പ്രകടനം നടത്തുകയും പലേടത്തും കോൺഗ്രസ് ഓഫിസുകൾക്കു നേരെ കല്ലും വടിയും എറിഞ്ഞു  നാശനഷ്ടം വരുത്തുകയും ചെയ്തു. ചെയ്‌തു പോയ മണ്ടത്തരം അവർ പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ഉത്തരവാദിത്ത ബോധമില്ലാത്ത നേതാക്കൾ ഒരു പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ കയറിക്കൂടുന്നതിന്റെ ദുര്യോഗമാണിത്. പാർട്ടിയും പാർട്ടി പ്രവർത്തകരുമാണ് അവർ കാരണം പൊതുജനമധ്യത്തിൽ പരിഹാസ്യരാകുന്നത്. 

 

സമൂഹ മാധ്യമങ്ങൾക്കും ട്രോളന്മാർക്കും ശ്രീമതിയും ജയരാജനും ഇഷ്ട വിഭവമായി മാറുന്നത് അവർ ഭൂഷണമായി കാണുന്നുണ്ടോ എന്നറിയില്ല. ശ്രീമതിയെ തൊലിയുരിക്കുന്ന വിഡിയോകൾ യൂട്യൂബിൽ സുലഭമാണ്. വായിച്ചു കൊണ്ടിരിക്കുമ്പോൾ അവർ കിടുങ്ങുന്നതു കൊച്ചു കുട്ടികൾ പോലും അനുകരിച്ചു യൂട്യൂബിൽ ഇടുന്നു. എ കെ ജി സെന്റർ ബോംബ് ആക്രമണത്തിന് തൊട്ടു മുൻപാണ് ഇൻഡിഗോ വിമാനത്തിൽ ജയരാജന്റെ കായിക പ്രകടനം നടന്നത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച രണ്ടു യുവാക്കളെ ജയരാജൻ വിമാനത്തിനുള്ളിൽ തള്ളിയിട്ടു . ഇൻഡിഗോ വിമാനത്തിൽ ഏറ്റവുമധികം യാത്ര ചെയ്തയാൾ താനാണെന്ന് വീമ്പു പറഞ്ഞ ജയരാജന് ആകാശ യാത്രയിലെ നിയമങ്ങളും മര്യാദകളും ഒട്ടും വശമില്ലേ ? ഈ മര്യാദ പാലിക്കാതിരുന്നതിനാണ് രണ്ടു യുവാക്കൾക്ക് രണ്ടാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ജയരാജന് മൂന്നാഴ്ച വിലക്ക് കിട്ടിയത്. അതിന്റെ അർഥം പ്രതിഷേധവുമായി വന്ന യുവാക്കൾ ചെയ്തതിനേക്കാൾ വലിയ തെറ്റാണു ജയരാജൻ ചെയ്തതെന്നാണ്. ഇത് തിരിച്ചറിയാതെ ഇൻഡിഗോ ബഹിഷ്കരണം പ്രഖ്യാപിക്കുകയാണ് ജയരാജൻ ചെയ്തത്. പൊതുസമൂഹം തങ്ങളുടെ ചെയ്തികളെ എങ്ങിനെയാണ് വിലയിരുത്തുന്നതെന്നു ശ്രീമതിയും ജയരാജനും വല്ലപ്പോഴെങ്കിലും  ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. സ്വയം പരിഹാസ്യരാകുക മാത്രമല്ല, പാർട്ടിയെ കൂടി നാണം കെടുത്തുകയാണ് തങ്ങളെന്ന് അപ്പോൾ അവർക്കു ബോധ്യപ്പെടും.  ഇനി വായിക്കുന്നവർ തീരുമാനിക്കുക, കിടുങ്ങാക്ഷിയമ്മ എന്ന വിളിപ്പേരിന് ശ്രീമതി ടീച്ചർ അർഹയാണോ എന്ന് . 

 

  

 

 

 

ReplyForward